തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യന്റെ അസ്വാഭാവിക മരണത്തിൽ നിർണായകമായ ആന്തരികാവയവങ്ങളുടെ പരിശോധനഫലം അടുത്തയാഴ്ച കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ലഭിക്കും. ഫലം വേഗത്തിൽ ലഭിക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ കേസന്വേഷണത്തിന്റെ ഭാഗമായുള്ള മൊഴിയെടുപ്പും തുടരുകയാണ്. മരണം നടന്ന സമയത്ത് നയനക്കൊപ്പം താമസിച്ചിരുന്ന അധ്യാപികയുടെ മൊഴിയും രേഖപ്പെടുത്തി.
നയന സൂര്യേന്റത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ ഇപ്പോഴും അന്വേഷണസംഘത്തിന് വ്യക്തത വന്നിട്ടില്ല. ആത്മഹത്യ സാധ്യത തള്ളാതെയാണ് ഫോറൻസിക് സർജന്റെ മൊഴി. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണം. മൃതദേഹത്തിന് സമീപം കണ്ടെത്തിയ പുതപ്പുകൊണ്ടും കഴുത്തിലുണ്ടായ പരിക്കുണ്ടാകാമെന്ന നിഗമനമാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികല അന്വേഷണസംഘത്തോട് പറഞ്ഞത്. മൽപിടുത്തമുണ്ടായ പാടുകൾ ശരീരത്തിലുണ്ടായിരുന്നില്ല. പക്ഷേ, മരണകാരണം സ്ഥിരീകരിക്കണമെങ്കിൽ ആന്തരികാവയവങ്ങളുടെ പരിശോധനഫലം ലഭിക്കണം.
2019 ഫെബ്രുവരി 23ന് രാത്രിയിലാണ് നയനയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. അടുത്തദിവസം പോസ്റ്റ്മോർട്ടം നടത്തി ആന്തരികാവയവങ്ങള്‍ ലാബിൽ നൽകിയെങ്കിലും ഫലം വാങ്ങാതെയാണ് ലോക്കൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.
എന്നാൽ ഇപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചതോടെ എത്രയുംവേഗം ഫലം ലഭിക്കാനായി ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനൻ അനലറ്റിക് ലാബ് ഡയറക്ടർക്ക് കത്തും നൽകുകയായിരുന്നു. ഫലം അടുത്തയാഴ്ച കൈമാറുമെന്ന് ക്രൈം ബ്രാഞ്ചിന് മറുപടി ലഭിച്ചിട്ടുണ്ട്. ഈ പരിശോധനഫലം അന്തിമ കണ്ടെത്തലിന് നിർണായകമാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.