മലപ്പുറം: ആർ.എസ്.എസ് മലപ്പുറം സംഘ് ജില്ല കാര്യാലയത്തിന് നേരെ ബുധനാഴ്ച അർധരാത്രി അജ്ഞാതർ ഗുണ്ട് എറിഞ്ഞുവെന്നാേരാപിച്ച് നടത്തിയ പ്രകടനത്തിനിടെ മലപ്പുറം പ്രസ് ക്ലബിന് നേരെ ആക്രമണം. ചന്ദ്രിക ഫോേട്ടാഗ്രാഫർ ഫുആദ് സനീന് (23) പരിക്കേറ്റു. മൊറയൂർ സ്വദേശിയായ ഫുആദിനെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11.30ഒാടെ മലപ്പുറം പ്രസ് ക്ലബിന് മുന്നിലാണ് സംഭവം.
ബുധനാഴ്ച രാത്രി 11.30ഒാടെയാണ് മലപ്പുറം മുണ്ടുപറമ്പിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായതായി പറയുന്നത്. ഇതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിലാണ് അക്രമസംഭവങ്ങളുണ്ടായത്. മുണ്ടുപറമ്പിൽനിന്ന് കുന്നുമ്മൽ ഭാഗത്തേക്ക് വന്ന പ്രകടനത്തിനിടെ ഗതാഗതക്കുരുക്കുണ്ടായപ്പോൾ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ തറയിൽ അബ്ദുല്ല ഫവാസ് സമീപത്തു കൂടെ പോകാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതരായവർ ഫവാസിനെ കൈകാര്യം ചെയ്യുകയായിരുന്നു. കഴുത്തിൽ പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്തു.
അക്രമം നടക്കുേമ്പാൾ പ്രസ് ക്ലബിലുണ്ടായിരുന്ന ഫുആദ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോേട്ടാ എടുക്കാൻ ശ്രമിച്ചത് കണ്ട പ്രകടനക്കാരിൽ ഏതാനും പേർ അകത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ഫുആദിനെ ചവിട്ടിയ അക്രമികൾ മൊബൈൽ പിടിച്ചുവാങ്ങി കൊണ്ടുപോയി. പൊലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു ആർ.എസ്.എസ് പ്രവർത്തകർ മുഴക്കിയത്.
വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമാണ് സുരക്ഷ ചുമതലയിലുണ്ടായിരുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന ഫുആദിനെ മുസ്ലിം ലീഗ് നേതാക്കളായ കെ.പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഡ്വ. കെ.യു. ലത്തീഫ് തുടങ്ങിയവർ സന്ദർശിച്ചു. കോട്ടപ്പടിയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായ ഫവാസിനെയും സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേസ് ദുർബലമാക്കാൻ പൊലീസ് നീക്കം
മലപ്പുറം: പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകന് നേരെയുണ്ടായ ആർ.എസ്.എസ് ആക്രമണത്തിൽ പൊലീസ് അനാസ്ഥ. സംഭവം നടന്ന് മണിക്കൂറുകളോളം അക്രമം നടത്തിയവർ നഗരത്തിലുണ്ടായിട്ടും മാധ്യമ പ്രവർത്തകർ വിളിച്ച് പറഞ്ഞിട്ടും പിടികൂടാൻ പൊലീസ് തയാറായില്ല. ഇതിന് പുറമെ കേസിെൻറ ഗൗരവം കുറക്കാനും പൊലീസിെൻറ ഭാഗത്തുനിന്ന് നീക്കമുണ്ടായി. അക്രമത്തിനിരയായ ചന്ദ്രിക ദിനപത്രത്തിെൻറ ഫോേട്ടാഗ്രാഫറെ കാണാൻ ആശുപത്രിയിൽ എത്തിയ മലപ്പുറം എസ്.െഎ അക്രമികൾ പിടിച്ചുവാങ്ങി കൊണ്ടുപോയ ഫോൺ തിരികെ ഏൽപിക്കാൻ ശ്രമം നടത്തി. കേസിൽ തൊണ്ടിമുതലായി മൊബൈൽ ഫോൺ ഉൾപ്പെടുത്താതിരിക്കാനാണ് ഇൗ നീക്കം നടത്തിയതെന്നാണ് ആക്ഷേപം.
ആർ.എസ്.എസ് നേതാക്കളാണ് ഫോൺ പൊലീസിനെ ഏൽപിച്ചത് എന്നാണ് അറിയുന്നത്. ഇൗ സമയം ആശുപത്രിയിലുണ്ടായിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകർ ഫോൺ വാങ്ങാനാവില്ലെന്ന് അറിയിച്ചു. ഇതേതുടർന്ന് ഫോൺ പൊലീസ് തിരിച്ചുകൊണ്ടുേപായി. സംഭവം നടന്ന് ഏറെ നേരം കഴിഞ്ഞ് 1.30ഒാടെയാണ് പൊലീസ് മൊഴിയെടുക്കാനായി എത്തിയത്. ആശുപത്രിയിലുണ്ടായിരുന്നവർ മോശമായി പെരുമാറി എന്നാരോപിച്ച് ഇൗ സംഘം മൊഴിയെടുക്കാതെ തിരിച്ചുപോയി. പിന്നീട് മലപ്പുറം ഡിവൈ.എസ്.പി എത്തിയാണ് മൊഴിയെടുത്തത്. അക്രമികളെ വൈകാതെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
കുറ്റക്കാർക്കെതിരെ കർക്കശനടപടി വേണം -കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: മലപ്പുറം പ്രസ്ക്ലബിൽ കയറി മാധ്യമപ്രവർത്തകരെ മർദിച്ചവർക്കെതിരെ കർക്കശനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) ആവശ്യപ്പെട്ടു. ആർ.എസ്.എസ് നടത്തിയ പ്രകടനത്തിനിടെ ബൈക്ക് യാത്രികനെ മർദിക്കാനുള്ള ശ്രമം മൊബൈൽ കാമറയിൽ പകർത്താൻ ശ്രമിച്ചതിനാണ് ചന്ദ്രിക േഫാേട്ടാഗ്രാഫർ ഫുആദിനെ ഒരുസംഘം പ്രസ്ക്ലബിനുള്ളിൽ കയറി മർദിച്ചതും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതും. പത്രപ്രവർത്തക യൂനിയെൻറ ജില്ലാ ആസ്ഥാനങ്ങളാണ് പ്രസ്ക്ലബുകൾ. മലപ്പുറം പ്രസ്ക്ലബിൽ കയറി മാധ്യമ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കർക്കശനടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ ആവശ്യപ്പെട്ടു.
മലപ്പുറം ആർ.എസ്.എസ് കാര്യാലയത്തിന് നേരെ ഗുണ്ട് എറിഞ്ഞെന്ന്; പൊലീസ് അന്വേഷണം തുടങ്ങി
മലപ്പുറം: മുണ്ടുപറമ്പിലെ ആർ.എസ്.എസ് മലപ്പുറം സംഘ് ജില്ല കാര്യാലയത്തിന് േനരെ അജ്ഞാതർ ഗുണ്ട് എറിഞ്ഞതായി പരാതി. ബുധനാഴ്ച രാത്രി 11.30ഒാടെയാണ് സംഭവം. ആർ.എസ്.എസ് പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. രണ്ടു ബൈക്കുകളിലായി എത്തിയവർ മൂന്നുതവണ സ്ഫോടക വസ്തു എറിഞ്ഞുവെന്നാണ് പരാതി. ബൈക്ക് നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആർ.എസ്.എസ് ജില്ല പ്രചാരക് അനിൽകുമാർ, ജന്മഭൂമി മലപ്പുറം ലേഖകൻ വിപിൻ എന്നിവരാണ് ഇൗ സമയം ഒാഫിസിലുണ്ടായിരുന്നത്.
സംഭവം നടന്നയുടൻ പൊലീസ് എത്തി പരിസരത്ത് തിരച്ചിൽ നടത്തി. വ്യാഴാഴ്ച രാവിലെ ബോംബ് സ്ക്വാഡും പരിേശാധന നടത്തി. മലപ്പുറം സി.െഎ പ്രേംജിതിനാണ് അന്വേഷണ ചുമതല. അതേസമയം, ആർ.എസ്.എസ് കാര്യാലയത്തിന് മുകളിലുള്ള റോഡിലും ഗുണ്ട് പൊട്ടിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആഘോഷത്തിെൻറ ഭാഗമായി പടക്കം പൊട്ടിച്ച് പോകുന്നതിനിടെ റോഡിന് താഴെയുള്ള കാര്യാലയത്തിെൻറ മുറ്റത്തും ഇത് വീണതാകാമെന്നാണ് പ്രാഥമികാന്വേഷണത്തിൽ പൊലീസിന് ലഭിച്ച സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.