വൈക്കം: താലൂക്കിലെ 50ഓളം റേഷൻ കടകളിൽ ലഭിച്ച പുഴുക്കളും കീടങ്ങളുമുള്ള അരി സിവിൽ സപ്ലൈസ് അധികൃതർ തിരിച്ചെടുത്തു. മൂന്നു സ്വകാര്യ മില്ലുകളുടെ അരിയും എഫ്.സി.എയുടെ ഗോതമ്പുമാണ് തിരിച്ചെടുത്തത്. വൈക്കം, വെച്ചൂർ, തലയോലപറമ്പ് റേഷൻ കടകളിലെ മോശം അരിയാണ് തിരിച്ചെടുത്തത്. അരി തിരിച്ചെടുക്കുന്നതിന്റെ ഭാഗമായി റേഷൻ കടകൾ രാത്രി തുറന്നു പ്രവർത്തിച്ചു.
തിരിച്ചെടുത്ത ഭക്ഷ്യയോഗ്യമല്ലാത്ത അരിക്കു പകരം നല്ല അരി കടകൾക്ക് നൽകുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അജി പറഞ്ഞു. റേഷൻകടകളിൽ ഒരുമാസത്തേക്കുള്ള അരിയുള്ളതിനാൽ വിതരണത്തിന് തടസ്സമുണ്ടാകില്ല. വൈക്കം താലൂക്കിലെ 171 കടകളിൽ വൈക്കം, തലയോലപ്പറമ്പ്, വെച്ചൂർ ഫർക്കകളിലുൾപ്പെട്ട 50ഓളം റേഷൻകട ഉടമകളാണ് പുഴുനുരക്കുന്ന അരി ലഭിച്ചതായി സിവിൽ സപ്ലൈസ് അധികൃതർക്ക് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ഉദയനാപുരം നേരേകടവ് സ്വദേശി വെള്ളാപറമ്പിൽ സന്തോഷ് അരിയുമായി വൈക്കം താലൂക്ക് സപ്ലൈ ഓഫിസിനു മുന്നിൽ സമരം നടത്തിയിരുന്നു. ഓൾ കേരള റേഷൻ റീട്ടെയിൽ അസോസിയേഷൻ ഭക്ഷ്യയോഗ്യമല്ലാത്ത അരി കടകളിൽനിന്ന് മാറ്റി കുറ്റമറ്റ അരി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തി.
കഴിഞ്ഞ ദിവസം വൈപ്പിൻപടിയിലെ എട്ടാം നമ്പർ കടയിലെ 32 ചാക്ക് അരി അധികൃതർ മാറ്റി നൽകിയിരുന്നു. നേരേകടവിലെ കടയിൽ 20 ചാക്ക് അരിയിലാണ് പുഴുക്കളെ കണ്ടത്. ഇത് വിതരണം ചെയ്യാതെ മാറ്റിവെക്കാനാണ് അധികൃതരുടെ നിർദേശം. ഭക്ഷ്യയോഗ്യമല്ലാത്ത അരി കടകളിൽതന്നെ സൂക്ഷിക്കുന്നതിനാൽ നല്ല അരിയിലേക്കും പുഴുക്കൾ വ്യാപിക്കുന്നതായി വ്യാപാരികൾ ആരോപിച്ചിരുന്നു.
റേഷൻ കടകളിലെ പരിമിതമായ സ്ഥലത്താണ് പുഴുക്കളും പുഴുക്കട്ടയും കീടങ്ങളുമുള്ള അരിചാക്കുകൾ സൂക്ഷിച്ചിരുന്നത്. മൂന്നുമാസം കഴിഞ്ഞാൽ തണുപ്പ് തട്ടി കുത്തരിയിൽ പൂപ്പൽ ബാധയുണ്ടാകാനിടയുണ്ട്. പല കടകളിലും നാലുമാസം പഴക്കമുള്ള കുത്തരിയുണ്ട്. രണ്ടുമാസമായി വൈക്കത്തെ റേഷൻ കടകളിൽ രണ്ടു മില്ലുകാർ മോശം അരി നൽകിയിട്ടും സിവിൽ സപ്ലൈസ് മന്ത്രിയോ സ്ഥലം എം.എൽ.എയോ പ്രശ്നപരിഹാരമുണ്ടാക്കിയില്ലെന്ന് റേഷൻ വ്യാപാരികളും ഗുണഭോക്താക്കളും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.