അടിമാലി: ബവ്റിജസ് ഔട്‌ലെറ്റില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ മദ്യം വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ ബവ്റിജസ് ജീവനക്കാരനുള്‍പ്പെടെ നാലു പേരെ ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു.
പൂപ്പാറ ബവ്റിജസ് ഔട്‌ലെറ്റിലെ ജീവനക്കാരനായ തിരുവനന്തപുരം കോലിയക്കോട് താരകംഉല്ലാസ നഗറില്‍ ബിനു(50), ബന്ധുവായ പോത്തന്‍കോട് പുത്തന്‍വീട്ടില്‍ ബിജു (40), ഇടുക്കി കഞ്ഞിക്കുഴി തള്ളക്കാനം തോട്ടുപുറത്ത് ബിനു (53), മകന്‍ എബിന്‍ (22) എന്നിവരെയാണ് ശാന്തന്‍പാറ സി.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൂപ്പാറ തലക്കുളത്തിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഇവര്‍ സഞ്ചരിച്ച ജീപ്പില്‍നിന്നു 35 ലിറ്റര്‍ വരുന്ന 70 കുപ്പി വ്യാജ മദ്യവും കണ്ടെടുത്തു. ബവ്റിജസ് ഔട്‌ലെറ്റില്‍ നിന്നും വില കുറഞ്ഞ മദ്യം വാങ്ങി പുറത്ത് ചില്ലറ വില്‍പന നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കാനായി കൊണ്ടു വന്ന വ്യാജ മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. എംസി എന്ന മദ്യത്തിന്റെ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച കുപ്പിയിലുള്ള മദ്യം ബവ്റിജസ് ഔട്‌ലെറ്റില്‍ നിന്നാണെന്ന വ്യാജേനയാണ് പ്രതികള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. ബവ്റിജസ് ഔട്‍ലെറ്റിലെത്തുന്ന ചില ഉപഭോക്താക്കളോട് 440 രൂപയുടെ മദ്യം 300 രൂപക്ക് നല്‍കാമെന്ന് ബിനു പറഞ്ഞ വിവരം മറ്റ് ചില ജീവനക്കാര്‍ അറിഞ്ഞിരുന്നു.
ഈ വിവരം ബവ്റിജസ് അധികൃതര്‍ പൊലീസിനെയും എക്സൈസ് വിഭാഗത്തെയും അറിയിച്ചതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. ബിനുവിന്റെ നീക്കങ്ങള്‍ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എബിന്‍ ഓടിച്ച ജീപ്പില്‍ നിന്നാണ് വ്യാജ മദ്യം കണ്ടെത്തിയത്. ഏഴു മാസം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ ബിനു പൂപ്പാറയിലെ ബവ്റിജസ് ഔട്‌ലെറ്റിലേക്ക് സ്ഥലം മാറിയെത്തിയത്.
എറണാകുളം ഭാഗത്ത് നിന്നാണ് ഇവര്‍ വ്യാജ മദ്യം കൊണ്ടു വന്നതെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ശാന്തന്‍പാറ സി.ഐ പറഞ്ഞു. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.