തിരുവനന്തപുരം: കഴിഞ്ഞ ഡിസംബറിൽ പേരൂർക്കടയിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലും പ്രതി അറസ്റ്റിലായ സന്തോഷ് തന്നെയെന്ന് തെളിഞ്ഞു. വിരലടയാള പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കേസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.
നഗരത്തിൽ പഠനാവശ്യത്തിനെത്തിയ ഇതരജില്ലക്കാരിയായ പെൺകുട്ടിയെയാണ് താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറി പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. ബലാത്സംഗ ശ്രമം, കത്തി ഉപയോഗിച്ച് ശാരീരികമായി ഉപദ്രവിച്ചു തുടങ്ങി ഗുരുതരമായ വകുപ്പുകൾ ഉണ്ടായിട്ടും അന്വേഷണം കാര്യക്ഷമമായില്ല.
കുറവംകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറുകയും മ്യൂസിയത്തിനുള്ളിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയുടെ ചിത്രം മാധ്യമങ്ങളിലൂടെ കണ്ടാണ് യുവതി സന്തോഷിനെ തിരിച്ചറിഞ്ഞത്. തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വിരലടയാള പരിശോധനയിൽ പ്രതി സന്തോഷ് തന്നെയാണെന്ന് തിരിച്ചറിയുകയായിരുന്നു. വിരലടയാളം ഉൾപ്പെടെ തെളിവുകൾ മുമ്പ് തന്നെ പൊലീസ് ശേഖരിച്ചിരുന്നു.
മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് താൽക്കാലിക ജീവനക്കാരനായ സന്തോഷ്. കേസിൽ പ്രതിയാണെന്ന് തെളിഞ്ഞതോടെ ഇയാളെ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.