കൊച്ചി: അങ്കമാലി-ശബരിപാതയിൽ വീണ്ടും അനിശ്ചിതത്വത്തിന്റെ ചൂളംവിളി. കാൽനൂറ്റാണ്ടോളമായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിക്ക് കഴിഞ്ഞ കേന്ദ്ര ബജറ്റിൽ നൂറ് കോടി വകയിരുത്തിയതോടെയാണ് വീണ്ടും പ്രതീക്ഷയുടെ ട്രാക്കിലായത്. എന്നാൽ, ചെങ്ങന്നൂർ-പമ്പ പാതയെന്ന പുതുനിർദേശവുമായി റെയിൽവേ മന്ത്രാലയം നടപടികളാരംഭിച്ചതോടെയാണ് അങ്കമാലി-ശബരിപാത വീണ്ടും അനിശ്ചിതത്വത്തിലായത്. ഇതോടെ പദ്ധതിക്കായി ഭൂമി അളന്നു തിരിക്കപ്പെട്ടവരും ഏറ്റെടുത്തവരുമെല്ലാം ആശങ്കയിലായി.
അങ്കമാലിയിൽനിന്നാരംഭിച്ച് എരുമേലിയിൽ അവസാനിക്കുന്ന 116 കി.മീ റെയിൽ പദ്ധതിക്ക് കാൽ നൂറ്റാണ്ട് മുമ്പാണ് തുടക്കമായത്. 1997-98 കേന്ദ്ര ബജറ്റിൽ ഇതിനായി 550 കോടി കണക്കാക്കുകയും ചെയ്തു. എന്നാൽ, പ്രാരംഭ പ്രവർത്തനങ്ങൾ സജീവമായി നീങ്ങിയെങ്കിലും തുടർ പ്രവർത്തനങ്ങൾ നിലക്കുകയായിരുന്നു. 254 കോടി ചെലവിട്ട് ഏഴ് കിലോമീറ്റർ റെയിൽ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്ററുള്ള പെരിയാർ പാലവും നിർമിച്ചതാണ് ഏക പദ്ധതി പുരോഗതി.
പ്രവർത്തനം നിലച്ചതോടെ ദുരിതത്തിലായത് പദ്ധതിക്കായി ഭൂമി നഷ്ടമാകുന്ന എറണാകുളം, കോട്ടയം ജില്ലകളിലെ 70 കിലോമീററർ പരിധിയിലെ ഭൂവുടമകളായിരുന്നു. പദ്ധതിക്കായി ഭൂമി അളന്ന് തിരിച്ച് കല്ലിട്ടതോടെ ഈ ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതെ ഇവർ ദുരിതത്തിലായി. രണ്ടായിരത്തോളം ഭൂവുടമകളെ നേരിട്ട് ബാധിക്കുന്ന പദ്ധതിയിൽ 800 കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. കാൽ നൂറ്റാണ്ട് മുമ്പ് 550 കോടി ചെലവ് കണക്കാക്കിയ പദ്ധതിക്ക് ഒടുവിലെ കണക്ക് പ്രകാരം 3456 കോടിയാണ് ചെലവ്.
പദ്ധതി ചെലവ് ഉയർന്നതോടെ ഇതിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന വാദം കേന്ദ്രമുയർത്തി. ഒടുവിൽ സംസ്ഥാന സർക്കാർ രണ്ട് വർഷം മുമ്പ് ഈ നിർദേശം അംഗീകരിക്കുകയും ഇതിനായി കിഫ്ബി ഫണ്ട് വിനിയോഗിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ നൂറുകോടി അനുവദിച്ചതോടെയാണ് പദ്ധതിക്ക് ജീവൻ െവക്കുമെന്ന നേരിയ പ്രതീക്ഷയുണർന്നത്. എന്നാൽ, ഈ പ്രതീക്ഷകളെ തകിടം മറിച്ചാണ് പദ്ധതി ഉപേക്ഷിക്കുമെന്ന കേന്ദ്രത്തിന്റെ പരോക്ഷ പ്രഖ്യാപനം.
ചെങ്ങന്നൂർ-പമ്പ പാതയുടെ സർവേ നടപടികൾ പൂർത്തിയായ ശേഷമേ അങ്കമാലി -ശബരി പാതയുടെ കാര്യത്തിൽ തീരുമാനമെടുക്കൂയെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്. പദ്ധതി ഉപേക്ഷിക്കരുതെന്ന ആവശ്യവുമായി ഡീൻ കുര്യാക്കോസ് എം.പി അടക്കമുള്ളവർ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടിരുന്നു. എന്നാൽ, മന്ത്രിയുടെ പ്രതികരണം അനുകൂലമല്ലായിരുന്നുവെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.