കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാർ ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ വനഭൂമിയും. 149 ഏക്കർ വനഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. 307 ഏക്കർ ജനവാസ മേഖല ഏറ്റെടുക്കുന്നതിനു പുറമെയാണിത്. പദ്ധതിക്ക് വനം പരിസ്ഥിതി മന്ത്രാലയം, വ്യോമയാന, പ്രതിരോധ വകുപ്പുകളുടെ അനുമതി വേണം. ഇവ നേടിയെടുക്കേണ്ടത് അമേരിക്കൻ കൺസൾട്ടൻസി കമ്പനിയായ ലൂയിസ് ബർഗർ ആണ്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങൂ എന്നാണ് വെള്ളിയാഴ്ച സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ വരുന്നതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതിനു പുറമെയാണ് 307 ഏക്കർ ജനവാസമേഖലയും ഏറ്റെടുക്കുന്നത്. 3500 മീറ്റർ നീളംവരുന്ന റൺവേ തയാറാക്കുന്നതിനാണ് 307 ഏക്കർ ജനവാസ മേഖലകൂടി ഏറ്റെടുക്കുന്നത്.
മണിമല വില്ലേജിൽപെടുന്ന 149 ഏക്കറാണ് ചെറുവള്ളി എസ്റ്റേറ്റിൽ ഉള്ളത്. ഇത് പൂർണമായും വനഭൂമിയെന്നാണ് സെറ്റിൽമെന്റ് രജിസ്റ്ററിലുള്ളത്. ഈ ഭൂമിക്ക് ഒരിക്കലും എന്തെങ്കിലും ഇളവോ, പട്ടയമോ നൽകിയതായി രേഖയില്ല. ചെറുവള്ളി എസ്റ്റേറ്റ് അയന ചാരിറ്റബിൾ ട്രസ്റ്റിന് വിൽപന നടത്തി 2005ൽ ഹാരിസൺസ് തയാറാക്കിയ ആധാരങ്ങളിലൊന്നും ഈ ഭൂമിയുടെ സർവേ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുമില്ല. ഭൂമിയുടെ ഉടമസ്ഥത തർക്ക കേസിൽ സംസ്ഥാന സർക്കാർ വിജയിച്ചാലും വനഭൂമി വിമാനത്താവളത്തിന് വിനിയോഗിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമോ എന്ന് കണ്ടറിയണമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
മന്ത്രാലയം അനുമതി നൽകിയാലും അതിന്റെ സാധുത കോടതികളിൽ ചോദ്യം ചെയ്യുമെന്ന സൂചനയും അവർ നൽകുന്നു. ഈ ഭൂമി സംരക്ഷിത വനത്തിലോ, കരുതൽ മേഖലയിലോ പെടുന്നതല്ല. കേന്ദ്ര സർക്കാർ വനം പരിസ്ഥിതി അനുമതി നൽകിയിരുന്നെങ്കിലും ഗ്രീൻ ട്രൈബ്യൂണൽ അത് റദ്ദാക്കിയതിനാലാണ് ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചത്. ഭൂമിയുടെ ഉടമസ്ഥത തർക്കത്തിൽ അന്തിമ തീർപ്പുണ്ടാകാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് നിയമ വിദഗ്ധർ പറയുന്നു. ചെറുവള്ളി എസ്റ്റേറ്റിൽ എരുമേലി സൗത്ത് വില്ലേജിൽപെടുന്ന 2114 ഏക്കർ ഭൂമി മാത്രമാണ് റവന്യൂ ഭൂമിയുടെ ഗണത്തിൽപെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.