കൊല്ലം: തൂത്തുക്കുടി വെടിവെപ്പും ഓഖി ദുരന്തവും അടക്കം ആൾക്കൂട്ടത്തിനിടയിൽ പലതവ ണ ജോലി ചെയ്തിട്ടുണ്ട്. മറ്റൊരു നാട്ടിലും ഒരാൾപോലും മോശമായി പെരുമാറിയിട്ടില്ല. സ്വന്തം നാട്ടുകാരുടെ മുന്നിൽ ജോലിക്കെത്തിയപ്പോൾ കിട്ടിയത് നടുവിന് ചവിട്ടാണ്. മാന്യമായി ജോലിചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചത് മലയാള മണ്ണിലാണല്ലോ. അത് വല്ലാതെ അലട്ടുന്നു.
ജോലിയുടെ ഭാഗമായാണ് ശബരിമല റിപ്പോർട്ടിങ്ങിന് പോയത്. ബുധനാഴ്ച രാവിലെയോടെ നിലയ്ക്കലിലെത്തി. ശരണം വിളിച്ച് പോകുന്ന ഭക്തജനക്കൂട്ടവും വിവിധ സംഘടനകളുടെ സമരപ്പന്തലുകളും കണ്ടു.
കാറിൽ നിന്ന് ഇറങ്ങി അവിടുത്തെ സംഭവങ്ങൾ കാമറയിൽ പകർത്തി. സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരെ കണ്ടതോടെ ആത്മവിശ്വാസം കൂടി. ഇന്ത്യൻ എക്സ്പ്രസിലെ അനിൽ, അജയകാന്ത് എന്നിവരോടൊപ്പം വലിയ സമരപ്പന്തൽ വരെ പോയി. ഇതിനിടെ ‘ചാനൽ ഗോ ബാക്ക്’ വിളി കേട്ടു. ‘കർമസമിതിയുടെ ലക്ഷ്യം മാധ്യമപ്രവർത്തകരെ തടയൽ അല്ല ’ എന്ന് സംഘാടകർ മൈക്കിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. തുടർന്ന് പമ്പക്ക് പോകാൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി ബസിൽ വിൻഡോക്ക് സമീപം സിംഗിൾ സീറ്റിലിരുന്നു. യാത്രക്കാർ നിറഞ്ഞതോടെ ബസ് നീങ്ങി. വലിയ സമരപ്പന്തലിന് മുന്നിലെത്തിയപ്പോൾ ആൾക്കൂട്ടം ബസ് തടഞ്ഞു. എന്നെ കണ്ടതും ‘ഇറെങ്ങടി.. ഇറെങ്ങടി...’എന്നു ആക്രോശിച്ച് പാഞ്ഞെത്തി. ‘നീ മിഡീയ പേഴ്സൻ അല്ല’ എന്ന് അലറി വിളിച്ചു ചിലർ. ചുറ്റും ആൾക്കൂട്ടം നിറഞ്ഞതോടെ ഇറങ്ങണോ വേണ്ടയോ എന്നറിയാത്ത അവസ്ഥയായി.
ആളെ ഇറക്കാനെന്ന നിലയിൽ ഇന്ത്യൻ എക്സ്പ്രസിലെ അനിൽ ബസിെൻറ വാതിലിനു മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. പൊലീസും ഒപ്പമുണ്ടായതോടെ ബസിൽനിന്ന് ഇറങ്ങി. പൊലീസ് ജീപ്പിനടുത്തേക്ക് നടക്കുമ്പോൾ കേട്ടാൽ അറയ്ക്കുന്ന തെറിവിളിയുമായി ആൾക്കൂട്ടം ഒപ്പമുണ്ടായിരുന്നു. ജീപ്പിലേക്ക് കയറുന്ന നേരത്താണ് അപ്രതീക്ഷിതമായി നടുവിന് ചവിേട്ടറ്റത്.
ശരീരം തളർന്നുപോയി. ജീപ്പിനുള്ളിൽ നിവർന്നിരിക്കാൻപോലും കഴിഞ്ഞില്ല. പൊലീസ് ഇല്ലായിരുന്നെങ്കിൽ അവർ എന്നെ കൊന്നേനെ. മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ ഇരുന്ന് വൈകിട്ടാണ് മടങ്ങിയത്. വഴിയിലെല്ലാം സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വാഹനം തടഞ്ഞ് പരിശോധിക്കുന്നുണ്ടായിരുന്നു.
ഭാഗ്യത്തിനാണ് അവിടെനിന്ന് രക്ഷപ്പെട്ടത്. വേദന കൂടിയതിനാൽ പത്തനംതിട്ടയിലെത്തി ചികിത്സ തേടി. എക്സ്റേ പരിശോധിച്ച ഡോക്ടർ ആശുപത്രിയിൽ കിടക്കണമെന്ന് നിർദേശിച്ചു. അത് കണക്കാക്കാതെ വേദന സഹിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചു. തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ആൾക്കൂട്ടം നമ്മുടെ നാട്ടിലും ഉണ്ടായല്ലോ എന്ന വലിയ വ്യഥയാണ് വേട്ടയാടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.