തൃശൂർ: കേരളത്തിൽ "മാധ്യമ "വും ബിസിനസ്-ധനകാര്യ മാധ്യമങ്ങളും പുറത്തുകൊണ്ടുവന്ന സർവിസ് ചാർജ് കൊള്ളക്കെതിരെ പ്രതിഷേധം ജ്വലിച്ചപ്പോൾ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ തിരുത്തുമായി വീണിടത്ത് കിടന്ന് ഉരുളുന്നു. നാടാകെ ഇൗ കൊള്ളച്ചുങ്കത്തിനെതിരെ ഉണർന്നെണീറ്റപ്പോൾ സർക്കുലറിൽ ചില അവ്യക്തതകളും ആശയക്കുഴപ്പവും ഉണ്ടായിട്ടുണ്ടെന്നും അത് തിരുത്തുമെന്നും വ്യക്തമാക്കിയ ബാങ്ക് ഒാരോ എ.ടി.എം ഇടപാടിനും 25 രൂപ സർവിസ് ചാർജ് ചുമത്തുന്ന സർക്കുലർ ഉണ്ടെന്ന് സമ്മതിക്കുന്നു.
വ്യാപകമായി ഉയർന്ന പ്രതിഷേധത്തിെൻറ പശ്ചാത്തലത്തിലാണ് തിരുത്തൽ എന്ന് ബാങ്ക് വ്യക്തമാക്കി. വാക്കാലുള്ള തിരുത്തലിലും അവ്യക്തതയും ആശയക്കുഴപ്പവും തുടരുകയാണ്.
ബുധനാഴ്ചയാണ് എ.ടി.എം സൗജന്യ സേവനം എസ്.ബി.ഐ അവസാനിപ്പിക്കുന്നതായുള്ള നിർേദശം പുറത്തു വന്നത്. ഇത് എസ്.ബി.ഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. സർക്കുലർ ബാങ്ക് ശാഖകളിൽ എത്തിയിട്ടുമില്ല. എന്നാൽ, ജൂൺ ഒന്നു മുതൽ നടപ്പാക്കാൻ ഉദ്ദേശിച്ച് തയാറാക്കിയ സർക്കുലർ ഇന്നലെ ‘മാധ്യമ’ത്തിന് കിട്ടിയിരുന്നു.
അതിൽ പറയുന്നത് അനുസരിച്ച് ഓരോ എ.ടി.എം ഇടപാടിനും ജൂൺ ഒന്നു മുതൽ 25 രൂപ സർവിസ് ചാർജ് ഈടാക്കും. ആ സർക്കുലർ ഉദ്ധരിച്ച് മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്ന എ.ടി.എം സർവിസ് ചാർജിെൻറ കാര്യത്തിൽ മാത്രമാണ് മാറ്റം വരുത്തിയതായി ബാങ്ക് പറയുന്നത്. നിശ്ചിത പരിധിയിൽ അധികമുള്ള മുഷിഞ്ഞ നോട്ടുകൾ മാറ്റാൻ സർവിസ് ചാർജ് ഏർപ്പെടുത്തിയത് ഉൾപ്പെടെയുള്ള നിർദേശങ്ങളും അതിലുണ്ട്.
എന്നാൽ, സാധാരണ എ.ടി.എം സേവനത്തെയല്ല ഉദ്ദേശിച്ചതെന്ന ഇപ്പോഴത്തെ വാദത്തിനും നിരക്കുന്നതല്ല സർക്കുലർ. മാത്രമല്ല, 10,000 രൂപ വരെയുള്ള ഇടപാടുകൾ നടത്തുന്ന ‘അടിസ്ഥാന സേവിങ്ങ്സ് ബാങ്ക്’ നിക്ഷേപകരുടെ എ.ടി.എം സേവനത്തെക്കുറിച്ച് പ്രത്യേകം പറയുന്നുണ്ട്.
എ.ടി.എം അടക്കം മാസത്തിൽ നാല് തവണ സൗജന്യമായി പണം പിൻവലിക്കാമെന്ന് ഇതിൽ വ്യക്തമായി പറയുന്നുണ്ട്. മുഷിഞ്ഞ നോട്ട് മാറാൻ സർവിസ് ചാർജ് ചുമത്തുമെന്ന വാർത്ത നിഷേധിക്കുകയോ നിർദേശം പിൻവലിച്ചതായി പറയുകയോ ചെയ്തിട്ടില്ല. ഫലത്തിൽ, ബാങ്ക് സർവിസ് ചാർജ് ഭേദഗതി ചെയ്യാനുള്ള നിർദേശത്തിൽ തിരുത്തൽ വരുത്താൻ ഇടയുണ്ടെങ്കിലും പൂർണമായി പിൻവലിക്കാൻ സാധ്യതയില്ലെന്നാണ് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.