റിസ്‌വാനയുടെ ദുരൂഹ മരണം; ഭർത്താവിനെയും ഭർതൃപിതാവിനെയും അറസ്റ്റു ചെയ്തു

കോഴിക്കോട്: വടകര അഴിയൂർ സ്വദേശി റിസ്‍വാനയുടെ മരണത്തില്‍ ഭർത്താവ് ഷംനാസിനെയും ഭർതൃപിതാവിനെയും അറസ്റ്റ് ചെയ്തു. ജില്ല ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് ഷംനാസ്, പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രതി ചേര്‍ത്ത് ജില്ല ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

അഴിയൂർ ചുങ്കം ബൈത്തുൽ റിസ്വാനയിൽ റഫീഖിന്റെ മകൾ റിസ്വാനയാണ് (22) മേയ് ഒന്നിനാണ് ഭർത്താവ് ചോറോട് കൈനാട്ടി മുട്ടുങ്ങൽ തൈക്കണ്ടി ഷംനാസിന്‍റെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മുറിയിൽ തൂങ്ങിമരിച്ചെന്ന നിലയിൽ ഭർതൃബന്ധുക്കൾ റിസ്വാനയുടെ മൃതദേഹം വടകര സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് റിസ്വാനയുടെ പിതാവും ബന്ധുക്കളും ആശുപത്രിയിൽ എത്തിയത്. ശരീരമാകെ പാടുകളും മൂക്കിൽനിന്ന് രക്തസ്രാവം വരുന്നനിലയിലുമാണ് മൃതദേഹം ഉണ്ടായിരുന്നത്.

റിസ്വാന നിരന്തരം ഭർതൃവീട്ടിൽ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയായതായി പിതാവ് നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പരാതിയെ തുടർന്ന് കേസിന്‍റെ അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. 

ഭര്‍ത്യവീട്ടിലെ അലമാരയില്‍ തൂങ്ങി മരിച്ചെന്നായിരുന്നു വീട്ടുകാര്‍ റിസ്‍വാനയുടെ വീട്ടുക്കാരെയും പൊലീസിനെയും അറിയിച്ചിരുന്നത്. തൂങ്ങി മരിച്ചിരുന്ന ദൃശ്യങ്ങള്‍ മറ്റാരും കണ്ടിരുന്നില്ല. സംഭവം നടന്നതിന് ശേഷം റിസ്‍വാനയെ ആശുപത്രിയിലെത്തിച്ചെങ്കിലും റിസ്‍വാനയുടെ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് റിസ്‍വാനയുടെ കുടുംബത്തിന്‍റെ ആരോപണം.

ദുരൂഹത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിസ്‍വാനയുടെ കുടുംബം ജില്ല പൊലീസ് മേധാവിക്കും, മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിരുന്നു. ജില്ല ക്രൈം ബ്രാഞ്ച് റിസ്‍വാന ഭര്‍തൃവീട്ടില്‍ പീഡനത്തിനിരയായതായി കണ്ടെത്തുകയായിരുന്നു. റിസ്‍വാന സുഹൃത്തുക്കള്‍ക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായിരുന്നു. വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും എന്നാലും നന്നായി പോകുമെന്നും റിസ്‍വാന വാട്ട്സ് ആപ്പ് സന്ദേശത്തില്‍ സുഹൃത്തിനോട് പറയുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ക്രൈം ബ്രാഞ്ച് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Tags:    
News Summary - Rizwana's mysterious death; husband and father-in-law were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.