തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് വെള്ളിയാഴ്ച നട തുറക്കാനിരിക്കെ, ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ വിളിച്ച സർവകക്ഷിയോഗം വ്യാഴാഴ്ച നടക്കും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം. വൈകുന്നേരം മൂന്നിന് തന്ത്രി, പന്തളം കൊട്ടാര പ്രതിനിധികളുമായുള്ള ചർച്ചയുമുണ്ട്.
യുവതി പ്രവേശനത്തിന് അനുമതി നൽകിയ ഭരണഘടനബെഞ്ച് വിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച സാഹചര്യത്തിൽ വിധി നടപ്പാക്കാൻ സർക്കാർ സ്വീകരിക്കുന്ന നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. സ്ത്രീ പ്രവേശനം സംബന്ധിച്ച് സർക്കാറിനു മുന്നിൽ വെല്ലുവിളികൾ നിലനിൽക്കുന്നതിനാൽ മുഖ്യമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡും എന്ത് നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചാകും തീർഥാടനത്തിെൻറ സുഗമമായ നടത്തിപ്പ്.
സര്‍വകക്ഷിയോഗം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടെ ശബരിമലയിലെ സംഘര്‍ഷാവസ്ഥക്ക് അയവുവരുമെന്ന പ്രതീക്ഷയുമുണ്ട്. സര്‍വകക്ഷിയോഗത്തില്‍ ഏകാഭിപ്രായ സാധ്യത വിരളമാണെങ്കിലും എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും സര്‍ക്കാറിനോട് നേരിട്ട് അഭിപ്രായം പറയാൻ അവസരമൊരുങ്ങും. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്.
പമ്പയുടെ പുനര്‍നിര്‍മാണം, നിലയ്ക്കലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജനുവരി 22വരെ യുവതി പ്രവേശനത്തിന് സര്‍ക്കാര്‍ സുപ്രീംകോടതിയോട് സാവകാശം ചോദിക്കുമോ എന്നാണ് അറിയേണ്ടത്. യോഗത്തിൽ സമവായം ഉണ്ടാകുന്നില്ലെങ്കിൽ തീർഥാടനം സംഘർഷഭരിതമാകാനാണിട.
തീർഥാടനകാലത്ത് ലക്ഷങ്ങളാണ് ശബരിമല കയറുന്നത്. ഇൗ തിരക്കിനിടെ സമരവും പൊലീസ് നടപടിയുമെല്ലാം വൻ പ്രതിസന്ധിയാകും സൃഷ്ടിക്കപ്പെടുക. അതിനിടെ 560 ഒാളം സ്ത്രീകൾ ദർശനത്തിനായി ഒാൺലൈൻ വഴി രജിസ്റ്റർ ചെയ്തതും സർക്കാറിന് വൻ വെല്ലുവിളിയാണ്.
ഇന്ന് നിർണായക ദിനം
ശബരിമല: യുവതി പ്രവേശന വിഷയത്തിൽ വ്യാഴാഴ്ച നടക്കുന്ന സർവകക്ഷി യോഗം സർക്കാറിനും സമരക്കാർക്കും നിർണായകം. യോഗത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ തീർഥാടനം സംഘർഷഭരിതമാവും. സ്ത്രീ പ്രവേശനം സ്റ്റേ ചെയ്യാതിരുന്നതോടെ സമരക്കാരും സർക്കാറും ഒരു പോലെ വെട്ടിലാണ്.
65 ദിവസം നീളുന്ന തീർഥാടനകാലം മുഴുവനും ആളുകളെ യുദ്ധസജ്ജരാക്കി നിർത്താൻ സമരക്കാർ പെടാപ്പാട് പെടും. അതുപോലെ ശബരിമല പോലൊരു പ്രദേശത്ത് സമരക്കാരെ ഇത്രയും ദിവസം സമാധാനപരമായി പ്രതിരോധിക്കുക എന്നത് സർക്കാറിനും വെല്ലുവിളിയാണ്. ഒരു യുവതിയെങ്കിലും കയറിയാൽ വിധി നടപ്പായെന്ന് വരും. അതോടെ സമരം പൊളിയും. പുനഃപരിശോധന അർഥമില്ലാതെയാകും. യുവതിയെ കയറ്റാനായില്ലെങ്കിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാറിനു കഴിഞ്ഞില്ലെന്നാവും വിലയിരുത്തപ്പെടുക.
നിലക്കലാണ് ശബരിമല ബേസ് ക്യാമ്പ്. ഇവിടെയാണ് യുവതികൾ വന്നിറങ്ങേണ്ടത്. ലക്ഷത്തോളം ഇതര സംസ്ഥാന തീർഥാടകരാണ് പ്രതിദിനം എത്തുക. ഇവർക്കിടയിൽ യുവതികൾ എത്തിയാൽ പൊലീസിെൻറ കണ്ണിൽ പെടുംമുമ്പ് ഭക്തരിൽനിന്ന് വൈകാരിക പ്രതിഷേധമുണ്ടായാൽ എന്താണ് സംഭവിക്കുകയെന്ന് പറയാനാവില്ല. യുവതികൾക്ക് നിലക്കൽ മുതൽ പമ്പവരെ പ്രത്യേക സുരക്ഷാ വാഹനങ്ങളും പമ്പയിൽനിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനുള്ള സുരക്ഷയും ഏർെപ്പടുത്തേണ്ടി വരും. തീർഥാടനകാലത്ത് യുവതികൾ എത്തുമെന്ന് തന്നെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.