ആർ.എൽ.വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: ആര്‍.എൽ.വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ മോഹിനിയാട്ട നര്‍ത്തകി സത്യഭാമക്ക് നെടുമങ്ങാട് എസ്.സി - എസ്.ടി കോടതി ജാമ്യം അനുവദിച്ചു. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. സമാനമായ കുറ്റം ആവര്‍ത്തിക്കരുതെന്നും കോടതി സത്യഭാമയോട് നിര്‍ദേശിച്ചു. ആര്‍.എൽ.വി രാമകൃഷ്ണനെതിരെ മനഃപൂര്‍വം അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സത്യഭാമ കോടതിയെ അറിയിച്ചു.

പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് നിർദേശിച്ച കോടതി 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തോടെയാണ് ജാമ്യം നൽകിയത്. കറുത്തകുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ്.സി - എസ്.ടി വകുപ്പിന്റെ പരിധിയില്‍ വരുമെന്നും വടക്കേ ഇന്ത്യയില്‍ വെളുത്ത ആളുകളും എസ്.സി - എസ്.ടി വിഭാഗത്തില്‍ ഉണ്ടെന്നും സത്യഭാമക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ബി.എ.ആളൂര്‍ വാദിച്ചു.

സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈകോടതി തള്ളിയിരുന്നു. വിവാദത്തെ തുടര്‍ന്ന് തനിക്ക് വിദ്യാര്‍ഥികളെ നഷ്ടമായെന്നും ജീവിതമാര്‍ഗം വഴിമുട്ടിയെന്നും ഇവര്‍ കോടതിയെ അറിയിച്ചു. ജാമ്യഹരജിയെ പ്രോസിക്യൂഷൻ എതിര്‍ത്തു. വിവാദമായതിനു ശേഷവും മാധ്യമങ്ങളിലൂടെയും മറ്റും സമാനമായ പ്രതികരണം ആവര്‍ത്തിച്ചെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Tags:    
News Summary - Satyabhama granted conditional bail in RLV Ramakrishnan Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.