കൊച്ചി: സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറി പി. രാജുവിന്റെ മരണം ഔദ്യോഗിക നേതൃത്വത്തിനെതിരെ വിവാദമാക്കിയത് കെ.ഇ. ഇസ്മയിൽ പക്ഷത്തെ 17 നേതാക്കളെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമീഷന്റെ റിപ്പോർട്ട്. ജില്ല എക്സിക്യൂട്ടിവ് അംഗീകരിച്ച റിപ്പോർട്ടിൽ സംസ്ഥാന എക്സിക്യൂട്ടിവിന്റെ അനുമതിയോടെ തുടർനടപടി സ്വീകരിക്കും.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. രാജേഷ്, ടി. രഘുവരൻ, ജില്ല എക്സിക്യൂട്ടിവ് അംഗം രാജേഷ് കാവുങ്കൽ എന്നിവർ അംഗങ്ങളായ കമീഷനാണ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. പാർട്ടി സമ്മേളനം അടുത്ത ഘട്ടത്തിൽ രാജുവിന്റെ മരണം ചിലർ അനാവശ്യ വിവാദമാക്കി പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കൺട്രോൾ കമീഷൻ രാജുവിനെതിരായ നടപടി റദ്ദാക്കിയിരുന്നില്ല. പ്രവർത്തന പാരമ്പര്യം കണക്കിലെടുത്ത് ഇളവ് നൽകാൻ തീരുമാനിക്കുകയാണ് ചെയ്തത്.
എന്നാൽ, രാജുവിനെ കൺട്രോൾ കമീഷൻ കുറ്റമുക്തനാക്കിയിട്ടും ജില്ല നേതൃത്വം അംഗീകരിച്ചില്ലെന്നും ഇതിൽ ഹൃദയവേദനയോടെയാണ് അദ്ദേഹം മരിച്ചതെന്നും ഇസ്മയിൽപക്ഷത്തെ നേതാക്കൾ പ്രചരിപ്പിച്ചെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. മൃതദേഹം ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വെക്കാനും ജില്ല നേതാക്കൾക്ക് വീട്ടിൽ അന്തിമോപചാരം അർപ്പിക്കാനും കുടുംബം അനുമതി നിഷേധിക്കാൻ കാരണം ഇത്തരം പ്രചാരണമാണെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.