മലപ്പുറം: സംഭലിലെ ശാഹി ജമാ മസ്ജിദ് സര്‍വേ നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതിയുടെ ഇടപെടല്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സര്‍വേ നടപടികള്‍ തടഞ്ഞതിനൊപ്പം ജില്ല ഭരണകൂടത്തോട് സമാധാന സമിതി രൂപവത്കരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഒന്നിന് പിറകെ ഒന്നായി ഓരോ സ്ഥലത്തും ചെന്ന് കെട്ടിച്ചമച്ച ന്യായങ്ങള്‍ പറഞ്ഞു കുഴിച്ചു നോക്കി ആരാധനാലയങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും മേല്‍ അവകാശവാദമുന്നയിച്ച് കലാപമുണ്ടാക്കാനുള്ള അജണ്ടകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നടപ്പാക്കുന്ന ഒരു ഘട്ടത്തിലാണ് സുപ്രീംകോടതി ഇടപെടല്‍ നടത്തിയിരിക്കുന്നത് എന്നത് ആശാവഹമാണ്.
പരമോന്നത നീതി പീഠത്തിന്റെ ഇടപെടല്‍ ആയത് കൊണ്ട് രാജ്യത്ത് ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുന്ന ഇത്തരം അജണ്ടകളിലൊക്കെ അത് പ്രതിഫലിക്കും. അത് കൊണ്ട് തന്നെ രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ക്കും മതേതര സമൂഹത്തിനും ഏറെ ആശ്വാസം നല്‍കുന്ന വിധിയാണിത്. ഇത്തരം വിഭാഗീയ പ്രവണതകള്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങള്‍ക്ക് ഈ വിധി മാനിക്കേണ്ടി വരും. വര്‍ഗീയ അജണ്ടകളിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഈ കാലത്ത് സുപ്രീംകോടതിയുടെ ഇടപെടലിന് ഏറെ പ്രധാന്യമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇത്തരം അജണ്ടകള്‍ക്കെതിരെ മുസ്ലിം ലീഗ് പാര്‍ട്ടി ജനാധിപത്യ രീതിയില്‍ പരമാവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നമ്മുടെ എം.പിമാര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഡല്‍ഹി കേന്ദ്രീകരിച്ച് കൊണ്ട് ഇടപെടലുകള്‍ നടത്തുന്നുണ്ട്. സംഭല്‍ സന്ദര്‍ശിക്കാന്‍ പോയ മുസ്ലിം ലീഗ് എം.പിമാരെ യു.പി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് അവിടെ നിന്നുള്ള പ്രതിനിധി സംഘം ഡല്‍ഹിയിലെത്തി നേതാക്കളുമായും എം.പിമാരുമായും ചര്‍ച്ച നടത്തി. ആ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ നിയമസഹായമടക്കം സംഭലില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ രൂപമുണ്ടാക്കി ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്ദീനുമായും സാദിഖലി ശിഹാബ് തങ്ങളുമായും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.