തൃപ്പൂണിത്തുറ: ഉദയംപേരൂരിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. വ്യാഴാഴ്ച രാവിലെ 9.25നാണ് സംഭവം. കുട്ടികൾ എത്തുന്നതിന് തൊട്ടുമുമ്പായതിനാൽ വൻദുരന്തം ഒഴിവായി. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂര മുഴുവനായും നിലംപൊത്തി.
കണ്ടനാട് ഗവ. ജൂനിയർ ബേസിക് (ജെ.ബി) സ്കൂളിന്റെ 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലെയും പ്രീ-സ്കൂളിലെയും വിദ്യാർഥികൾ ഈ സമയം എത്തിയിരുന്നില്ല. അംഗൻവാടിയിലെ ആയ ലിസി സേവ്യർ സംഭവസമയം കെട്ടിടത്തിൽ ഉണ്ടായിരുന്നെങ്കിലും മേൽക്കൂര ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട് ഓടിമാറി. വെള്ളിയാഴ്ച അംഗൻവാടി കുട്ടികളുടെ ക്രിസ്മസ് ആഘോഷം ഉൾപ്പെടെ ഈ കെട്ടിടത്തിലാണ് നടത്താൻ തീരുമാനിച്ചിരുന്നത്.
എൽ.പി സ്കൂളിലെ കുട്ടികൾ ഉച്ചഭക്ഷണം കഴിക്കാനെത്തിയിരുന്നതും തകർന്നുവീണ കെട്ടിടത്തിലാണ്.
കെട്ടിടത്തിലെ അംഗൻവാടിയിലും പ്രീ-സ്കൂളിലുമായി ആറ് വീതം കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിന് സമീപത്തെ പുതിയ കെട്ടിടത്തിലാണ് എൽ.പി വിഭാഗം പ്രവർത്തിക്കുന്നത്. മുൻ എം.എൽ.എ എം. സ്വരാജിന്റെ ശ്രമഫലമായി പുതിയ കെട്ടിടം പണിത് എൽ.പി വിഭാഗം അവിടേക്ക് മാറ്റിയിരുന്നു. എന്നാൽ, അംഗൻവാടിയും പ്രീ-സ്കൂളും പഴയ കെട്ടിടത്തിൽ തുടരുകയായിരുന്നു. സംഭവമറിഞ്ഞ് കെ. ബാബു എം.എൽ.എയും വാർഡ് കൗൺസിലർമാരും പൊലീസും നാട്ടുകാരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.