ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ഗാ​ന്ധി​ജി​യും ക​സ്തൂ​ർ​ബ ഗാ​ന്ധി​യും വി​ശ്ര​മി​ച്ച കു​ടി​ൽ

പാലക്കാട്: സ്വാതന്ത്ര്യസമര ചരിത്രത്തിൽ പവിത്രമായ സ്ഥാനമുള്ള അകത്തേത്തറയിലെ ശബരി ആശ്രമം നൂറാം വയസ്സിലേക്ക്. ഇതോടനുബന്ധിച്ച്, ഒക്ടോബർ ഒന്നിന് ഗാന്ധിജയന്തി ദിനത്തിൽ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമാകും. അയിത്തോച്ചാടനം ലക്ഷ്യമിട്ട് സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ടി.ആർ. കൃഷ്ണസ്വാമി അയ്യർ അകത്തേത്തറ നടക്കാവിൽ സ്ഥാപിച്ചതാണ് ആശ്രമം.

സ്വാതന്ത്ര്യലബ്ധിക്കും അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹികനീതിക്കും വേണ്ടിയുള്ള ഗാന്ധിജിയുടെ പോരാട്ടങ്ങളിൽനിന്ന് പ്രചോദനമുൾകൊണ്ടാണ് കൃഷ്ണസ്വാമി അയ്യർ ശബരി ആശ്രമം സ്ഥാപിച്ചത്.ഗാന്ധിജി മൂന്നുതവണ സന്ദർശിച്ച കേരളത്തിലെ ഏക സ്ഥാപനമാണിത്.1925ലും 1927ലും പിന്നീട് കസ്തൂർബ ഗാന്ധിക്കൊപ്പം 1934 ജനുവരി 10നും അദ്ദേഹം ആശ്രമം സന്ദർശിച്ചു. ആശ്രമത്തിന്‍റെ ക്ഷണം ഇല്ലാതെ തന്നെ, ഇവിടുത്തെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞാണ് ഗാന്ധിജി സന്ദർശിച്ചത്. 1927ലെ സന്ദർശന സമയത്ത് നട്ട തെങ്ങ്, ഗാന്ധിജിയും കസ്തൂർബ ഗാന്ധിയും വിശ്രമിച്ച കുടിൽ എന്നിവ ഇവിടെ ഇപ്പോഴും സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്.

ഇതുകൊണ്ടെല്ലാം ഈ ആശ്രമം തെക്കേ ഇന്ത്യയിലെ സബർമതി എന്ന് അറിയപ്പെടുന്നു. ഹരിജൻ സേവാ സംഘത്തിന്‍റെ ഉടമസ്ഥതയിലാണിത്. ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വത്തിന്‍റെ ഭാഗമായി ആശ്രമത്തിൽ കേരള സർക്കാർ നേതൃത്വത്തിൽ ഒരു രക്തസാക്ഷി സ്മൃതിമണ്ഡപം നിർമിച്ചിട്ടുണ്ട്.രാജ്യത്ത് ആദ്യമായി മിശ്രഭോജനം നടന്നത് ശബരി ആശ്രമത്തിലാണെന്നത് അത് എക്കാലവും സംരക്ഷിച്ചു നിറുത്തേണ്ടതിന്‍റെ ആവശ്യകതയെ ഓർമപ്പെടുത്തുന്നു.  

ശബരി ആശ്രമത്തിലേക്ക് സന്ദേശയാത്ര 21ന്

പാലക്കാട്: അകത്തേത്തറ ശബരി ആശ്രമത്തിന്‍റെ ശതാബ്ദിയും ഹരിജൻ സേവ സംഘത്തിന്‍റെ നവതിയും വിളംബരം ചെയ്തുകൊണ്ട് പയ്യന്നൂരിലെ ആശ്രമത്തിൽനിന്ന് ശ്രീനാരായണ സമാധി ദിനമായ സെപ്റ്റംബർ 21ന് ശബരി ആശ്രമത്തിലേക്ക് സന്ദേശയാത്ര നടത്തും.

ഹരിജൻ സേവ സംഘം പ്രസിഡന്‍റ് ഡോ. എൻ. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി, ഡോ. എം.എൻ. ഗോപാലകൃഷ്ണപണിക്കർ എന്നിവർ നേതൃത്വം നൽകുന്ന ജാഥ 26ന് ശബരി ആശ്രമത്തിൽ എത്തിച്ചേരും. ഗാന്ധിജിയും കസ്തൂർബയും താമസിച്ച മുറിയും ഗാന്ധിജി നട്ട തെങ്ങും ആകർഷകമാക്കുന്ന ശബരി ആശ്രമത്തിൽ ഒക്ടോബർ ഒന്നു മുതൽ സന്ദർശകർക്ക് വേണ്ടി പ്രത്യേക പരിപാടികളും സംഘടിപ്പിക്കും.

വികസനത്തിന് എം.പി. ഫണ്ടിൽനിന്ന് 50 ലക്ഷം

പാലക്കാട്: ശബരി ആശ്രമത്തിന്‍റെ ജീർണാവസ്ഥയിലെത്തിയ പ്രധാന കെട്ടിടം പുനരുദ്ധരിക്കുന്നതിന് വി.കെ. ശ്രീകണ്ഠൻ എം.പി, പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. ആശ്രമത്തിന്റെ ശതാബ്ദിയും ഹരിജൻ സേവ സംഘത്തിന്റെ നവതിയും (90 വർഷം) ആഘോഷിക്കുന്നതിന് ആശ്രമത്തിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗത്തിലാണ് തുക നൽകുമെന്ന് എം.പി പ്രഖ്യാപിച്ചത്.

Tags:    
News Summary - Sabari Ashram on century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.