ന്യൂ മാഹി: വർഗീയശക്തികൾക്കെതിരെ ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും ആരോടും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വർഗീയ കലാപനീക്കത്തെ അടിച്ചമർത്താൻ സാധ്യമായ എല്ലാ മാർഗവും സ്വീകരിക്കും. ഇച്ഛാശക്തിയോടെയുള്ള എൽ.ഡി.എഫ് നിലപാടിന്റെ ഫലമായാണ് സമാധാനത്തിന്റെ തുരുത്തായി കേരളം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുന്നോൽ താഴെ വയലിൽ കൊല്ലപ്പെട്ട ഹരിദാസന്റെ കുടുംബത്തിനുള്ള സഹായ ഫണ്ട് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് ആർ.എസ്.എസും പോപ്പുലർ ഫ്രണ്ടും ശ്രമിക്കുന്നത്. മുസ്ലിം മതവിഭാഗത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ മുൻ എം.എൽ.എയും ആലപ്പുഴ റാലിയിൽ കുട്ടിയെക്കൊണ്ട് ഹിന്ദു, ക്രിസ്ത്യൻ മതവിഭാഗത്തിനെതിരെ വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച പോപ്പുലർ ഫ്രണ്ടും നാടിന്റെ സമാധാനം തകർക്കാനാണ് ശ്രമിച്ചത്. ഇവർക്കെതിരെ കടുത്ത നടപടിതന്നെ സ്വീകരിച്ചു. വിദ്വേഷം വളർത്തുന്ന സാഹചര്യം ആരുടെ ഭാഗത്തുനിന്നായാലും മുളയിലേ നുള്ളണം. കേന്ദ്രത്തിൽ എട്ട് വർഷത്തെ ബി.ജെ.പി ഭരണത്തിൽ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല. ലോകത്ത് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഏറ്റവും വിലകൂടിയ രാജ്യം ഇന്ത്യയാണ്. ബാബരി മസ്ജിദ് തകർത്തതുപോലെ കാശിയിലെയും മഥുരയിലെയും പള്ളികൾ ലക്ഷ്യംവെക്കുകയാണ്. അപകടകരമായ പോക്കാണിത്. മുസ്ലിം ക്രിസ്ത്യൻ വിഭാഗത്തിനുനേരെ കേന്ദ്രസർക്കാർ സ്പോൺസർ ചെയ്യുന്ന അക്രമമാണ് രാജ്യമാകെ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കാനാകണമെന്നും കോടിയേരി പറഞ്ഞു.
ഹരിദാസന്റെ അമ്മ ചിത്രാംഗിക്ക് 10 ലക്ഷം രൂപയും ഭാര്യ മിനിക്ക് 10 ലക്ഷം രൂപയും ഇളയ മകൾ ഹരിനന്ദനക്ക് 15 ലക്ഷം രൂപയും വിവാഹിതയായ മൂത്ത മകൾ ചിന്നുവിനും മകൾക്കും അഞ്ച് ലക്ഷം രൂപയുമാണ് നൽകിയത്. ബാക്കി തുക വീടിന്റെ നിർമാണം പൂർത്തിയാക്കാനും കേസിന്റെ നടത്തിപ്പിനും ഹരിദാസൻ സ്മാരക സ്തൂപത്തിന്റെ നിർമാണത്തിനും ഉപയോഗിക്കും.
ജില്ല സെക്രേട്ടറിയറ്റ് അംഗം കാരായി രാജൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എ.എൻ. ഷംസീർ എം.എൽ.എ, തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ. രമേശൻ, എം.സി. പവിത്രൻ, എ. ശശി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.