തിരുവനന്തപുരം: ചാൻസലറായ ഗവർണർ സെർച് കമ്മിറ്റി രൂപവത്കരിച്ച് വിജ്ഞാപനം ഇറക്കിയതോടെ രാജ്ഭവനെ മുന്നിൽ നിർത്തി കേരള സർവകലാശാല വൈസ് ചാൻസലർ പദവി ലക്ഷ്യമിട്ട് സംഘ്പരിവാർ നീക്കം. ആറു സർവകലാശാലകളിലെ വി.സി നിയമനത്തിനാണ് വെള്ളിയാഴ്ച വിജ്ഞാപനം ഇറക്കിയതെങ്കിലും ദേശീയതലത്തിൽതന്നെ അറിയപ്പെടുന്ന കേരളയാണ് സംഘ്പരിവാർ പ്രധാനമായും ലക്ഷ്യമിടുന്നത്.
കേരള വി.സി നിയമനത്തിനു രൂപവത്കരിച്ച സെർച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയായി ഉൾപ്പെടുത്തിയിരിക്കുന്നത് കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ബട്ടു സത്യനാരായണയെയാണ്. ആർ.എസ്.എസുമായി അടുത്ത ബന്ധമുള്ളയാളാണ് ബട്ടു സത്യനാരായണ.
കർണാടക സർവകലാശാല കാമ്പസിൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിന് സത്യനാരായണയെ വി.സി സ്ഥാനത്തുനിന്ന് നീക്കണമെന്ന് എ.ഐ.എസ്.എഫ് ഉൾപ്പെടെ ഇടതു വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ആർ.എസ്.എസ് ബന്ധമുള്ള വിദ്യാഭ്യാസ സംവിധാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നയാൾ കൂടിയാണ് ബട്ടു സത്യനാരായണ.
ഐ.എസ്.ആർ.ഒ ചെയർമാനായ ഇ. സോമനാഥാണ് കേരള വി.സി നിയമന സെർച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി. ചാൻസലറായ ആരിഫ് മുഹമ്മദ് ഖാന്റെ താൽപര്യപ്രകാരമായിരിക്കും സെർച് കമ്മിറ്റിയിലെ അദ്ദേഹത്തിന്റെ പ്രതിനിധി പ്രവർത്തിക്കുക. സോമനാഥ് ആണ് സെർച് കമ്മിറ്റി കൺവീനർ. കൺവീനറാണ് കമ്മിറ്റിയുടെ ശിപാർശ ചാൻസലർക്ക് കൈമാറേണ്ടതും.
കർണാടകയിലെ ആർ.എസ്.എസ് അനുകൂലിയെ ഉൾപ്പെടെ കേരള വി.സി സ്ഥാനത്തേക്ക് ആർ.എസ്.എസ് പരിഗണിക്കുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് കർണാടക കേന്ദ്ര സർവകലാശാല വി.സിയെ സെർച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നാണ് സൂചന. മലയാളം സർവകലാശാലയുടെ സെർച് കമ്മിറ്റിയിലും യു.ജി.സി പ്രതിനിധി ബട്ടു സത്യനാരായണതന്നെയാണ്.
മറ്റ് സെർച് കമ്മിറ്റികളിലും യു.ജി.സി പ്രതിനിധികളിൽ പലരും ആർ.എസ്.എസ് ബന്ധമുള്ളവരാണെന്നാണ് സൂചന. കേരള, കാലിക്കറ്റ് സെനറ്റുകളിലേക്ക് കൂട്ടത്തോടെ ബി.ജെ.പി പ്രതിനിധികളെ ഗവർണർ നാമനിർദേശം ചെയ്തത് വിവാദമായിരുന്നു. ഇതിൽ കേരള സെനറ്റിലേക്ക് എ.ബി.വി.പി നേതാക്കളെ നാമനിർദേശം ചെയ്തത് ഹൈകോടതി റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.