ജനാധിപത്യത്തിന്റെ അടിസ്ഥാനം സാമൂഹികനീതിയും പ്രതിനിധ്യവുമാകണം. എന്നാല്‍, മുസ്ലിംകള്, ദലിതര്‍, ആദിവാസി ഗോത്രങ്ങള്‍, മറ്റ് ന്യൂനപക്ഷങ്ങൾ, സ്ത്രീകള്‍ എന്നീ വിഭാഗങ്ങൾക്ക് ജനസംഖ്യാ അനുപാതികമായ പ്രാതിനിധ്യം ഒരിക്കലും ഇന്ത്യന്‍ ജനാധിപത്യത്തിലും അതിന്റെ പൊതു തെരഞ്ഞെടുപ്പുകളിലും ലഭിച്ചിട്ടില്ല.
ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള മുസ്ലിം സമുദായത്തിന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ഇന്നുവരെ അര്‍ഹമായ പ്രാതിനിധ്യം ഇല്ല എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
776 എം.പി.മാരില്‍ 39 പേര് മാത്രമാണ് മുസ്ലിംകള്. 26 പേര് ലോക്സഭയിലും 13 പേര് രാജ്യസഭയിലും. 233 അംഗങ്ങളുള്ള രാജ്യസഭയില്‍ 5.58 ശതമാനം മാത്രം; ലോക്സഭയില്‍ 4.79 ഉം. 14.23 ശതമാനമാണ് രാജ്യത്ത് മുസ്ലിംകള്.
‘ആബ്സന്റ് ഇന്‍ പൊളിറ്റിക്സ് ആന്‍ഡ് പവര്‍’ എന്ന കൃതിയില്‍ ഗ്രന്ഥകര്‍ത്താവ് അബ്ദുര്‍ റഹ്മാന് നിരത്തുന്ന മുസ്ലിം പ്രാതിനിധ്യത്തിന്റെ കണക്കുകള്‍ ഇങ്ങനെയാണ്: 1952 മുതല്‍ 17 പൊതുതെരഞ്ഞെടുപ്പിലായി മൊത്തം 8992 എം.പിമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ 520 പേര് മാത്രമായിരുന്നു മുസ്ലിംകള്! വെറും 5.78 ശതമാനം. ജനസംഖ്യാനുപാതികമാണ് മാനദണ്ഡമെങ്കിൽ, 1070 പേർ ലോക്സഭയിലെത്തേണ്ടതായിരുന്നു.
2004 ല്‍ 36 മുസ്ലിം എം.പി.മാരായുണ്ടായിരുന്നു. 2019ല്‍ അത് 26 ആയി. 1952ല്‍ 22 മുസ്ലിംകളാണ് ലോക്സഭയില്‍ എത്തിയത്. അതില്‍ 19 പേര് കോണ്‍ഗ്രസില്‍ നിന്നായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അംജദ് അലിയും ലീഗിന്റെ പ്രതിനിധിയുമായിരുന്നു മറ്റു രണ്ടുപേര്‍.
കേരളത്തില്‍ 1952 മുതല്‍ ഇങ്ങോട്ട് ഇതുവരെ 331 പേരെ ലോക്സഭയിലേക്ക് തെരഞ്ഞെടുത്തു. അതില്‍ മുസ്ലിം സമുദായത്തിൽനിന്ന് ആകെ തിരഞ്ഞെടുക്കപ്പെട്ടത് 40 പേര് മാത്രമാണ്. 68 എം.പി.മാരെങ്കിലും ഉണ്ടാകേണ്ടിയിരുന്നപ്പോഴാണ് ഇത്. കേരളത്തില്‍ 2011 ലെ സെന്‍സസ് പ്രകാരം 26.6 ശതമാനമാണ് മുസ്ലിംകള് എന്നും ഓര്‍ക്കണം.
മദ്രാസ് സംസ്ഥാനത്തിലെ മലപ്പുറത്ത് നിന്ന് മുസ്ലിം ലീഗിന്റെ ബി. പോക്കര് സാഹിബാണ് ‘കേരളദേശ’ത്തില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യം ലോക്സഭയിൽ എത്തിയ -ഏക- മുസ്ലിം പ്രതിനിധി.
1957ല്‍ മഞ്ചേരിയില്‍ നിന്ന് ബി.പോക്കര് സാഹിബ് സ്വതന്ത്രനായി വിജയിച്ചു. കേരളത്തിൽനിന്നുള്ള 18 എം.പിമാരില്‍ അദ്ദേഹം മാത്രമായിരുന്നു ഏക മുസ്ലിം. 1962 ല്‍ 18 പ്രതിനിധികളില്‍ നിന്ന് 3 മുസ്ലിംകൾ തെരെഞ്ഞടുക്കപ്പെട്ടു.
കോഴിക്കോട് നിന്ന് സി.എച്ച്. മുഹമ്മദ് കോയയും മഞ്ചേരിയില്‍നിന്ന് മുഹമ്മദ് ഇസ്മായില്‍ സാഹിബും പൊന്നാനിയില്‍ നിന്ന് കമ്യൂണിസ്റ്റ് പ്രതിനിധിയായി ഇമ്പിച്ചിബാവയുമായിരുന്നു അത്. 1967,1971 ലും രണ്ടുപേര്‍^കോഴിക്കോട് നിന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ടും മഞ്ചേരിയില്‍ നിന്ന് എം.എം. ഇസ്മായിലും (രണ്ടുപേരും മുസ്ലിംലീഗ്).1977 ല്‍ നാല് പേര്. കോഴിക്കോട് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വി.കെ. സെയ്ദ് മുഹമ്മദും മഞ്ചേരിയില്‍ നിന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ടും പൊന്നാനിയില്‍ നിന്ന് ജി.എം. ബനാത്ത് വാലയും പാലക്കാട് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എ. സുന്ന സാഹിബുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
1980 ലും നാല് പേര്. കോഴിക്കോട് നിന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായി ഇ.കെ. ഇമ്പിച്ചി ബാവ, മഞ്ചേരിയില്‍ നിന്ന് ഇബ്രാഹിംസുലൈമാന്‍ സേട്ട്, പൊന്നാനിയില്‍ നിന്ന് ബനാത്ത് വാല, ചിറയന്‍കീഴില്‍ നിന്ന് എ.എ.റഹീം എന്നിവരായിരുന്നു അത്. 1984, 1989 ല്‍ 3പേർ വീതം.
1991, 1996, 1998 വർഷങ്ങളിൽ രണ്ടുപേർ മാത്രം., 1999 ല്‍ കണ്ണൂരില്‍ നിന്നുള്ള എ.പി. അബ്ദുള്ളകുട്ടിയടക്കം മൂന്നുപേർ., 2004 ല്‍ മഞ്ചേരിയില്‍നിന്ന് എൽ.ഡി.എഫിലെ ടി.കെ. ഹംസയടക്കം രണ്ട്, 2009, 2014 ല്‍ വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസ് അടക്കം മൂന്ന് എന്നിങ്ങനെയായിരുന്നു മുസ്ലിം സമുദായങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍.
2019ല്‍ മുസ്ലിംകൾക്ക് നിർണായക സ്വാധീനമുള്ള, രണ്ട് തവണ മുസ്ലിം അംഗം തെരഞ്ഞെടുക്കപ്പെട്ട വയനാട് സീറ്റ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിക്കായി നൽകി. എങ്കിലും ആലപ്പുഴയില്‍ എ.എം. ആരിഫ് അടക്കം മൂന്ന് പേര് മുസ്ലിംകൾ എം.പിമാരായി. അഞ്ച് സീറ്റുകള്‍ എങ്കിലും മുസ്ലിം പ്രതിനിധികള്‍ക്ക് ലഭിക്കേണ്ടിയുരുന്നപ്പോഴാണ് ഇത്. ഇക്കുറിയും ഇതിന് മാറ്റമുണ്ടാകാൻ സാധ്യത കാണുന്നില്ല.
(ദലിത്, സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് അടുത്ത ദിവസം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.