പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പുമായി ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് നിരന്തരം വിവാദത്തിലായ റോബിൻ ബസ് കെ.എസ്.ആർ.ടി.സിയെ വെട്ടാൻ പുതിയ നീക്കവുമായി രംഗത്ത്. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സിക്ക് മുന്നിലോടാൻ സമയം മാറ്റാനാണ് തീരുമാനം.
പുലർച്ചെ 4.30 നാണ് കെ.എസ്.ആർ.ടി.സി പത്തനംതിട്ടയിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. എന്നാൽ അടുത്ത മാസം ഒന്നുമുതൽ റോബിൻ ബസ് നാല് മണിക്ക് പുറപ്പെടാനാണ് നീക്കം. മാത്രമല്ല, സർവീസ് അടൂരിലേക്ക് കൂടി നീട്ടിയേക്കും. പുലർച്ചെ 3.30 ന് അടൂരിൽ നിന്ന് പുറപ്പെടുന്ന ബസ് പത്തനംതിട്ട തൃശൂർ പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിലെത്തും. വൈകിട്ട് ആറിന് അവിടെ നിന്നും തിരിച്ച് പുലർച്ചെ ഒരുമണിയോടെ അടൂരിലെത്തും.
ഓൾ ഇന്ത്യ പെർമിറ്റെടുത്ത് സ്റ്റേജ് കാരിയേജായി സർവീസ് നടത്തിയതിനാണ് റോബിൻ ബസ് നിരന്തരം പിഴയടക്കേണ്ടിവന്നതും നിയമകുരുക്കിലായതും. റോബിനെ വെട്ടാൻ രണ്ടുമാസം മുൻപാണ് കെ.എസ്.ആർ.ടി.സി പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ എ.സി.ബസ് ഇറക്കിയത്. ബസ് വൻ വിജയമായതോടെ തുടർന്ന് രണ്ട് ബസുകൾ കൂടി നിരത്തിലിറക്കി. മൂന്ന് സർവീസിനും നല്ല കളക്ഷനുണ്ട്. കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ ബസ് വൈകുന്നേരം 5.30നും മൂന്നാത്തെത്ത് രാത്രി 8.30 നുമാണ് പുറപ്പെടുന്നത്.
എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ മുന്നിലോടാനുള്ള തീരുമാനം മത്സരമായി കാണേണ്ടതില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് പറഞ്ഞു. രാവിലെ നേരത്തെ കോയമ്പത്തൂരിൽ എത്തണമെന്നുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് സമയം നേരത്തെ ആക്കിയതെന്നും പത്തനംതിട്ടയിൽ സർവീസ് അവസാനിപ്പിച്ചാൽ രാത്രി എം.സി റോഡുമായി യാത്രക്കാരെ ബന്ധിപ്പിക്കാനാണ് അടൂരിലേക്ക് നീട്ടിയതെന്നും ഗിരീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.