മൂന്നു ദിവസം കൂടി അതീവ ജാഗ്രത പുലർത്തണം, ശബരിമല തീർഥാടനത്തിന് നിയന്ത്രണം; പമ്പാ സ്നാനം അനുവദിക്കില്ല

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ വിളിച്ചുചേർത്ത ജില്ലാ കലക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ക്യാമ്പുകളിൽ പരാതികൾ ഇല്ലാതെ ശ്രദ്ധിക്കണം. ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളുടെ ശുചിത്വം ഉറപ്പാക്കണം. ഭക്ഷണലഭ്യത, രോഗപരിശോധനാ സംവിധാനം എന്നിവ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശബരിമല നട തുറക്കുമ്പോൾ കൂടുതൽ തീർഥാടകർ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയിൽ പ്രയാസം സൃഷ്ടിക്കും. മഴ ശക്തമായതിനാൽ നദിയിൽ കലക്കവെള്ളമാണുള്ളത്. കുടിവെള്ളത്തിന്‍റെയും കുളിക്കാനുള്ള വെള്ളത്തിന്‍റെയും ലഭ്യതയിൽ കുറവുവരും. അതിനാൽ അടുത്ത മൂന്നു നാല് ദിവസങ്ങളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാസ്നാനം അനുവദിക്കില്ല. മറ്റ് കുളിക്കടവുകളിലും ഇറങ്ങരുത്. സ്പോട്ട് ബുക്കിങ് നിർത്തും. ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകുന്ന കാര്യം പരിഗണിക്കണം. മഴക്കെടുതി പ്രയാസം ഉള്ള ജില്ലകളിൽ സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യം ജില്ലാ കലക്ടർമാർക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം, ഇടുക്കി തൃശൂർ ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കക്കി, ഇടുക്കി ഡാമുകൾ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകൾ നിലവിൽ സംസ്ഥാനത്തുണ്ട്. നാല് ടീമുകൾ നാളെ രാവിലെയോടെ എത്തും. ഡിഫൻസ് സെക്യൂരിറ്റി കോർപ്സിന്റെ രണ്ട് ടീമുകൾ ആവശ്യമെങ്കിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്ക് തയ്യാറാണ്. പത്താം തീയതിക്ക് ശേഷം ഏഴ് മണ്ണിടിച്ചിലുകളാണുണ്ടായത്. ആളപായം ഉണ്ടായിട്ടില്ല. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കണം. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ പോലീസും ഫയർ ഫോഴ്സും സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്‍റേതാണ് തീരുമാനം. വൈകീട്ട് 3.30ന് ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർമാർ പങ്കെടുത്തു. ഓരോ ജില്ലകളിലെയും സാഹചര്യങ്ങൾ യോഗം വിലയിരുത്തി. മന്ത്രിമാരായ എം.വി ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ എന്നിവരും ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പൊലീസ്, ഫയർഫോഴ്സ് മേധാവികളും, വിവിധ സേനകളുടെ പ്രതിനിധികളും യോഗത്തിൽ സംസാരിച്ചു.

Tags:    
News Summary - Restriction on Sabarimala pilgrimage; Pampa baptism is not allowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.