തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസില്‍ സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരെ സാക്ഷിയാക്കി പ്രത്യേക അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് സരിതയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി. സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ മുൻ എം.എൽ.എ പി.സി. ജോര്‍ജും ക്രൈം നന്ദകുമാറും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയുണ്ടെന്ന് സരിത മൊഴി നല്കി. അതിനിടെ സ്വപ്നയുമായി ആശയവിനിമയം നടത്തുകയും അടുപ്പം പുലർത്തുകയും ചെയ്ത ഷാജ് കിരണിനെ കേസില്‍ ഉള്‍പ്പെടുത്തുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.
ദിവസങ്ങൾക്കുള്ളിൽ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം യോഗം ചേർന്ന് സ്വപ്ന സുരേഷ്, ഷാജ് കിരൺ എന്നിവരെ ചോദ്യം ചെയ്യുന്ന കാര്യത്തിലുൾപ്പെടെ തീരുമാനമെടുക്കും. അതിനുമുമ്പ് തന്നെ സരിതയുടെ രഹസ്യമൊഴി കോടതി മുമ്പാകെ രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷയും പൊലീസ് നൽകുമെന്നാണ് വിവരം. സ്വപ്നയുടെ പരാതിയും രഹസ്യമൊഴി നൽകുന്ന കാര്യങ്ങളെക്കുറിച്ചും പി.സി. ജോര്‍ജും സരിതയും സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന ആക്ഷേപം സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുടർന്നാണ് കെ.ടി. ജലീല്‍ എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയും സ്വപ്ന, പി.സി. ജോർജ് എന്നിവരെ പ്രതികളാക്കുകയും ചെയ്തത്. ഈ കേസിൽ ഗൂഢാലോചന, കലാപമുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന വിലയിരുത്തലിൽ തന്നെയാണ് പ്രത്യേക അന്വേഷണസംഘം.
ശബ്ദരേഖയിൽ കൃത്രിമം നടത്തിയെന്നാരോപിച്ച് ഷാജ് കിരണും ഇബ്രാഹിമും ഡി.ജി.പിക്ക് നൽകിയ പരാതിയും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. അതിനാൽ ഈ ശബ്ദരേഖയുടെ സാങ്കേതിക പരിശോധനയും നടക്കുമെന്നാണറിയുന്നത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സ്വപ്നയും പി.സി. ജോർജും കോടതിയെ സമീപിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. പൊലീസ് നടപടിയെ ചോദ്യം ചെയ്ത് പ്രതികൾ കോടതിയെ സമീപിച്ചാൽ അതിനെ പ്രതിരോധിക്കാൻ ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകൾ ശേഖരിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികളും അവർ കൈക്കൊണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.