തിരുവനന്തപുരം: കെ.പി.സി.സി നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരായ വിമർശനം ചോർത്തി നൽകിയവർക്കെതിരെ ഹൈകമാൻഡ് നടപടിക്ക്. മാധ്യമങ്ങൾക്ക് വാർത്ത നൽകിയവരെ കണ്ടെത്തി പേരുവിവരം ഉടൻ നൽകണമെന്ന് ഐ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെ.പി.സി.സിക്ക് നിർദേശം നൽകി. കെ.പി.സി.സി അച്ചടക്ക സമിതിയുടെ ചുമതല വഹിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാകും വാർത്ത ചോർച്ച അന്വേഷിക്കുക. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് നടപടിയുണ്ടാകുമെന്നാണ് ഹൈകമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന.
തന്റെ പരാതിയിൽ നടപടിയില്ലാതെ മിഷൻ 2025 ചുമതല ഏറ്റെടുക്കില്ലെന്ന് വി.ഡി. സതീശൻ നിലപാട് കടുപ്പിച്ച പശ്ചാത്തലത്തിലാണ് ഹൈകമാൻഡ് നീക്കം. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതെ ചേർന്ന കെ.പി.സി.സി നേതൃയോഗത്തിൽ അദ്ദേഹത്തിനെതിരെ വിമർശനമുയരുമെന്ന മുൻകൂർ വിവരം മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. അവിടെ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങൾ യോഗം അവസാനിക്കുന്നതിനു മുമ്പ് തന്നെ പുറത്തെത്തുകയും ചെയ്തു. ഇത് തനിക്കെതിരായ ആസൂത്രിത നീക്കമെന്നാണ് വി.ഡി. സതീശന്റെ പരാതി. സ്ക്രീൻ ഷോട്ട് തെളിവ് സഹിതം വി.ഡി. സതീശൻ ഉന്നയിച്ച പരാതിയിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ചില ഭാരവാഹികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവർ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി അടുപ്പമുള്ളവരാണ്. ഹൈകമാൻഡ് നിർദേശ പ്രകാരം മിഷൻ 2025ന്റെ കൺവീനർ എന്ന നിലയിൽ വി.ഡി. സതീശൻ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതോടെ വി.ഡി. സതീശൻ പാർട്ടിയിൽ പിടിമുറുക്കുന്ന സാഹചര്യമുണ്ടാകും. അതു ചെറുക്കാനുള്ള നീക്കങ്ങൾ കെ.പി.സി.സി പ്രസിഡന്റിൽനിന്നുണ്ടായാൽ സതീശൻ - സുധാകരൻ പോര് പുതിയ തലത്തിലേക്ക് മാറാനുള്ള സാഹചര്യവുമുണ്ട്.
അതേസമയം, തമ്മിലടിയും അച്ചടക്ക ലംഘനവും അനുവദിക്കില്ലെന്ന സന്ദേശം നൽകാനാണ് ഹൈകമാൻഡ് ആഗ്രഹിക്കുന്നത്. വാർത്ത ചോർച്ചക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് അതിന്റെ ഭാഗമാണ്. വയനാട്ടിൽ ചേർന്ന കെ.പി.സി.സി എക്സിക്യുട്ടിവ് ക്യാമ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തിന് ‘മിഷൻ 2025’ പദ്ധതി തയാറാക്കി കൺവീനറായി സതീശനെ നിശ്ചയിച്ചത്. കൺവീനർ എന്നനിലയിൽ സതീശൻ സർക്കുലർ അയച്ചത് പാർട്ടി പ്രസിഡന്റിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നായിരുന്നു കെ.പി.സി.സി നേതൃയോഗത്തിലുയർന്ന വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.