തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും (ഡി.എല്‍-ആർ.സി) സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുന്നതുള്‍പ്പെടെ ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ പൊതുസേവനങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതിനെ വിമര്‍ശിച്ച് പ്രമുഖ റോഡ് സുരക്ഷാ വിദഗ്ധന്‍ ഡോ. കമാല്‍ സോയി. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ എത്രയും വേഗം പരിഹരിക്കണമെന്ന് ദേശീയ റോഡ് സുരക്ഷാ കൗണ്‍സില്‍ അംഗം ഡോ. കമാല്‍ സോയി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സ്മാര്‍ട്ട് ലൈസന്‍സ് നടപ്പാക്കുന്നുവെന്ന പേരില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണോ സര്‍ക്കാര്‍ എന്നും അദ്ദേഹം ചോദിച്ചു. സാക്ഷരതയില്‍ മുന്നിലായിട്ടും ആധുനിക സംസ്ഥാനമായിട്ടും ഇത്തരം സേവനങ്ങള്‍ നടപ്പാക്കുന്നതില്‍ പിന്നില്‍ നില്ക്കുന്നതു കേരളമായിരിക്കാം. രാജ്യത്തുടനീളം ഇത്തരം സേവനങ്ങള്‍ നടപ്പാക്കി ഏകദേശം രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും, കേരളം ഇപ്പോഴും കടലാസുകളെ ആശ്രയിക്കുകയും സ്മാര്‍ട്ട് കാര്‍ഡ് പോലുള്ള ആധുനിക സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ പൗരന്മാര്ക്ക് നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ നടപടികളിലൂടെ കോടതി നടപടി ക്ഷണിച്ചുവരുത്തിയ ഗതാഗത വകുപ്പാണ് ഈ സേവനം വൈകാൻ ഇടയാക്കിയത്. സ്മാര്‍ട്ട് കാര്‍ഡ് ഡി.എല്‍-ആര്.സി സേവനങ്ങള്‍ സംസ്ഥാനത്ത് കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും മുന്‍കാലങ്ങളിലെപ്പോലെ പദ്ധതി വീണ്ടും നിയമപരമായ തര്‍ക്കങ്ങളില്‍ വീഴുന്നില്ലെന്നും ഗതാഗത വകുപ്പ് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.