തിരുവനന്തപുരം: കേസ് ഒഴിവായാൽ സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലെത്തും. ഭരണഘടനയെ അവഹേളിച്ചെന്ന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സജി ചെറിയാൻ രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്.
മടങ്ങിയെത്തുമെന്ന സൂചനകൾ ബാക്കിയാക്കി പകരം മന്ത്രിയെ ഇതുവരെ പാർട്ടിയോ മുഖ്യമന്ത്രിയോ തീരുമാനിച്ചിരുന്നില്ല.
പ്രസംഗത്തിന് പിന്നാലെ വന്ന വിവാദത്തിന്റെ ഘട്ടത്തിൽ അത് തണുപ്പിക്കാനുള്ള നടപടിയാണ് പാർട്ടി കൈക്കൊണ്ടത്. കേസ് നിലനിൽക്കില്ലെന്ന നിയമോപദേശമാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. വൈകാതെ പൊലീസ് ഇത് കോടതിയെ അറിയിക്കും.
സജി ചെറിയാൻ രാജി സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വീതംവെച്ച് നൽകുകയായിരുന്നു.
ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല എന്നിവ മന്ത്രി വി. അബ്ദുഹിമാനും സാംസ്കാരികം, ചലച്ചിത്ര വികസന കോർപറേഷൻ, ചലച്ചിത്ര അക്കാദമി, കേരള സ്റ്റേറ്റ് കൾചറൽ ആക്ടിവിസ്റ്റ് വെൽഫെയർ ഫണ്ട് ബോർഡ് എന്നിവ മന്ത്രി വി.എൻ. വാസവനും യുവജനകാര്യ വകുപ്പ് പി.എ. മുഹമ്മദ് റിയാസിനുമാണ് നൽകിയത്. സജി ചെറിയാന്റെ േപഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന സർക്കാർ ജീവനക്കാരല്ലാത്തവരെ ഈ മന്ത്രിമാരുടെ ഓഫിസുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
മന്ത്രിസഭ പുനഃസംഘടനയുടെ ഘട്ടത്തിലും സജി ചെറിയാന് പകരം മന്ത്രിയെ നിയോഗിച്ചിരുന്നില്ല. പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പോയ എം.വി. ഗോവിന്ദന് പകരം സ്പീക്കർ എം.ബി. രാജേഷ് മന്ത്രിസഭയിലേക്കെത്തുക മാത്രമാണ് ചെയ്തത്. ഇതൊക്കെ സജി ചെറിയാൻ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുമെന്ന വ്യക്തമായ സൂചനകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.