കളമശ്ശേരി: കോൺഗ്രസ് ചിന്താഗതിക്കാരായവരുടെ കുടുംബത്തിൽ ജനിച്ച് കമ്യൂണിസ്റ്റായി വളരുകയും ജീവിക്കുകയും ചെയ്ത നേതാവായിരുന്നു സരോജിനി ബാലാനന്ദൻ. 1957 സെപ്റ്റംബർ ഒന്നിനായിരുന്നു ഇ. ബാലാനന്ദനുമായി സരോജിനിയുടെ വിവാഹം. ബാലാനന്ദന്റെ മാതാവിന്റെ ബന്ധത്തിൽ നിന്നുള്ള കൊല്ലം ശക്തികുളങ്ങരയിൽ വിഷവൈദ്യനായിരുന്ന കേശവൻ വൈദ്യരുടെ മകൾ. വിവാഹ സമയം കൊല്ലം എസ്.എൻ. വനിത കോളജിൽ ഇന്റർമീഡിയറ്റിന് പഠിക്കുകയായിരുന്നു സരോജിനി.
വിവാഹം കഴിഞ്ഞതോടെ ബാലാനന്ദന്റെ സമരകാല അനുഭവങ്ങളും തൊഴിലാളി സഖാക്കളുടെ സ്നേഹവും അനുഭവിച്ചറിഞ്ഞാണ് സരോജിനിയും കമ്യൂണിസത്തിൽ ആകൃഷ്ടയായത്. ഇക്കാര്യം ബാലാനന്ദൻതന്നെ തന്റെ ഓർമക്കുറിപ്പുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. കളമശ്ശേരിയിലെ ശ്രീചിത്ര മിൽ കമ്പനിയിൽനിന്ന് പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി ടി.കെ. രാമകൃഷ്ണനൊപ്പം ബാലാനന്ദൻ കമ്പനിക്ക് മുന്നിൽ നിരാഹാര സമരം തുടങ്ങി.
ദിവസങ്ങൾ നീണ്ട സമരത്തിനിടെ ആലുവ അശോക ടെക്സ്റ്റൈൽ തൊഴിലാളി സഹകരണ സംഘത്തിൽ ക്ലർക്കായി സരോജിനി ജോലിക്ക് കയറി. ജോലിക്ക് പോകുമ്പോഴും വരുമ്പോഴും സരോജിനി സമരപ്പന്തലിൽ കയറി ബാലാനന്ദനെ കാണും. ഈ സമയം ഒപ്പമുള്ള പാർട്ടി പ്രവർത്തകരുടെ സ്നേഹവും ഇടപെടലുകളും നേരിട്ടറിഞ്ഞതാണ് സരോജിനിയുടെ രാഷ്ട്രീയ ചിന്തകളിൽ മാറ്റമുണ്ടാക്കിയതെന്നാണ് ബാലാനന്ദൻ പറഞ്ഞത്.
ജനാധിപത്യ മഹിള അസോസിയേഷൻ നേതാക്കളായ കെ.ആർ. ഗൗരിയമ്മ, സുശീല ഗോപാലൻ തുടങ്ങിയവരോടൊത്ത് പ്രവർത്തിച്ചിരുന്ന സരോജിനി എറണാകുളത്താണ് കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് രണ്ട് സമരങ്ങളിൽ അവർക്ക് മർദനം ഏൽക്കേണ്ടി വന്നു. 1974ൽ വിലക്കയറ്റത്തിനെതിരെ മഹിള അസോസിയേഷൻ പ്രവർത്തകർ എറണാകുളം ബ്രോഡ് വേയിൽ നടത്തിയ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന സരോജിനി ബാലാനന്ദനെയും മറ്റു നേതാക്കളെയും കടക്കുള്ളിൽ അടച്ചിട്ടാണ് മർദിച്ചത്.
പിന്നീട് തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് കളമശ്ശേരിയിൽ നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ കൈപ്പത്തിയുടെ എല്ലൊടിഞ്ഞു. പ്രകടനത്തിന് നേതൃത്വം നൽകിയ നേതാക്കൾക്കൊപ്പം അറസ്റ്റിലായി ആലുവ സബ് ജയിലിൽ അടച്ച സരോജിനിയെ പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അപ്രതീക്ഷിതമായി സി.പി.എം സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയ വാർത്തയറിഞ്ഞ് ഏറെ വികാരാധീനയായാണ് അവർ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.