തിരുവനന്തപുരം: 12 വർഷം മുമ്പ് സംസ്ഥാന നിയമസഭ പാസാക്കിയ സേവനാവകാശ നിയമത്തിൽ ആദ്യ ശിക്ഷ ഡിവൈ.എസ്.പിക്ക്. കണ്ണൂർ റൂറലിൽ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പ്രേംജിതിനാണ് 1000 രൂപ പിഴ ശിക്ഷ ലഭിച്ചത്. ഒരു എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ മലപ്പുറം അങ്ങാടിപ്പുറം സ്വദേശി അനിൽ ചന്ദ്രത്തിൽ നൽകിയ അപേക്ഷക്ക് രസീത് നൽകിയില്ല എന്ന പരാതിയിലാണ് ശിക്ഷ.
സേവനാവകാശ നിയമം രണ്ടാം അപ്പീൽ അധികാരിയായ മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരന്റേതാണ് ഉത്തരവ്. പരാതി കാലയളവിൽ പെരിന്തൽമണ്ണ എസ്.എച്ച്.ഒ ആയിരുന്നു പ്രേംജിത്. പരാതിക്ക് രസീത് നൽകാത്തതിനെതിരെ പെരിന്തൽമണ്ണ ഡിവൈ.എസ്.പി.ക്ക് ആദ്യം അപ്പീൽ നൽകിയിരുന്നു.
ഇതു പരിഗണിക്കാത്തതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവിക്ക് നൽകിയ രണ്ടാം അപ്പീലിലാണ് നടപടി. സേവനാവകാശ നിയമം എട്ടാം വകുപ്പു പ്രകാരം 1000 രൂപ പിഴ ട്രഷറിയിൽ അടച്ച് ചലാൻ എസ്.പി ഒഫിസിൽ ഹാജരാക്കാനാണ് ഉത്തരവ്. 5000 രൂപ വരെ പിഴ വിധിക്കാവുന്ന കുറ്റമായിട്ടും അത് ഉണ്ടായില്ല, പെരിന്തൽമണ്ണ ഡിവൈ.എസ്.പി ഒന്നാം അപ്പീൽ പരിഗണിച്ചില്ല തുടങ്ങിയ വിഷയങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനാണ് പരാതിക്കാരന്റെ നീക്കം. പൊലീസ് സ്റ്റേഷനിൽ നൽകുന്ന എല്ലാ പരാതികൾക്കും അപേക്ഷകൾക്കും രസീത് നൽകണമെന്ന് ഡി.ജി.പിയുടെയും പൊതുഭരണ വകുപ്പിന്റെയും ഉത്തരവുണ്ട്.
വിവരാവകാശ നിയമത്തിന്റെ മാതൃകയിൽ സേവനം പൗരന്റെ അവകാശമാക്കുന്ന ഇന്ത്യയിലെ നിയമമാണ് സേവനാവകാശ നിയമം. സംസ്ഥാനത്തെ 123 ഓളം സർക്കാർ വകുപ്പുകൾ നൽകുന്ന എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് ഈ നിയമം പ്രഖ്യാപിക്കുന്നു. സേവനങ്ങൾക്കായി സാധാരണക്കാർ സർക്കാർ ഒഫിസുകളിൽ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥക്ക് പരിഹാരം എന്നനിലയിൽ 2012 കേരളപ്പിറവി ദിനത്തിലാണ് സംസ്ഥാന നിയമസഭ ഇത് പാസാക്കിയത്. നിയമപ്രകാരം സമയബന്ധിതമായി സർക്കാർ സേവനങ്ങൾ നൽകാത്തവർ പിഴ അടക്കമുള്ള ശിക്ഷ ഏറ്റുവാങ്ങണമെന്ന് നിയമം അനുശാസിക്കുന്നു.
നിശ്ചിത സമയപരിധിക്കുള്ളിൽ പൊതുജനങ്ങൾക്ക് സേവനം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ജനന, വരുമാന സർട്ടിഫിക്കറ്റുകൾ മുതൽ പെൻഷൻ വരെ ഓരോ സേവനത്തിനും സമയപരിധി നിശ്ചയിക്കുന്നു. നിയമം നടപ്പാക്കാൻ ഒരു നിയുക്ത ഉദ്യോഗസ്ഥനും രണ്ട് അപ്പലേറ്റ് അതോറിറ്റിയുമുണ്ടാവും. പൗരന്മാർക്കു സേവനം നൽകുന്നതിനാണ് ഇവ പ്രഥമ പരിഗണന നൽകുന്നത്. നിയമം ലംഘിക്കുന്നവർക്ക് 500 മുതൽ 5000 രൂപ വരെ പിഴശിക്ഷ നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.