കൊച്ചി: ഭരണഘടനയെ നിന്ദിക്കുന്ന പരാമർശത്തിലൂടെ നിയമപരമായി മന്ത്രി സജി ചെറിയാന്‍റെ വഴി പുറത്തേക്കുതന്നെയെന്ന് വിദഗ്ധർ. സത്യപ്രതിജ്ഞാലംഘനത്തിനപ്പുറം ഭരണഘടനയെത്തന്നെ തള്ളിപ്പറയുന്ന നിലപാട് മന്ത്രിയിൽനിന്ന് ഉണ്ടായത് നിസ്സാരമായി കാണാനാകില്ലെന്നാണ് നിയമ,ഭരണഘടന വിദഗ്ധരുടെ അഭിപ്രായം. രാജിവെക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിയോ ഗവർണറോ പുറത്താക്കുകയാണ് വേണ്ടതെന്നും ഇവർ പറയുന്നു.
ഭരണഘടനയുടെ രണ്ടാം പട്ടിക അനുസരിച്ചാണ് ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ' ഭാരതത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തും' എന്ന പ്രതിജ്ഞ ചൊല്ലി അധികാരമേറ്റ ശേഷം ഭരണഘടനയെത്തന്നെ തള്ളിപ്പറയുന്ന നടപടിയാണ് മന്ത്രിയിൽനിന്ന് ഉണ്ടായത്. മന്ത്രിയായിരിക്കെ ആർ. ബാലകൃഷ്ണപിള്ളയുടെ രാജിക്കിടയാക്കിയ പഞ്ചാബ് മോഡൽ പ്രസ്താവനയിൽനിന്ന് വ്യത്യസ്തവും ഗുരുതരവുമാണ് ഈ പരാമർശം.
കേവലം സത്യപ്രതിജ്ഞാലംഘനം രാജിക്ക് കാരണമല്ലെന്ന് ബാലകൃഷ്ണപിള്ള കേസിൽ ഹൈകോടതിയുടെ നിരീക്ഷണമുണ്ട്. എന്നാൽ, ഇവിടെ സത്യപ്രതിജ്ഞാലംഘനത്തിനപ്പുറം ഭരണഘടനയെത്തന്നെ അവഹേളിച്ചിരിക്കുകയാണ്. ജനത്തെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണെന്ന പരാമർശം അങ്ങേയറ്റത്തെ അനാദരവ് പ്രകടമാക്കുന്നതാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വരും ദിവസങ്ങളിൽ കോടതി മുഖേനയുള്ള നിയമ നടപടികൾക്കും മന്ത്രിയുടെ പ്രസ്താവന കാരണമാകും. ഭരണഘടന മോശമാണെന്നും അത് ചൂഷണത്തിന്‍റെ രേഖയാണെന്നുമൊക്കെ ഒരു മന്ത്രിതന്നെ അഭിപ്രായപ്പെടുന്നത് തീർത്തും അവഹേളനപരമാണെന്ന് മുതിർന്ന അഭിഭാഷകൻ കെ. രാംകുമാർ പറഞ്ഞു. സത്യപ്രതിജ്ഞാലംഘനം മാത്രമല്ല, ഭരണഘടനയെ അവഹേളിക്കാതിരിക്കുക എന്ന പൗരന്‍റെ പ്രാഥമിക കടമയും അദ്ദേഹം ലംഘിച്ചു.
ഐ.പി.സി 153 ബി പ്രകാരം മറ്റുള്ളവരുടെ മനസ്സിൽ ഭരണഘടനയെക്കുറിച്ച് അവഹേളനം സൃഷ്ടിക്കുന്നത് ശിക്ഷാർഹമാണ്. ഭരണഘടനയിലെ അപാകതകളെക്കുറിച്ച് പറയാനും പരിഷ്കരണം ആവശ്യപ്പെടാനും പൗരനെന്ന നിലയിൽ മന്ത്രിക്കും അവകാശമുണ്ടെങ്കിലും ഡോ. ബി.ആർ. അംബേദ്കറെ പോലുള്ള ദലിത് നേതാവിന് ബ്രിട്ടീഷുകാർ എഴുതിക്കൊടുത്തതാണ് ഭരണഘടനയെന്ന രീതിയിലുള്ള അവഹേളനം ഒരിക്കലും പാടില്ലാത്തതാണ്. ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നും രാംകുമാർ വ്യക്തമാക്കി.
ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തെക്കാൾ പല മടങ്ങ് ഗുരുതരമാണിതെന്ന് റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ പറഞ്ഞു. ഭരണഘടനയെ ഉൾപ്പെടെ വിമർശിക്കാൻ ജനാധിപത്യത്തിൽ അവകാശമുണ്ട്. എന്നാൽ, ആക്ഷേപിക്കാനാവില്ല. പ്രസംഗം രാജ്യദ്രോഹപരമാണ്. സത്യപ്രതിജ്ഞാലംഘനത്തിന് പുറമെ ക്രിമിനൽ കുറ്റകൃത്യവും മന്ത്രി നടത്തി. ഭരണഘടന ശിൽപി ബി.ആർ. അംബേദ്കർക്ക് നേരെയുള്ള ആക്ഷേപം കൂടിയാണ് ഇതെന്നും കെമാൽപാഷ ചൂണ്ടിക്കാട്ടി.
ഭരണഘടനയോട് വിശ്വാസവും കൂറും പുലർത്തുമെന്ന് പ്രതിജ്ഞ ചെയ്ത മന്ത്രി, ഇതിന് വിരുദ്ധമായി അതിനോടുള്ള അവിശ്വാസമാണ് പ്രകടിപ്പിച്ചിരിക്കുന്നതെന്ന് മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി അഭിപ്രായപ്പെട്ടു. ഭരണഘടനയെ അവിശ്വസിക്കുന്ന പ്രസ്താവനകൊണ്ടുതന്നെ തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലാത്തയാളായി മന്ത്രി മാറി. സ്വബോധത്തോടെ നടത്തിയതാണ് ഈ പ്രസ്താവനയെങ്കിൽ രാജിവെച്ചൊഴിയുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ആസഫലി കൂട്ടിച്ചേർത്തു.
മന്ത്രിയുടെ നിലപാട് ഭരണഘടനയെ അവഹേളിക്കുന്നതാണെന്ന് കൊച്ചി സർവകലാശാല നിയമ വിഭാഗം മുൻ ഡീനും നിയമ വിദഗ്ധനുമായ ഡോ. പി. ലീലാകൃഷ്ണനും പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ കുത്തകയെ സംരക്ഷിക്കുന്നതാണ് അതെന്ന ആരോപണം അബദ്ധമാണ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയാണ് വേണ്ടതെന്നും ഡോ. ലീലാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.