സംഗീത വധം: പ്രതിയെ കോടതി റിമാന്റ് ചെയ്തു

വർക്കല: പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി പള്ളിക്കൽ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്തു വീട്ടിൽ ഗോപു (20) വിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.  വടശേരിക്കോണം കുളക്കോട്ട് പൊയ്ക സംഗീത നിവാസിൽ സജീവിന്റയും ശാലിനിയുടെയും മകൾ സംഗീത(17) ആണ് ബുധനാഴ്ച പുലർച്ചെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തുനിന്നും സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. പ്രതിയുടെ പള്ളിക്കലെ വീട്ടിൽ നിന്നാണ് പുലർച്ചെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാവിലെ വർക്കല കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കൊലപാതകം നടത്തിയതിന് ഐ.പി.സി 302 വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതി പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിക്ക് സഹായിയായി മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ശിവഗിരി തീർത്ഥാടന തിരക്ക് കഴിഞ്ഞ ശേഷം ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണങ്ങൾക്കും തെളിവെടുപ്പിനും ശേഷം കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കാനുണ്ടെങ്കിൽ ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സഹോദരി സിജിതക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ വീടിന് പുറത്തേക്ക് വിളിച്ചിറക്കിയ സുഹൃത്തായ പ്രതി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി മുറിവേറ്റ പെൺകുട്ടിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴി മരണപ്പെടുകയായിരുന്നു. നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളജിലെ ഒന്നാംവർഷ ബികോം വിദ്യാർത്ഥിനിയായിരുന്നു സംഗീത. 

Tags:    
News Summary - sangeetha murder: Court remands accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.