പാതയോരങ്ങളിലെ ബോർഡുകൾ: നീക്കംചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കും, തിരുവനന്തപുരത്ത് കഴിഞ്ഞ പത്തു ദിവസത്തിനിടെ നീക്കം ചെയ്തത് 3700 ബോർഡുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പാതയോരങ്ങളിൽ സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച സമയം ബുധനാഴ്ച അവസാനിക്കും. നാളെ സർക്കാർ കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

ഏറ്റവും കൂടുതൽ സമരങ്ങൾ നടക്കുന്നതും ഫ്ലക്‌സ് ബോർഡുകൾ ഉയരുന്നതുമായ തലസ്ഥാനത്തുനിന്ന് കഴിഞ്ഞ 10 ദിവസത്തിനിടെ 3700 ബോർഡുകളാണ് കോർപറേഷൻ നീക്കം ചെയ്തത്. 15 ലക്ഷം രൂപ പിഴയും ചുമത്തി. 24 എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തു. കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലും സമാനമായ രീതിയിൽ നടപടി പുരോഗമിക്കുകയാണ്.

ബോർഡുകൾ അടിയന്തരമായി നീക്കംചെയ്യണമെന്ന് ഹൈകോടതി കഴിഞ്ഞയാഴ്ച നിലപാട് കടുപ്പിച്ചതോടെ, ശനിയാഴ്ച മുതൽ രാത്രിയും പകലും സ്‌ക്വാഡുകൾ രംഗത്തുണ്ട്. നീക്കം ചെയ്യാത്തപക്ഷം ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽ നിന്ന്​ പോസ്റ്ററുകൾ, ബാനറുകൾ, ബോർഡുകൾ, കൊടികൾ ഒന്നിന് 5000 രൂപ നിരക്കിൽ പിഴ ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പ്​ ഉത്തരവും ഇറക്കിയിരുന്നു.

കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറിയും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അറിയിക്കും. ഇതിനിടെ, ബോർഡുകൾ നീക്കംചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരും ബോർഡുകൾ സ്ഥാപിച്ചവരും പലയിടങ്ങളിലും വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നതും പതിവായി. ചില സ്ഥലങ്ങളിൽ ബോർഡുകൾ മാറ്റിയതിന് പിന്നാലെ പുതിയത് വെക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - Removal of roadside billboards: Deadline ends today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.