മലപ്പുറം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ പ്രഖ്യാപിച്ച സമര പരിപാടികളിൽനിന്ന് സമസ്ത പിന്മാറിയത് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റിയെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നത മൂലമെന്ന് സൂചന. പള്ളികളിൽ ബോധവത്കരണം നടത്താൻ തീരുമാനിച്ച യോഗത്തിലേക്ക് സമസ്ത പ്രതിനിധികളെ വിളിച്ചത് മുസ്ലിം ലീഗ് നേതൃത്വമായിരുന്നു. ലീഗിനോട് അടുത്ത് നിൽക്കുന്നവരെ വ്യക്തിപരമായി വിളിച്ച് യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുകയാണ് ചെയ്തതെന്നും നേതൃത്വത്തിെൻറ അറിവോ സമ്മതമോ ഇതിനുണ്ടായിരുന്നില്ലെന്നുമാണ് അറിയുന്നത്. ഇൗ യോഗത്തിലെടുത്ത തീരുമാനം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചതാണ് സമസ്ത പ്രസിഡൻറിനെ ചൊടിപ്പിച്ചത്.
കോഓഡിനേഷൻ കമ്മിറ്റിയുടെ സെക്രട്ടറിയായി ലീഗ് ജനറൽ സെക്രട്ടറി തുടരുന്നതിനോടും സമസ്തക്ക് യോജിപ്പില്ല. ഇതിന് പുറമെ വിരലിലെണ്ണാവുന്ന അണികളുള്ള സംഘടനകളും ഗ്രൂപ്പുകളും കമ്മിറ്റിയിൽ പങ്കെടുക്കുന്നതിലും സമസ്തക്ക് വിയോജിപ്പുണ്ട്്. മുമ്പ് നടന്ന യോഗത്തിൽ മുസ്ലിംകൾക്കിടയിൽ വളരെ കുറച്ച് പ്രാതിനിധ്യം മാത്രമുള്ള വിഭാഗത്തിെൻറ പ്രതിനിധികൾ പങ്കെടുത്തിരുന്നു. എന്നാൽ, ഈ വിഭാഗത്തിെൻറ ഔദ്യോഗിക പ്രതിനിധികൾ തങ്ങളാണെന്ന് അവകാശപ്പെട്ട് മറ്റൊരു സംഘം രംഗത്തു വന്നതോടെ പിന്നീടുള്ള യോഗങ്ങളിൽ അവരെയും പങ്കെടുപ്പിക്കേണ്ടിവന്നു. മൂന്നും നാലും സംഘടനകളായി പിരിഞ്ഞ പ്രമുഖ മതസംഘടനയുടെ എല്ലാ വിഭാഗത്തിെൻറയും പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
40 ലക്ഷത്തിലധികം അനുയായി വൃന്ദമുള്ള സമസ്തയും തീരെ പ്രാതിനിധ്യമില്ലാത്ത സംഘടനകളും ഒരേ രീതിയിൽ പരിഗണിക്കപ്പെടുന്നതിലെ അസ്വസ്ഥതയാണ് പ്രധാനമായും സമസ്ത നേതൃത്വത്തിനുള്ളത്. മുസ്ലിം ലീഗിെൻറ അപ്രമാദിത്വം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടും തീരുമാനത്തിന് പിന്നിലുണ്ട്. ലീഗ് നേതൃത്വവുമായി അടുത്ത് നിൽക്കുന്ന നേതാക്കളുടെ നേതൃത്വത്തിൽ എസ്.വൈ.എസ് കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്തും മഞ്ചേരിയിലും സമരം നടത്തിയിരുന്നു. സമരം ചെയ്യുക എന്ന സംഗതി സമസ്തക്കില്ലെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവന ഈ സമരങ്ങളെ തള്ളിപ്പറയുന്നതിെൻറ ഭാഗം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.