കോഴിക്കോട്: കറുപ്പിൽ അഹങ്കരിക്കുന്ന നിലയിലേക്ക് നമ്മുടെ പൊതുബോധം മാറ്റിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ചേവായൂർ കിർത്താഡ്സിൽ ‘നെർദ്ധി 2025’ (നെർദ്ധി: ബെട്ടക്കുറുമ ഗോത്ര വിഭാഗം നീലഗിരി കുന്നുകളെ വിളിക്കുന്ന പേര്) ദേശീയ ഗോത്ര സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന ‘കുടുംബശ്രീ ശാരദ; സാമൂഹിക നീതിയുടെ ഗോത്രാതിജീവനം’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. സമൂഹത്തിലെ താഴേതട്ടിലുള്ളവരാണ് കറുത്തവർ എന്ന പൊതുബോധം തിരുത്തണം. നിറം താരതമ്യപ്പെടുത്തിയുള്ള പരാമർശത്തിൽ തനിക്ക് വിഷമമുണ്ടായിരുന്നുവെന്ന് അവർ തുറന്നുപറഞ്ഞു. ഏത് ചെറിയ കാര്യങ്ങളിലും എനിക്ക് നല്ല വിഷമമുണ്ടാവും. പക്ഷേ, അത് കൊണ്ട് നീറി, അതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് തീരുമാനിച്ചാൽ പിന്നെ അതിനെക്കുറിച്ച് ഒർക്കില്ല. അതാണ് എന്റെ രീതിയെന്നും അവർ കൂട്ടിച്ചേർത്തു.
ലോകത്തുതന്നെ കറുപ്പ് പ്രശ്നമാണ്. ആഫ്രിക്കക്കാരുമായാണ് കറുപ്പിനെ ബന്ധപ്പെടുത്തുക. ആഫ്രിക്കക്കാർ വിവരദോഷികളും സംസ്കാരമില്ലാത്തവരുമാണെന്ന സായിപ്പിന്റെ സങ്കൽപമാണ് ഇപ്പോഴും നമ്മൾ പിന്തുടരുന്നത്. ഇത് പൊളിച്ചെഴുതണം. നമ്മുടെ സാമൂഹിക വ്യവസ്ഥതന്നെ ചില വിഭാഗങ്ങളെ പാർശ്വവത്കരിക്കുന്നുണ്ട്. ഇങ്ങനെ പാർശ്വവത്കരിക്കപ്പെട്ടാൽ അതിനെ തിരുത്തുക ഏറെ ശ്രമകരമാണെന്നും അവർ പറഞ്ഞു. ജാതീയമായ അന്തരം കുടുംബശ്രീയിലും ഉണ്ടായിരുന്നു. കണക്കെടുത്തു നോക്കിയപ്പോൾ കുടുംബശ്രീയിൽ അഞ്ച് ശതമാനമായിരുന്നു പട്ടികജാതിക്കാരുടെ പ്രാതിനിധ്യം. പട്ടിക വിഭാഗക്കാർ വളരെ കുറവും.
ഈ വിഭാഗങ്ങളിൽനിന്ന് സി.ഡി.എസ് ചെയർപേഴ്സനായി വരുന്നത് വട്ടപ്പൂജ്യമായിരുന്നു. ഒരിക്കൽ കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ സി.ഡി.എസിന്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ യോഗം നിയന്ത്രിച്ചിരുന്നത് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. സി.ഡി.എസ് ചെയർപേഴ്സൻ എവിടെപ്പോയി എന്നു ചോദിച്ചപ്പോൾ ചായ കൊണ്ടുവരാൻ പോയെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ, പിന്നീട് അതിൽനിന്നെല്ലാം മാറ്റമുണ്ടായെന്നും അവർ പറഞ്ഞു. അംഗങ്ങളായ സ്ത്രീകളാണ് കുടുംബശ്രീയുടെ വിജയം. ശാരദ അതിന്റെ ഒരു ഭാഗം മാത്രമാണെന്ന് കുടുംബശ്രീ ശാരദ എന്ന പേരിനെക്കുറിച്ചു പരാമർശിച്ച് ചീഫ് സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.