തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മധ്യപ്രദേശിലെ ആര്‍.എസ്.എസ് പ്രമുഖിന്‍െറ കൊലവിളിയില്‍ കുരുങ്ങിയത് സംഘ്പരിവാര്‍ തന്നെ. സി.പി.എമ്മിന്‍െറ അക്രമ രാഷ്ട്രീയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ആര്‍.എസ്.എസ് നേതൃത്വം ഇതോടെ സ്വയംവെട്ടിലാവുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ് വിവാദ പ്രസ്താവനയെ അവര്‍ തള്ളിപ്പറഞ്ഞു. ഉജ്ജയിനിയിലെ ആര്‍.എസ്.എസ് പ്രചാരക് പ്രമുഖായ ഡോ. ചന്ദ്രാവത്താണ് പിണറായി വിജയന്‍െറ തലക്ക് ഒരു കോടിയുടെ ഇനാം പ്രഖ്യാപിച്ചത്. ‘ ആ വിജയന്‍െറ തലവെട്ടി ആരെങ്കിലും എനിക്ക് കൊണ്ടുതരൂ, ഞാനെന്‍െറ വീടും സ്വത്തുമെല്ലാം അയാള്‍ക്ക് എഴുതി തരു’മെന്നായിരുന്നു പ്രസ്താവന.
എന്നാല്‍, ഉജ്ജയിനിയില്‍ കേരള മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ പരാമര്‍ശം ആര്‍.എസ്.എസിന്‍െറ അഭിപ്രായമല്ളെന്ന് അഖിലേന്ത്യ സഹപ്രചാരക് പ്രമുഖ് ജെ. നന്ദകുമാര്‍ വ്യക്തമാക്കി. തങ്ങളുടെ നേതാവിന്‍െറ പ്രസ്താവന ആര്‍.എസ്.എസിന്‍െറ അക്രമരാഷ്ട്രീയത്തിന്‍െറയും ഹിംസാത്മക പ്രത്യയശാസ്ത്രത്തിന്‍െറയും തെളിവായി സി.പി.എം കേരളത്തിലും ദേശീയതലത്തിലും പ്രചരിപ്പിക്കുമെന്ന് ആര്‍.എസ്.എസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. അതിനാല്‍ ചന്ദ്രാവത്തിനെ തള്ളിക്കൊണ്ട് ഡല്‍ഹിയില്‍നിന്നുള്ള നന്ദകുമാറിന്‍െറ പ്രസ്താവന സംസ്ഥാനത്തെ മാധ്യമ ഓഫിസുകളില്‍ എത്തിക്കുകയായിരുന്നു.ആര്‍.എസ്.എസ് ഹിംസയില്‍ വിശ്വസിക്കുന്നില്ളെന്ന് നന്ദകുമാര്‍ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ അടിയുറച്ചുനിന്നുള്ള പ്രവര്‍ത്തനമാണ് സംഘം നടത്തിപ്പോന്നിട്ടുള്ളത്. ഉജ്ജയിനിയില്‍ പ്രകടിപ്പിച്ച വികാരവും ഭാഷയും ശൈലിയും പ്രവര്‍ത്തന പാരമ്പര്യവും തങ്ങളുടേതല്ല. ഇതിനെ ശക്തമായി അപലപിക്കുന്നു. കേരളത്തില്‍ സി.പി.എം അക്രമത്തിനെതിരെ ജനാധിപത്യ രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. അത് തുടരുമെന്നും അദ്ദേഹം തുടര്‍ന്നു.
മംഗലാപുരത്ത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍െറ പ്രസംഗത്തിന്‍െറ ക്ഷീണം മാറും മുമ്പാണ് ഉജ്ജയിനി പ്രസംഗവും വന്നത്. കേരളത്തില്‍ രണ്ട് ശതമാനം വോട്ട് ബി.ജെ.പിക്ക് ലഭിക്കുമ്പോഴും രാഷ്ട്രീയ എതിരാളികളെ വകവരുത്തിയിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ആര്‍.എസ്.എസ് എതിരാളികളെ കൊലപ്പെടുത്താന്‍ മടിക്കാത്ത സംഘടനയെന്ന സി.പി.എം വാദത്തെ സാധൂകരിക്കുന്നതായി ഈ പ്രസ്താവന എന്ന ആക്ഷേപം ബി.ജെ.പി നേതൃത്വത്തിനുള്ളില്‍ തന്നെ ഉണ്ടായി. കൂടാതെ പിണറായിയുടെ മംഗലാപുരം സന്ദര്‍ശനം തടയാന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഒടുവില്‍ പിന്‍വലിക്കേണ്ടിവന്നതും നാണക്കേടായി. ആര്‍.എസ്.എസ് വെല്ലുവിളി നേരിട്ട് അവിടെ പോയി പ്രസംഗിച്ച പിണറായിയുടെ നടപടി സി.പി.എമ്മിന് ദേശീയതലത്തില്‍ തന്നെ വന്‍ സ്വീകാര്യത നേടിക്കൊടുത്തു. ആര്‍.എസ്.എസിന്‍െറ അസഹിഷ്ണുതയുടെയും അക്രമോത്സുക പ്രത്യയശാസ്ത്രത്തിന്‍െറയും ഉദാഹരണമായി ഇത് വീക്ഷിക്കപ്പെട്ടത് പൊതു സ്വീകാര്യത നേടാന്‍ തടസ്സമാണെന്നും ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഇപ്പോള്‍ ഒരു മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയതോടെ ദേശീയതലത്തില്‍ തന്നെ സി.പി.എം അക്രമ രാഷ്ട്രീയം എന്ന പ്രചാരണം തിരിഞ്ഞ് കുത്തുമോയെന്നും ആര്‍.എസ്.എസ് ആശങ്കപ്പെടുന്നു.
ചന്ദ്രാവത്തിന്‍െറ പ്രസ്താവനയോട് യോജിപ്പില്ല–ബി.ജെ.പി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിന്‍െറ പ്രസ്താവനയോട് യോജിപ്പില്ളെന്ന് ബി.ജെ.പി. ഇത് ബി.ജെ.പിയുടെ ശൈലിയല്ളെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പ്രസ്താവിച്ചു. ജനാധിപത്യത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ബി.ജെ.പി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മരിച്ചുവീഴുമ്പോഴും ജനാധിപത്യത്തിന്‍െറ മാര്‍ഗത്തില്‍നിന്ന് ബി.ജെ.പി വ്യതിചലിച്ചിട്ടില്ല. എത്ര എതിര്‍പ്പുള്ളയാളെയും ആശയത്തിലൂടെ മാറ്റിയെടുക്കാനാകുമെന്ന വിശ്വാസം ബി.ജെ.പിക്കുണ്ട്. മുഖ്യമന്ത്രിയെന്നല്ല ഒരാളും കൊല്ലപ്പെടണമെന്നും കരുതുന്നില്ല. പ്രസ്താവന നടത്തിയയാളെ അഖിലേന്ത്യ നേതൃത്വം തന്നെ തള്ളിപ്പറഞ്ഞെന്നും രാധാകൃഷ്ണന്‍ പ്രസ്താവിച്ചു.
ആര്‍.എസ്.എസ് നേതാവിനെ ജയിലിലടക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍െറ തലയെടുക്കുന്നവര്‍ക്ക് ഒരുകോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രസംഗിച്ച ആര്‍.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആര്‍.എസ്.എസ്ഫാഷിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണ്. സമനിലതെറ്റിയ ആര്‍.എസ്.എസുകാര്‍ ഏതറ്റംവരെയും പോകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്ന് അവര്‍ മറക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തിന്‍െറ പേരില്‍ ആഹ്ളാദിച്ചവര്‍ ആര്‍ക്കെതിരെയും തിരിയുമെന്നതിന്‍െറ സൂചനയാണിത്. സ്ഥലം എം.എല്‍.എയുടെയും എം.പിയുടെയും സാന്നിധ്യത്തില്‍ നടത്തിയ കൊലവിളി കണ്ടില്ളെന്ന് നടിക്കാനാവില്ളെന്നും ചെന്നിത്തല പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.