ചെറുതോണി: സാധാരണക്കാർക്ക് കുറഞ്ഞ തുകക്ക് ഊണു നൽകുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ജനകീയ ഹോട്ടലുകൾക്ക് മരണമണി മുഴങ്ങുന്നു. സ്ത്രീകൾക്ക് തൊഴിലും വരുമാനവും എന്ന ലക്ഷ്യത്തോടെ കുടുംബശ്രീകൾക്കായി നൽകുകയായിരുന്നു ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ്.
ആദ്യം സബ്സിഡി നിർത്തലാക്കി. പിന്നാലെ അരിയും. ഇതോടെ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണിപ്പോൾ. സബ്സിഡി ഇനത്തിൽ സർക്കാറിൽനിന്ന് ലക്ഷങ്ങളാണ് കുടുംബശ്രീകൾക്ക് കിട്ടാനുള്ളത്. കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി വിലയിൽ നൽകിയിരുന്ന അരി നിർത്തലാക്കുകയായിരുന്നു സർക്കാർ.
ഊണിനു സർക്കാർ നൽകിയിരുന്ന 10 രൂപ സബ്സിഡിയാണ് നിർത്തലാക്കിയത്. അരിവില ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാനാകാതെ പൂട്ടേണ്ട ഗതിയിലാണ് കഞ്ഞിക്കുഴി, വാത്തിക്കുടി, കാമാക്ഷി തുടങ്ങി മിക്ക പഞ്ചായത്തിലെയും കുടുംബശ്രീ ജനകീയ ഹോട്ടലുകൾ. കിലോക്ക് 40 രൂപക്ക് മുകളിലായി ഇപ്പോഴത്തെ അരി വില. ഇതു വാങ്ങി വേണം 35 രൂപക്ക് ഊണ് നൽകാൻ. പണമടച്ചു അരിവാങ്ങാൻ എത്തിയപ്പോഴാണ് സബ്സിഡി അരി നിർത്തലാക്കിയെന്ന് മിക്കവരും അറിയുന്നത്.
കഴിഞ്ഞ വർഷം നിർത്തലാക്കിയ ഊണിന്റെ സബ്സിഡി ഇനത്തിലും ലക്ഷങ്ങളാണ് കിട്ടാനുള്ളത്. ഇതോടെ കടത്തിന് മുകളിൽ കടത്തിലാണിവർ. പച്ചക്കറിക്കും പലചരക്കിനും മീനിനും എല്ലാം വില കുതിക്കുകയാണ്. ഈ അവസ്ഥയിൽ ജനകീയ ഹോട്ടൽ നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതിയാണെന്ന് കുടുംബശ്രീ വനിതകൾ പറയുന്നു.
അരിയുടെ പ്രതിസന്ധി അറിയിച്ചപ്പോൾ ഊണിനു വിലകൂട്ടാനാണ് സർക്കാർ നിർദേശം നൽകിയത്. സാധാരണക്കാരന് ഇത് താങ്ങാനാവില്ലെന്ന് ജനകീയ ഹോട്ടൽ ജീവനക്കാർ പറയുന്നു. സർക്കാർ കൊട്ടിഗ്ഘോഷിച്ചള ആരംഭിച്ച ജനകീയ ഹോട്ടലുകൾ നിരവധി കുടുംബശ്രീ വനിതകളെ കടക്കെണിയിലാക്കി അവസാനത്തെ ഷട്ടറിനും പൂട്ടുവീണു കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.