കൊച്ചി: സംസ്ഥാനത്തെ റോഡ് സുരക്ഷ പദ്ധതികൾ നടപ്പാക്കാനും ഏകോപിപ്പിക്കുന്നതിനുമായി സ്ഥാപിക്കപ്പെട്ട അതോറിറ്റിയുടെ പ്രവർത്തനങ്ങൾക്ക് പ്രതിവർഷം ചെലവഴിക്കുന്നത് കോടികൾ. എന്നാൽ, അപകടങ്ങൾ വർധിക്കുന്നതല്ലാതെ കുറയുന്നില്ല.
40.46 കോടി രൂപയാണ് റോഡ് സുരക്ഷ അതോറിറ്റി 2021ൽ മാത്രം വിവിധ പദ്ധതികൾക്കും മറ്റുമായി ചെലവഴിച്ചതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. ഇതിൽ സിംഹഭാഗവും ചെലവഴിച്ചത് പദ്ധതികൾക്കുതന്നെയാണ്-38.92 കോടി രൂപ. എന്നാൽ, അതോറിറ്റിക്കു കീഴിൽ നടപ്പാക്കിയ റോഡ് സുരക്ഷ പദ്ധതികൾ എന്തൊക്കെയെന്ന ചോദ്യത്തിന് മറുപടി നൽകിയിട്ടില്ല.
സ്ഥിരം ജീവനക്കാർ, ദിവസവേതന, കരാർ ജീവനക്കാർ എന്നിവരുടെ ശമ്പളയിനത്തിൽ 1.07 കോടി രൂപയാണ് കഴിഞ്ഞ വർഷം ചെലവിട്ടത്. റോഡ് സുരക്ഷ കമീഷണർ ഉൾപ്പെടെ 16 പേരാണ് അതോറിറ്റിയുടെ കീഴിലെ ജീവനക്കാർ. വൈദ്യുതി, ടെലിഫോൺ ചാർജിനത്തിൽ 3.24 ലക്ഷം രൂപയും ഓഫിസ് വാടകയിനത്തിൽ 29 ലക്ഷം രൂപയും മറ്റിനങ്ങളിലായി 13 ലക്ഷം രൂപയും അതോറിറ്റി ചെലവഴിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 31 വരെ അതോറിറ്റിയുടെ പേരിൽ 127.82 കോടി രൂപ നീക്കിയിരിപ്പുണ്ടെന്നും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാറിന്റെ ബജറ്റ് വിഹിതമാണ് അതോറിറ്റിയുടെ പ്രവർത്തനഫണ്ട്. 2007ലെ കെ.ആർ.എസ്.എ ആക്ട് പ്രകാരം നിലവിൽ വന്ന അതോറിറ്റിയുടെ ചെയർമാൻ ഗതാഗത മന്ത്രിയും വൈസ് ചെയർമാൻ പൊതുമരാമത്ത് മന്ത്രിയുമാണ്.
2021ൽ മാത്രം സംസ്ഥാനത്തെ നിരത്തുകളിൽ ഉണ്ടായത് 33,321 അപകടമാണെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു.
ഈ അപകടങ്ങളിൽ 3426 പേർക്ക് ജീവൻ നഷ്ടമാവുകയും 36,803 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2020നെ അപേക്ഷിച്ച് അപകടങ്ങളിലും മരണത്തിലും വലിയ വർധനയാണ് കഴിഞ്ഞവർഷം ഉണ്ടായത്. ആ വർഷം 27,877 അപകടത്തിലായി 2979 പേർ മരിച്ചു, പരിക്കേറ്റത് 30,510 പേർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.