കൊച്ചി: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനുള്ള സ്റ്റേ നീക്കണമെന്ന സർക്കാർ ആവശ്യം സെൻട്രൽ അഡ്‌മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) തള്ളി. കാഡർ ചട്ടത്തിന് വിരുദ്ധമായാണ് സ്ഥലംമാറ്റം നടത്തിയതെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് പി. മാധവൻ, കെ.വി. ഈപ്പൻ എന്നിവരടങ്ങുന്ന സി.എ.ടി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. കണ്ണൂർ വനം ചീഫ് കൺസർവേറ്റർ (സി.സി.എഫ്) കെ. വിനോദ് കുമാറിനെ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ പദവിയിൽ കൊല്ലത്തേക്ക് മാറ്റിയതും വനം ചീഫ് കൺസർവേറ്ററായിരുന്ന സഞ്ജയൻ കുമാറിനെ സി.സി.എഫ് (വർക്കിങ് പ്ലാൻ ആൻഡ് റിസർച്ച്) പദവിയിലേക്ക് മാറ്റിനിയമിച്ചതും ചോദ്യംചെയ്ത് ഇരുവരും നൽകിയ ഹരജിയാണ് സി.എ.ടിയുടെ പരിഗണനയിലുള്ളത്. സ്റ്റേ തുടരാൻ ഉത്തരവിട്ട ട്രൈബ്യൂണൽ, ഹരജി വീണ്ടും മേയ് 11ന് പരിഗണിക്കാൻ മാറ്റി.
ദക്ഷിണ മേഖല സി.സി.എഫ് സഞ്ജയൻ കുമാറിനെ വർക്കിങ് പ്ലാൻ ആന്‍റ് റിസർച്ച് സി.സി.എഫായി വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റി മുട്ടിൽ മരംമുറിക്കേസിൽ ആരോപണ വിധേയനായ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജന് ഇരട്ട പ്രൊമോഷൻ നൽകി ഈ പദവിയിൽ നിയമിച്ചെന്നാണ് ഹരജിക്കാരുടെ ആക്ഷേപം. സാജനെതിരെ റിപ്പോർട്ട് നൽകിയ വിനോദ് കുമാറിനെ സാജന്റെ കീഴുദ്യോഗസ്ഥനായി സ്ഥലം മാറ്റിയെന്നും ഹരജിയിൽ പറയുന്നു.
സാജനെ ചീഫ് കൺസർവേറ്റർ പദവിയിൽ നിയമിച്ചിട്ടില്ലെന്നും ചുമതല നൽകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കാട്ടി സർക്കാർ വിശദീകരണ പത്രികയും നൽകി. ഇത്തരം താൽക്കാലിക ക്രമീകരണത്തിന് സിവിൽ സർവിസ് ബോർഡിന്റെ അനുമതിയോ ചട്ടങ്ങളോ ബാധകമല്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയമനത്തിനും സ്ഥലംമാറ്റത്തിനും കൃത്യമായ വ്യവസ്ഥ നിലവിലുണ്ടെന്ന് ട്രൈബ്യൂണൽ പറഞ്ഞു. കാഡർ, എക്സ് കാഡർ തസ്തികകളുടെ കാര്യത്തിലും ഇതുണ്ട്. എക്സ് കാഡർ നിയമനവും കേന്ദ്രാനുമതിയോടെ മാത്രമേ സാധ്യമാകൂ. താൽക്കാലികമെന്ന പേരിൽ ഉയർന്ന തസ്തിക നൽകി ചുമതല കൈമാറിയത് അനിശ്ചിത കാലത്തേക്കാണെന്നും കാണുന്നു. ഒരു പദവിയിൽ രണ്ടുവർഷം തികയുന്നതിനുമുമ്പ് ഉദ്യോഗസ്ഥനെ മാറ്റുന്നത് ഐ.എഫ്.എസ് കാഡർ ചട്ടത്തിന് വിരുദ്ധമാണെന്ന വാദവും സി.എ.ടി പ്രഥമദൃഷ്ട്യാ പരിഗണിച്ചു. തുടർന്നാണ് സ്റ്റേ നീക്കാനാവില്ലെന്ന് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.