കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംഘ്പരിവാർ സംഘടനകളുടെ പ്രക്ഷോഭത്തെ തുടർന്ന് കച്ചവടക്കാർക്കുള്ള ദേവസ്വം ബോർഡിെൻറ സ്ഥല ലേലം പൂർണമാവാത്ത സാഹചര്യത്തിൽ സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ തീർഥാടകർ വലയും. ഹോട്ടലുകളടക്കം വ്യാപാരസ്ഥാപനങ്ങളുടെ എണ്ണത്തിൽ വൻ കുറവുണ്ടാവുന്നത് ഗുരുതര സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നതിനാൽ അടിയന്തര നടപടിയെടുക്കാൻ സർക്കാർ നിർദേശം നൽകി.
സന്നിധാനത്തും പമ്പയിലും എരുമേലിയിലുമായി നൂറുകണക്കിന് താൽക്കാലിക കച്ചവട സ്ഥാപനങ്ങൾ ഉയരാറുണ്ട്. പ്രളയം തകർത്ത പമ്പയിൽ കച്ചവട സ്ഥാപനങ്ങൾക്കുള്ള സൗകര്യവും കുറവാണ്. ലേലത്തിലൂടെ വർഷംതോറും കോടികളുടെ വരുമാനമാണ് ദേവസ്വം ബോർഡിന് ലഭിച്ചിരുന്നത്. എന്നാൽ, സമരം അക്രമത്തിലേക്കും പൊലീസ് നടപടികളിേലക്കും നീങ്ങിയതോടെ കോടികൾ മുടക്കിയുള്ള കച്ചവടത്തിൽനിന്ന് വ്യാപാരികൾ പിന്മാറി. പാർക്കിങ് ഗ്രൗണ്ടുകളുടേതടക്കം ലേലം പിടിച്ചവരും പണം തിരികെ ആവശ്യപ്പെട്ടിരിക്കുകയാണ്.
ലേലം എടുത്തവരെ സമരക്കാർ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന പരാതിവ്യാപകമാണ്. ക്ഷേത്രങ്ങളിലെ നേർച്ചവരുമാനത്തിലും കുറവുണ്ട്. ലേലം ഭാഗികമാവുകയും നടവരുമാനം കുറയുകയും ചെയ്യുന്നത് ദേവസ്വം ബോർഡിന് ഭീഷണിയാണ്. നടതുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ശബരിമലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം അവസ്ഥ ഇതാണ്. കോടികൾ മുടക്കി കച്ചവടത്തിനിറങ്ങാൻ പലരും ഭയപ്പെടുകയാണ്. പ്രേത്യകിച്ച് ഹോട്ടൽ നടത്തുന്നവർ. എരുമേലയിൽ ദേവസ്വം ബോർഡ് നടത്തിയ ലേലത്തിൽ കാര്യമായ വരുമാനം ലഭിച്ചില്ല. ഇവിടെ താൽക്കാലിക ഷെഡുകൾ ഇനിയും ഉയർന്നിട്ടില്ല.
എന്നാൽ, നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള നടപടികളിലാണ് ദേവസ്വം ബോർഡ്. കോട്ടയം ജില്ലയിലെ ഒരുക്കം പൂർത്തിയായതായി കലക്ടർ ബി.എസ്. തിരുമേനി അറിയിച്ചു. എരുമേലിയിൽ കുടിവെള്ളമടക്കം ഒരുക്കം ഉടൻ പൂർത്തിയാവും. ലേലം പൂർത്തിയാവാത്തതിനാൽ തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടായാൽ അത് ഉടനടി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സേവകരായി സി.പി.എം വളൻറിയർമാർ
നെടുമ്പാശ്ശേരി: മണ്ഡലകാലത്ത് വിവിധ ശബരിമല ഇടത്താവളങ്ങളിൽ അയ്യപ്പഭക്തന്മാർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിന് ഇക്കുറി സി.പി.എം പ്രവർത്തകരുണ്ടാകും. ഇതിനായി താഴേത്തട്ടിലേക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹജ്ജ് വേളയിൽ ഔദ്യോഗിക ഹജ്ജ് വളൻറിയർമാരായി കഴിഞ്ഞ രണ്ട് വർഷമായി സി.പി.എം പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. ഇത് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇക്കുറി ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന അയ്യപ്പഭക്തരോട് ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കരുതെന്ന് കാണിച്ച് സംഘ്പരിവാർ ലഘുലേഖകൾ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് സി.പി.എം വളൻറിയർമാരുടെ സേവനം ഉറപ്പുവരുത്തുന്നത്. കഴിഞ്ഞ മണ്ഡലകാലത്ത് കണ്ണൂർ ഉൾപ്പെടെ ചിലയിടങ്ങളിൽ ഇത്തരത്തിൽ സി.പി.എം പ്രവർത്തകരുടെ സഹായങ്ങളുണ്ടായിരുന്നു.
വിവിധ ക്ഷേത്രഉപദേശകസമിതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സി.പി.എം കുടുംബങ്ങളിൽപ്പെട്ടവരുടെ പ്രത്യേക യോഗങ്ങളും വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.