കണ്ണൂർ: പാർട്ടിക്കകത്തും പുറത്തും ഒരുപോലെ ജനകീയൻ. അതേസമയം, തെരഞ്ഞെടുപ്പ് ഗോദയിൽ തുടർച്ചയായ പരാജയങ്ങളായിരുന്നു നിയോഗം. സതീശൻ പാച്ചേനി എന്ന നേതാവിന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഈ വൈരുധ്യം രാഷ്ട്രീയ വിശകലനങ്ങൾക്കുമപ്പുറത്തെ സമസ്യയാണ്.
ആറു തവണയാണ് പാച്ചേനി സ്ഥാനാർഥിയായത്. ഒരിക്കൽ പോലും ജയിക്കാനായില്ല. കോൺഗ്രസിൽ പാർട്ടിക്ക് അകത്തും പുറത്തും ഒരുപോലെ ജനകീയനായിരുന്നു സതീശൻ പാച്ചേനി. പക്ഷേ, ഈ ജനകീയതയൊന്നും തെരഞ്ഞെടുപ്പ് ഗോദയിൽ തുണച്ചില്ല. തെരഞ്ഞെടുപ്പ് വിജയങ്ങളുടെ കാര്യത്തിൽ നിർഭാഗ്യങ്ങളുടെ ആൾരൂപമാണ് സതീശൻ പാച്ചേനി.
1996 ലായിരുന്നു കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായിരുന്ന സതീശൻ പാച്ചേനിയുടെ ആദ്യ തെരഞ്ഞെടുപ്പ് അങ്കം. കണ്ണൂരിലെ സി.പി.എം കോട്ടയായ തളിപ്പറമ്പ് മണ്ഡലത്തിൽ ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോടായിരുന്നു ആദ്യ തോൽവി. രണ്ടാമങ്കം പാലക്കാട് ജില്ലയിലെ മലമ്പുഴയിലായിരുന്നു.
എതിരാളി കമ്യൂണിസ്റ്റ് പാളയത്തിലെ കരുത്തൻ വി.എസ്. അച്യുതാനന്ദൻ. കെ.എസ്.യു പ്രസിഡന്‍റായ സതീശൻ പാച്ചേനിയെ യുവരക്തം എന്ന നിലക്കാണ് കോൺഗ്രസ് അന്ന് മുന്നോട്ടുവെച്ചത്.
പാരലൽ കോളജ് വിദ്യാർഥികളുടെ ബസ് കൺസെഷൻ വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കലെ നിരാഹാര സമരം ഉൾപ്പെടെയുള്ള വിദ്യാർഥി പ്രക്ഷോഭങ്ങളുടെ അലയൊലി പാച്ചേനിയുടെ പ്രചാരണത്തിൽ ഓളം സൃഷ്ടിച്ചു. കണ്ണൂരിൽ നിന്നെത്തിയ പാച്ചേനി ഒരുവേള വി.എസിനെ അട്ടിമറിച്ചേക്കുമെന്നു വരെ പ്രവചനമുണ്ടായി.
4703 വോട്ടിന്‍റെ മാത്രം ഭൂരിപക്ഷത്തിലാണ് അന്ന് വി.എസ് ജയിച്ചുകയറിയത്. സതീശൻ പാച്ചേനി എന്ന നേതാവ് കേരള രാഷ്ട്രീയത്തിൽ മുഖം പതിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. 2006 ൽ വി.എസിനെതിരെ ഒരിക്കൽ കൂടി പാച്ചേനിയെ കോൺഗ്രസ് ഇറക്കിയെങ്കിലും ഫലം നിരാശയായിരുന്നു.
20,017 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ വി.എസ് മുന്നിലെത്തി. 2009ലെ പാര്‍ലമെൻറ് തെരഞ്ഞെടുപ്പിലായിരുന്നു പാച്ചേനിയുടെ അടുത്ത ഭാഗ്യപരീക്ഷണം. എം.ബി. രാജേഷിനെതിരെ 1820 വോട്ടിന്‍റെ നേരിയ വ്യത്യാസത്തിലാണ് അന്ന് പരാജയപ്പെട്ടത്. ശേഷമാണ് പാച്ചേനിയുടെ പാർട്ടി പ്രവർത്തനം കണ്ണൂർ കേന്ദ്രീകരിച്ചായത്.
അഞ്ചാംവട്ടം മത്സരിക്കാൻ കോൺഗ്രസ് പാച്ചേനിക്ക് നൽകിയത് താരതമ്യേന സുരക്ഷിതമായ കണ്ണൂർ നിയമസഭ മണ്ഡലമാണ്. അപ്പോഴും നിർഭാഗ്യം പാച്ചേനിയെ പിന്തുടരുന്നതാണ് കണ്ടത്. 2016ൽ രാമചന്ദ്രൻ കടന്നപ്പള്ളിയോട് 1196 വോട്ടിന് സതീശൻ പാച്ചേനി പരാജയപ്പെട്ടു.
പിന്നാലെ ഡി.സി.സി പ്രസിഡന്‍റായ പാച്ചേനി കണ്ണൂരിൽ ചുവടുറപ്പിച്ച ശേഷമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി രാമചന്ദ്രൻ കടന്നപ്പള്ളിയോട് അങ്കം കുറിച്ചത്. കടന്നപ്പള്ളി 8000 വോട്ടിന് പിന്നിലെന്ന് എൽ.ഡി.എഫ് ജില്ല നേതൃത്വം പോലും വിലയിരുത്തിയ തെരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ 1160 വോട്ടിന് കടന്നപ്പള്ളി ജയിച്ചു.
പാച്ചേനിയുടെ നിർഭാഗ്യം എന്നതിനപ്പുറം കോൺഗ്രസിലെ പാരവെപ്പാണ് അപ്രതീക്ഷിത തോൽവിക്ക് കാരണമായത്. എന്‍റെ നിയോഗം എന്നതിനപ്പുറം ആർക്കെതിരെയും ഒന്നും പറഞ്ഞില്ല പാച്ചേനി. പാർട്ടിയോടുള്ള സമർപ്പണത്തിന്‍റെ വലിയ മാതൃക ബാക്കിയാക്കിയാണ് സതീശൻ പാച്ചേനി വിട പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.