ശബരിമല: ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജക്കായി ശബരിമല നട തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തുറക്കാനിരിക്കെ, പ്രദേശം പൊലീസ് ഏറ്റെടുത്തു. ശനിയാഴ്ച നിലക്കലിലേക്കുപോലും മാധ്യമങ്ങളെ അടക്കം കടത്തിവിട്ടില്ല. ഒരു കിലോമീറ്റർ ഇപ്പുറം ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പ്രാർഥനയജ്ഞം അടക്കം ആളുകൾ കൂട്ടംകൂടുന്ന മാർച്ച്, പ്രകടനം, പൊതുയോഗം എന്നിവയൊന്നും അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഇലവുങ്കൽ, നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ശനിയാഴ്ച അർധരാത്രി മുതൽ നവംബർ ആറിന് അർധരാത്രി വരെയാണ് നിരോധനാജ്ഞ. ഇലവുങ്കൽ മുതൽ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും ഇത് ബാധകമാണ്. തീർഥാടകർക്ക് ദർശനത്തിനും അവരുടെ വാഹനങ്ങൾക്കും ഇളവുണ്ട്. ചീഫ് പൊലീസ് കോഒാഡിനേറ്ററായ ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽകാന്തിെൻറ നേതൃത്വത്തിലാണ് സംവിധാനങ്ങൾ ഒരുക്കുന്നത്. എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണനാണ് ജോയൻറ് കോഒാഡിനേറ്റർ. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ ഐ.ജി എം.ആർ. അജിത് കുമാറും പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ഐ.ജി. അശോക് യാദവും മേൽനോട്ടം വഹിക്കും. 10 വീതം എസ്.പിമാരും ഡിവൈ.എസ്.പിമാരും ഡ്യൂട്ടിയിലുണ്ടാകും.
സന്നിധാനത്തും നിലക്കൽ, പമ്പ മേഖലകളിലുമായി 20 അംഗ കമാൻേഡാ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. 100 വനിതകൾ ഉൾപ്പെടെ 2300ഓളം പൊലീസുകാരെയാണ് ശബരിമലയിലും പരിസരത്തുമായി നിയോഗിക്കുന്നത്. സ്ത്രീകൾ എത്തിയാൽ കടത്തിവിടാമെന്ന തീരുമാനത്തിലാണ് പൊലീസ്. തടയുമെന്ന നിലപാടിലാണ് സംഘ്പരിവാർ സംഘടനകൾ. ഇതിനായി ഇരുമുടിക്കെട്ടുകളുമായി പ്രതിഷേധക്കാരെ അണിനിരത്താനാണ് നീക്കം.
തിങ്കളാഴ്ച വൈകീട്ട് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി നടതുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിക്കും. അന്ന് പ്രത്യേക പൂജകള്‍ ഇല്ല. ചൊവ്വാഴ്ച രാവിലെ അഞ്ചിന് നട തുറന്ന് നിര്‍മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന് ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകളും ഉണ്ടാകും. കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവയും നടക്കും.
അത്താഴപൂജക്ക് ശേഷം പത്തോടെ നട അടക്കും. പിന്നീട് മണ്ഡലമാസ പൂജകള്‍ക്കായി നവംബര്‍ 16ന് വൈകീട്ട് നട തുറക്കും. അന്ന് ശബരിമല, മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ അവരോധ ചടങ്ങും നടക്കും. പുതിയ മേല്‍ശാന്തിമാര്‍ ആയിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക.
ശബരിമല: വനിതകളെ തടയാൻ ശ്രമിക്കിെല്ലന്ന് ഹിന്ദു പാർലമെൻറ്
കോട്ടയം: ചിത്തിര ആട്ടത്തിന് ശബരിമല നടതുറക്കുന്ന ദിവസങ്ങളിൽ വനിതകളെ തടയാൻ ശ്രമിക്കിെല്ലന്ന് ഹിന്ദു പാർലമെൻറ്. സുപ്രീംകോടതി വിധി വരുന്നതുവരെ ശബരിമലയെ കലാപഭൂമിയാക്കാൻ ആഗ്രഹിക്കുന്നില്ല. നടതുറക്കുമ്പോൾ ശബരിമലയിൽ അയ്യായിരത്തോളംപേർ പെങ്കടുക്കുന്ന നാമജപയജ്ഞം നടത്താനിരുന്നത് സർക്കാർ അഭ്യർഥന മാനിച്ച് ഉപേക്ഷിച്ചു. കഴിഞ്ഞ തവണത്തേതുപോലെ പൊലീസ് അകമ്പടിയോടെ യുവതികളെ കടത്തിവിടാൻ ഇത്തവണ ശ്രമിക്കിെല്ലന്ന് സർക്കാർ ഉറപ്പും നൽകിയിട്ടുണ്ട്.
റിവ്യൂ ഹരജിയിൽ വിധി വരുന്നതുവരെ എൻ.എസ്.എസുമായി ചേർന്ന് നാട്ടിലുടനീളം നാമജപയജ്ഞങ്ങൾ നടത്തും. അതതു സമുദായങ്ങളിൽ പ്രചാരണം നടത്തി യുവതികളെ ശബരിമലയിൽ അയക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തിലെ വിധിയെ ആദ്യം അനുകൂലിച്ച ബി.ജെ.പിയും കോൺഗ്രസും പിന്നീടാണ് നിലപാട് മാറ്റിയത്. ഹിന്ദു പാർലമെൻറും എൻ.എസ്.എസുമാണ് ആദ്യംമുതൽ പ്രതിഷേധത്തിന് നേതൃത്വംനൽകിയത്. ഇപ്പോൾ ഒന്നാംഘട്ട വിജയനേട്ടം തട്ടിയെടുക്കാനാണ് ബി.ജെ.പി ശ്രമം. കോടതി വിധിയുടെ മറവിൽ ആചാരലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സമുദായങ്ങളുടെ ഏഴു നേതാക്കൾ ഇൗമാസം അഞ്ച്, ആറ് തീയതികളിൽ ശബരിമല സന്ദർശിക്കുമെന്നും അവർ അറിയിച്ചു.
ഹിന്ദു പാർലമെൻറ് ജനറൽ സെക്രട്ടറി സി.പി. സുഗതൻ, ആത്മീയസഭ സെക്രട്ടറി ഡോ. ഹരിനാരായണസ്വാമി, വെളുത്തേടത്ത് നായർ സമാജം ജനറൽ സെക്രട്ടറി ടി.എ. കൃഷ്ണൻകുട്ടി, കേരള ഗണകസമുദായ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ഹരിദാസ്, വെള്ളാള മഹാസഭ നേതാവ് പാറത്തോട് വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കോൺഗ്രസിന് ഉറച്ച നിലപാട് വേണം –വി.ഡി. സതീശൻ
തൃശൂർ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ കോൺഗ്രസ് ഉറച്ച നിലപാടെടുക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ. ആൾകൂട്ടത്തിന് പിറകെ പോകുന്നത് കോൺഗ്രസിെൻറ പാരമ്പര്യമല്ല. പരിഷ്കൃതസമൂഹത്തിൽ നിന്നും അപരിഷ്കൃതസമൂഹത്തിലേക്കാണ് കേരളം നടക്കുന്നതെന്നും സതീശൻ ആരോപിച്ചു. തൃശൂരിൽ സംസ്കാര സാഹിതി ജില്ല ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര പുരോഗമന ദേശീയ പ്രസ്ഥാനമാണ് കോൺഗ്രസ്. ആ ബോധ്യം നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടാവണം. പുരോഗമന വാദമുയർത്തുന്ന സി.പി.എം നിലപാട് കാപട്യമാണ്. സംഘ്പരിവാറിന് സൗകര്യമൊരുക്കുകയാണ് അവർ ചെയ്യുന്നത്. മതവും ജാതിയും പറഞ്ഞ് നേട്ടം കൊയ്യുന്ന തന്ത്രമാണ് സംഘ്പരിവാർ കേരളത്തിൽ പരീക്ഷിക്കുന്നത്. അതിന് അതിനെ സി.പി.എം സഹായിക്കുകയാണെന്നും കുറ്റപ്പെടുത്തി.
ശബരിമല: 3719 പേർ അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമലയിലെ അക്രമസംഭവങ്ങളിൽ വെള്ളിയാഴ്ച വരെ 546 കേസുകളിലായി 3719 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അന്വേഷണം ഉൗർജിതമായി നടന്നുവരുകയാണ്. അറസ്റ്റും കേസും ഇനിയും കൂടാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.