തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള ഉൾപ്പാർട്ടി ചർച്ചകളിൽ വിമർശനം മുറുകവെ, സി.പി.എം പാർട്ടി സമ്മേളനങ്ങളിലേക്ക് കടക്കുന്നു. എന്തുകൊണ്ടു തോറ്റുവെന്ന കണക്കെടുപ്പിൽ പാർട്ടിയും ഭരണവും പ്രതിക്കൂട്ടിലാണെന്നിരിക്കെ, പാർട്ടി സമ്മേളനങ്ങളിലെ ചർച്ചകൾ നേതൃത്വത്തിന് വെല്ലുവിളിയാകും. സെപ്റ്റംബറിൽ ബ്രാഞ്ച് സമ്മേളനങ്ങൾ, ഒക്ടോബർ, നവംബർ മാസങ്ങളിൽ ലോക്കൽ, ഏരിയ സമ്മേളനങ്ങൾ, നവംബർ, ഡിസംബർ മാസങ്ങളിൽ ജില്ല സമ്മേളനങ്ങൾ, ഫെബ്രുവരിയിലും മാർച്ചിലുമായി സംസ്ഥാന സമ്മേളനം എന്നിങ്ങനെയാണ് നിശ്ചയിച്ച സമയക്രമം. ഏപ്രിലിൽ പാർട്ടി കോൺഗ്രസ് നടത്താനാണ് ഡൽഹിയിൽ സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിക്ക് പുറമെ, പാർട്ടി വോട്ടുകളിൽ വലിയ ചോർച്ചയുമുണ്ടായി. ഇതിനെക്കുറിച്ച് സംസ്ഥാന, ജില്ല തലങ്ങളിൽ നടന്ന അവലോകനങ്ങളിൽ പാർട്ടി നേതൃത്വത്തിനും ഭരണത്തിനും നേരെ പലതരം വിമർശനങ്ങളാണ് ഉയർന്നത്. ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് ജില്ലതലം വരെയുള്ള അവലോകനങ്ങളിൽ ഉയർന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പെരുമാറ്റവും സർക്കാറിന്റെ പ്രവർത്തനം പ്രതീക്ഷക്കൊത്ത് ഉയരാത്തതും ഭരണവിരുദ്ധവികാരത്തിന് ഇടയാക്കിയെന്നാണ് പാർട്ടി കമ്മിറ്റി വിലയിരുത്തിയത്. സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ഉയർന്ന ആക്ഷേപം, മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും വിശദീകരണം നൽകാനാകാത്തത് ഉൾപ്പെടെ കാര്യങ്ങളിൽ കടുത്ത വിമർശനമാണ് ഉണ്ടായത്.
വിമർശനങ്ങളിൽ ആഴത്തിലുള്ള പരിശോധന വേണമെന്ന് നിശ്ചയിച്ച കേന്ദ്ര കമ്മിറ്റി തെറ്റുതിരുത്തൽ നടപടികൾക്ക് നേരിട്ട് ഇടപെടാനും തീരുമാനിച്ചിട്ടുണ്ട്. പിന്നാലെയാണ് ക്വട്ടേഷൻ വിവാദങ്ങളുടെ പേരിൽ കണ്ണൂർ ലോബിയിൽ പൊട്ടിത്തെറിയുണ്ടായത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പേരിൽ തൃശൂരിൽ പാർട്ടിയുടെ അക്കൗണ്ടും ഭൂമിയും കണ്ടുകെട്ടിയ ഇ.ഡി നടപടിയും പിന്നാലെയുണ്ടായി. മുതിർന്ന നേതാക്കൾക്ക് മുതലാളിമാരുമായും ബി.ജെ.പി നേതാക്കളുമായുള്ള ബന്ധം ഉൾപ്പെടെ വലിയതോതിൽ ചർച്ചയായതും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് ഇടയാക്കിയ കാര്യങ്ങളായാണ് വിലയിരുത്തപ്പെട്ടത്. ഭരണത്തോടും നേതൃത്വത്തോടുമുള്ള അണികളുടെ പ്രതിഷേധ വോട്ടുകളാണ് ബി.ജെ.പിയിലേക്ക് പോയതെന്ന് വിലയിരുത്തലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഇഴകീറിയുള്ള ചർച്ചകൾക്കുള്ള താഴെ തട്ടുവരെയുള്ള അവസരമാണ് സമ്മേളനം പാർട്ടി അണികൾക്ക് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.