പത്തനംതിട്ട: അനധികൃത അന്തർസംസ്ഥാന സർവിസ് നടത്തിയെന്ന് ആരോപിച്ച് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഒരുമാസത്തെ ഇടവേളക്കുശേഷം കോടതി നിർദേശപ്രകാരം ഉടമക്ക് വിട്ടുകൊടുത്തു. മോട്ടോർ വാഹനവകുപ്പ് ചുമത്തിയ 82,000 രൂപ ഉടമ അടച്ചതിനെത്തുടർന്ന് ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.
തുടർന്ന് ഉടമ പാലാ സ്വദേശി ബേബി ഗിരീഷ് പൊലീസിനെ സമീപിച്ചെങ്കിലും വിട്ടുകൊടുത്തിരുന്നില്ല. നടപടികൾ പൂർത്തിയാക്കി ഞായറാഴ്ചയാണ് കൈമാറിയത്.
അതേസമയം, പത്തനംതിട്ട എ.ആർ ക്യാമ്പിൽ നിർത്തിയിട്ട ബസിലെ വിലപിടിപ്പുള്ള പല സാധനങ്ങളും മോഷണംപോയതായി ഉടമ ആരോപിച്ചു. നവംബർ 24ന് പുലർച്ചയാണ് ബസ് പിടിച്ചെടുത്തത്. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവിസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടിവരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച മുതൽ പത്തനംതിട്ട- കോയമ്പത്തൂർ സർവിസ് പുനരാരംഭിക്കുമെന്ന് ഗിരീഷ് പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന് ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പൊലീസ് സുരക്ഷ നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഹൈകോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കുംവിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബസ് പിടിച്ചെടുത്തത്. നിയമലംഘനങ്ങളുടെ പേരിൽ പലപ്രാവശ്യമായി കനത്ത പിഴയും ചുമത്തിയിരുന്നു.
നിരന്തരം നിയമലംഘനങ്ങൾ നടത്തിയെന്നുകാട്ടി നേരത്തേ ഗതാഗത വകുപ്പ് ബസിന്റെ പെർമിറ്റ് റദ്ദാക്കിയിരുന്നു. സർക്കാർ നടപടിക്കെതിരെ ബസ് ഉടമകളുടെ ഹരജിയിൽ ഹൈകോടതി പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചിരുന്നു.
അതേസമയം, റോബിൻ ബസ് ഉടമകളുടെ ഹരജിയിൽ ഹൈകോടതിയിൽ കേസ് നടപടികൾ തുടങ്ങുകയാണ്. ജനുവരി അഞ്ചിന് വീണ്ടും പരിഗണിക്കും. 2023ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോഴിക്കോട് സ്വദേശിയായ കിഷോറിന്റെ പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.