കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിയുടെ വിമർശനത്തിൽ നടപടിക്ക് സമസ്ത നേതൃത്വത്തിൽ സമ്മർദം. നടപടി ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പ് ലീഗ് നേതൃത്വം സമസ്തയിലെ മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഉമർ ഫൈസിയുടെ പ്രസ്താവനക്ക് തങ്ങളുമായി ബന്ധമില്ലെന്ന സമസ്ത മുശാവറയുടെ പേരിലുള്ള ഒഴുക്കൻ മറുപടിയിൽ വിഷയം തീരില്ലെന്ന് ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇതുസംബന്ധിച്ച് മുശാവറ ചേരാനോ നടപടി സ്വീകരിക്കാനോ സമസ്ത നേതൃത്വം തയാറായില്ലെന്ന് മാത്രമല്ല, സമസ്തയുടെ ശക്തി എല്ലാവരും അറിയുമെന്ന മുന്നറിയിപ്പ് സ്വരമാണ് പ്രസിഡന്റ് ജിഫ്രി തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇത് ലീഗ് നേതൃത്വത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു. പിന്നീട് ലീഗ് നേതാക്കളായ പി.എം.എ. സലാമും കെ.എം. ഷാജിയും യൂത്ത് ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസും സമസ്ത നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമുയർത്തി.
മുശാവറയിൽ ജന. സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, എം.ടി. അബ്ദുല്ല മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ നദ്വി കൂരിയാട് തുടങ്ങി നിരവധി പേർക്ക് സാദിഖലി തങ്ങൾക്കെതിരായ ഉമർ ഫൈസിയുടെ വിമർശനത്തിൽ കടുത്ത അതൃപ്തിയുണ്ട്. നടപടി വേണമെന്ന നിലപാടാണ് ഇവർക്കും.
പൊതുസമൂഹം ആദരിക്കുന്ന പാണക്കാട് കുടുംബത്തിന്റെ പ്രതിച്ഛായ തകർക്കണമെന്ന സി.പി.എം ഗൂഢാലോചനയുടെ ഉപകരണമാണ് ഉമർ ഫൈസി എന്നതാണ് ലീഗ് വിലയിരുത്തൽ. മദ്റസ മുഅല്ലിം ക്ഷേമനിധി ബോർഡിന്റെ അധ്യക്ഷ സ്ഥാനം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് നീക്കമെന്നും ലീഗ് സംശയിക്കുന്നു. സി.പി.എം നേതാക്കളുമായി സമ്പർക്കം പുലർത്തുന്ന ഉമർ ഫൈസി മുമ്പും ലീഗ് വിരുദ്ധ നീക്കങ്ങൾ നടത്തിയിരുന്നു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരായ പ്രക്ഷോഭത്തിൽനിന്ന് പൊടുന്നനെ സമസ്തയെ പിന്തിരിപ്പിച്ച നടപടി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മുസ്ലിം സംഘടനകൾ യോഗം ചേർന്ന് സ്വീകരിച്ച തീരുമാനങ്ങൾക്ക് വിരുദ്ധമായി ജിഫ്രി തങ്ങളുടെ പൊടുന്നനെയുള്ള പിന്മാറ്റ പ്രഖ്യാപനത്തിന് പിന്നിൽ ചരടുവലിച്ചത് മുക്കം ഫൈസിയുടെ നേതൃത്വത്തിലുള്ള ലീഗ് വിരുദ്ധരാണെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ടായിരുന്നു. തുടർന്നാണ് ലീഗ് ഒറ്റക്ക് കോഴിക്കോട് കടപ്പുറത്ത് വൻ പ്രക്ഷോഭം സംഘടിപ്പിച്ച് മറുപടി നൽകിയത്.
ഉമർ ഫൈസിയുടെ പ്രസ്താവന സമസ്ത തള്ളുകയും താക്കീത് നൽകുകയെങ്കിലും ചെയ്തില്ലെങ്കിൽ അത് ലീഗിന് കടുത്ത ക്ഷീണമുണ്ടാക്കും. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ലെന്ന സന്ദേശമാണ് ലീഗ് നേതൃത്വം സമസ്തക്ക് നൽകിയിരിക്കുന്നത്. അതിനിടെ, സാദിഖലി തങ്ങൾ പ്രസിഡന്റായ എസ്.വൈ.എസിന്റെ പേരിൽ കെ.എം. ഷാജിക്കെതിരെ ഞായറാഴ്ച വാർത്തസമ്മേളനം നടത്തിയ സംസ്ഥാന വർക്കിങ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ നടപടിയും വിവാദമായിട്ടുണ്ട്. സാദിഖലി തങ്ങളുടെ അനുമതി തേടാതെ എസ്.വൈ.എസിന്റെ പേരിൽ നടത്തിയ വാർത്തസമ്മേളനവും യഥാർഥത്തിൽ അടിയായത് ലീഗ് നേതൃത്വത്തിനാണ്. ലീഗ് വിരുദ്ധരുടെ നീക്കത്തിനെതിരെ ശക്തമായ മറുനീക്കവും നടക്കുന്നുണ്ട്.
സമസ്ത പോഷക സംഘടനകളുടെ അധ്യക്ഷ സ്ഥാനങ്ങളിൽ പാണക്കാട് കുടുംബത്തിൽനിന്നുള്ളവരാണ്. ലീഗ് വിരുദ്ധർക്കെതിരെ പാണക്കാട് കുടുംബത്തിലെ മറ്റു നേതാക്കളും രംഗത്തുവന്നാൽ അത് വലിയ പ്രതിസന്ധിയുണ്ടാക്കും. സാദിഖലി തങ്ങളെ വിവരമില്ലാത്തയാൾ എന്ന് അധിക്ഷേപിച്ച ഉമർ ഫൈസിയുടെ നടപടി കൊടപ്പനക്കൽ തറവാടിനെതിരായ നീക്കമായാണ് പാണക്കാട് കുടുംബത്തിന്റെയും വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.