കോട്ടയം: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് വാങ്ങിയശേഷം മറിച്ചുവിറ്റ കുമരകത്തെ ഭൂമിയിടപാടിൽ കോട്ടയം ജില്ല ഭരണകൂടത്തിെൻറ അന്വേഷണം. സർക്കാർ ഭൂമി കൈയേറിയായിരുന്നു വിൽപനയെന്ന് ആരോപണം ഉയർന്നതോടെ ഇത് അന്വേഷിക്കാൻ റവന്യൂമന്ത്രി മന്ത്രി കോട്ടയം ജില്ല കലക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച റവന്യൂ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ജില്ല കലക്ടർ വിളിച്ചുചേർത്തു.
പ്രാഥമികരേഖകൾ പരിശോധിച്ച കലക്ടർ അടിയന്തരമായി അന്വേഷിച്ച് വസ്തുത അറിയിക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ സ്ഥലം അളക്കാനും കലക്ടർ നിർദേശിച്ചു. ഇതിനുശേഷം റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകും. കുമരകം നവനസ്രത്ത് പള്ളിക്കു സമീപം വേമ്പനാട്ടുകായലിെൻറ തീരത്ത് മാതൃകകായൽ എന്നറിയപ്പെടുന്ന ഭാഗത്ത് 2005ലാണ് ദിലീപ് സ്ഥലം വാങ്ങിയത്. കുമരകം വില്ലേജിലെ 12ാം ബ്ലോക്കിൽ സർവേ നമ്പർ 190ൽ ഉൾപ്പെട്ട ഇൗ വസ്തു ഒൗസേപ്പ് എന്നയാളിൽനിന്നാണ് നടൻ വാങ്ങിയത്. സെൻറിന് 70,000 രൂപക്ക് വാങ്ങിയ അഞ്ചേക്കറോളം സ്ഥലം മൂന്നുവർഷത്തിനുശേഷം സെൻറിന് 4.80 ലക്ഷം രൂപക്ക് മറിച്ചുവിൽക്കുകയായിരുന്നുവെന്നാണ് രേഖകൾ. നേരത്തേ ദിലീപ് സർക്കാർ ഭൂമി കൈയേറിയെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് സ്പെഷൽ തഹസിൽദാറുടെ നേതൃത്വത്തിൽ സ്ഥലം അളക്കുകയും കൈയേറ്റം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല. കേസ് പിന്നീട് ഹൈകോടതിയിലും എത്തി.
കേസ് പരിഗണിച്ചപ്പോൾ സ്ഥലത്തിൽ സർക്കാർ ഭൂമിയുണ്ടെന്ന് റവന്യൂ വകുപ്പ് കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച സർവേ രേഖകളും സമർപ്പിച്ചു. ഫയലുകൾ പരിശോധിച്ച കോടതി കൈയേറ്റസ്ഥലം തിരിച്ചുപിടിക്കാൻ സ്പെഷൽ തഹസിൽദാർക്ക് നിർദേശം നൽകി. എന്നാൽ, സമ്മർദങ്ങൾക്ക് വഴങ്ങി റവന്യൂ വകുപ്പ് ഫയൽ പൂഴ്ത്തുകയായിരുന്നുെവന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. ഇതിനിടെ ദിലീപ് കൈയേറ്റം ഒഴിപ്പിക്കുന്നത് തടയണമെന്ന ഹരജി കോടതിയിൽ നൽകി. ഈ വർഷം മേയിൽ കോടതി വീണ്ടും പരിഗണിച്ചപ്പോൾ സ്ഥലം വിറ്റതിനാൽ പരാതിക്കാരനായ പി. ഗോപാലകൃഷ്ണൻ (ദിലീപ്) റിട്ട് പെറ്റീഷനുമായി മുന്നോട്ടുപോകുന്നില്ലെന്ന് അഭിഭാഷകൻ അറിയിച്ചു.
കൈയേറ്റം ഉണ്ടെന്ന് കണ്ടെത്തിയ ഭൂമി യാതൊരു തടസ്സവുമില്ലാതെ ദിലീപിന് വിറ്റഴിക്കാൻ കഴിഞ്ഞതിലും ദുരൂഹതയുണ്ട്. ഇതിനായി ദിലീപിനെ റവന്യൂവകുപ്പ് വഴിവിട്ട് സഹായിച്ചതായി ആരോപണമുണ്ട്. ഭൂമി ഇടപാടിൽ പരാതിയുമായി രംഗത്തിറങ്ങിയ പരിസ്ഥിതി പ്രവർത്തകരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങൾ വീണ്ടും സജീവമായതോെടയാണ് ചൊവ്വാഴ്ച അന്വേഷണത്തിന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.