തൃശൂർ: ഇടപാടുകൾക്ക് സേവന നിരക്ക് ഏർപ്പെടുത്തിയതും ജൂണിൽ വർധിപ്പിച്ചതും ന്യായീകരിച്ച് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ. നിരക്ക് വർധനക്കെതിരെ പ്രതിഷേധം ഉയർന്നത് കേരളത്തിൽനിന്ന് ആയതിനാൽ കേരള പശ്ചാത്തലത്തിലുള്ള താരതമ്യ റിപ്പോർട്ട് തയാറാക്കി. ഒമ്പത് പേജ് റിപ്പോർട്ട് കേരളത്തിലെ ഒാഫിസർമാർക്ക് വിതരണം ചെയ്തിട്ടുണ്ട്.
കനറ, സൗത് ഇന്ത്യൻ, ഫെഡറൽ, കാത്തലിക് സിറിയൻ, െഎ.സി.െഎ.സി.െഎ, എച്ച്.ഡി.എഫ്.സി എന്നിവ കേരളത്തിൽ ഇൗടാക്കുന്ന സേവന നിരക്കുകളുമായി താരതമ്യം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്. മുൻകാലങ്ങളിൽ എസ്.ബി.െഎ യോഗങ്ങളിൽ പഴയ തലമുറ ബാങ്കുകളുമായി താരതമ്യം ചെയ്ത് ഒാഫിസർമാർ സംസാരിച്ചാൽ വിലക്കാറുണ്ടായിരുന്നത്രേ. ഇപ്പോൾ സേവന നിരക്കിനെ ന്യായീകരിക്കാൻ നവസ്വകാര്യ ബാങ്കുകളെ കൂട്ടുപിടിക്കുന്ന എസ്.ബി.െഎ പൊതുമേഖലയുടെ സ്വഭാവഗുണം നഷ്ടപ്പെടുത്തുകയാണെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു.
എസ്.ബി.െഎ ഉൾപ്പെടെ ഏതാനും ബാങ്കുകൾ മിനിമം ബാലൻസില്ലെങ്കിൽ പിഴയും എ.ടി.എം സേവന നിരക്കും ഏർപ്പെടുത്തിയിരുന്നു. പണവും അക്കൗണ്ടും കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സുരക്ഷ ഏർപ്പെടുത്താനും മറ്റും ചെലവേറിയതിനാൽ സൗജന്യ സേവനം പ്രയാസമാണ്. മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴ ഏർപ്പെടുത്തിയപ്പോൾ കേരളത്തിെല കുറെ ഇടപാടുകാർക്ക് ‘ഏമ്പക്ക’മുണ്ടായി. എസ്.ബി.െഎ ഉയർന്ന നിരക്ക് ഇൗടാക്കുന്നുവെന്നായിരുന്നു അവരുടെ വാദം. ഇൗ പശ്ചാത്തലത്തിലാണ് മറ്റ് ബാങ്കുകളുമായി താരതമ്യ പഠനമെന്ന് റിപ്പോർട്ടിലുണ്ട്.
വിദ്യാർഥികൾ, പെൻഷൻകാർ, നിർധന-ദുർബല വിഭാഗക്കാർ എന്നിവർക്ക് എല്ലാ മാസവും ശരാശരി മിനിമം ബാലൻസ് സൂക്ഷിക്കൽ പ്രയാസമാകും. അത്തരക്കാരുടെ മിനിമം ബാലൻസ് ആറ് മാസത്തിൽ ഒരിക്കലോ വർഷത്തിലോ കണക്കാക്കാമെന്ന് നിർദേശമുണ്ട്. ഗ്രാമീണ കർഷകർക്കും ഇത് ബാധകമാക്കാം. സേവിങ്സ് അക്കൗണ്ടിൽനിന്ന് താഴ്ന്ന വരുമാനക്കാരെ മിനിമം ബാലൻസ് ആവശ്യമില്ലാത്ത ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറാൻ പ്രേരിപ്പിക്കണം. പിഴ ഒഴിവാക്കാൻ എത്ര ദിവസം മിനിമം ബാലൻസ് സൂക്ഷിക്കണമെന്നത് വെബ്സൈറ്റിൽ ചേർക്കണം. പണത്തിനു പകരം ഡിജിറ്റൽ ഇടപാടുകൾ നടത്താൻ പരമാവധി പ്രോത്സാഹിപ്പിക്കണം -റിപ്പോർട്ട് തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.