പാലാ: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ ‘റോബിൻ’ ബസുടമ ഈരാറ്റുപേട്ട ഇടമറുക് പാറയിൽ ബേബി ഗിരീഷിന് ജാമ്യം. ഞായറാഴ്ച ഉച്ചക്ക് 1.30ഓടെ ഈരാറ്റുപേട്ട ഇടമറുകിലെ വീട്ടിലെത്തി പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. 2012ൽ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത വണ്ടിച്ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
ലോറി വാങ്ങാൻ സ്വകാര്യ ബാങ്ക് നൽകിയ വായ്പയിൽ ഗിരീഷ് സമർപ്പിച്ച ചെക്ക് മടങ്ങിയതിനുള്ള കേസാണിത്. കേസിൽ എറണാകുളം മൂന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
ചെക്ക് കേസിൽ കോടതിയിലുള്ള ലോങ് പെന്‍ഡിങ് വാറന്‍റിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വാറന്റിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് അറസ്റ്റെന്നും പാലാ പൊലീസ് പറഞ്ഞു. കോടതി പാലാ പൊലീസിന് വാറന്‍റ് അയച്ചുനൽകിയ സാഹചര്യത്തിലാണ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നും മറ്റു സംഭവങ്ങളുമായി ബന്ധമൊന്നുമില്ലെന്നും ഇവർ വിശദീകരിക്കുന്നു.
അതേസമയം, 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് ഗിരീഷിനെ ഒതുക്കാനുള്ള നീക്കമാണെന്നും വാറന്റ് നടപ്പാക്കാന്‍ ഞായറാഴ്ച ദിവസംതന്നെ പൊലീസ് തിരഞ്ഞെടുത്തത് ദുരൂഹമാണെന്നും ഗിരീഷിന്റെ ഭാര്യ ആരോപിച്ചു. വൈദ്യപരിശോധനക്കുശേഷം പാലാ പൊലീസ് വൈകീട്ട് ഗിരീഷിനെ തൃപ്പൂണിത്തുറയിൽ മജിസ്ട്രേറ്റിന്‍റെ വീട്ടിൽ ഹാജരാക്കി. തുടർന്ന് കോടതി ഗിരീഷിന് ജാമ്യം അനുവദിച്ചു.
ഇത്തരം ഒരു കേസിനെക്കുറിച്ച് അറിയില്ലെന്നും വാറന്റോ സമൻസോ ലഭിച്ചിട്ടില്ലെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഗിരീഷ് പ്രതികരിച്ചു. ‘‘2012ലെ ഒരു എൽ.പി വാറന്റ് ഉണ്ടെന്നാണ് പറഞ്ഞത്. ഞാൻ ആറുകൊല്ലം കട്ടിലിൽ തന്നെ കിടക്കുന്ന കാലഘട്ടമായിരുന്നു അത്. അതിനുശേഷം ഞാൻ ഈ നാട്ടിൽ തന്നെ ഉണ്ടായിരുന്നു, എങ്ങും പോയിട്ടില്ല. ദിവസവും വീട്ടിലും പോകുമായിരുന്നു. ഇത്രയും കാലം ഞാൻ ചെയ്ത പ്രവൃത്തി എവിടെയോ ചെന്ന് കൊള്ളുന്നുണ്ടെന്ന് ഇപ്പോൾ മനസ്സിലായല്ലോ. എല്ലാ രേഖകളും കൃത്യമാക്കി ഒരു വാഹനം റോഡിലേക്ക് ഇറക്കിയപ്പോൾ എനിക്ക് കിട്ടിയ അനുഭവം ഇതാണ്. യാതൊരു രേഖയും ഇല്ലാതെ വാഹനം കാസർകോട്ടുനിന്ന് ഇങ്ങോട്ട് പോന്നിട്ടുണ്ട്’’ -ഗിരീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.