റോഡരികിലെ മാലിന്യച്ചാക്കുകൾ കാണുമ്പോൾ മൂക്കുപൊത്തുന്നവരാണ് നമ്മൾ. ഇതെല്ലാം കോരിയെടുത്ത് കൊണ്ടുപോകുന്ന ലോറികൾ റോഡിലൂടെ കടന്നുപോകുമ്പോൾ കുറച്ചുനേരം മാറിനിൽക്കും. വാഹനത്തിലാണ് നമ്മളെങ്കിൽ അൽപം അകലം പാലിക്കും. വിവിധയിടങ്ങളിൽനിന്ന് ശേഖരിക്കുന്ന ഈ മാലിന്യമെല്ലാം നിക്ഷേപിക്കുന്ന ട്രഞ്ചിങ് ഗ്രൗണ്ടുകളുടെ സ്ഥിതി എന്തെന്ന് പറയേണ്ടതുമില്ല. ആ ഭാഗത്തുകൂടി പോവാതിരിക്കാൻ പരമാവധി ശ്രമിക്കും. നമുക്ക് വെറും വേസ്റ്റായ ഈ മാലിന്യക്കൂമ്പാരങ്ങളിലാണ് പലരുടെയും കണ്ണ്. കോടികളുടെ ഇടപാടുകളാണ് മാലിന്യ സംസ്കരണത്തിന്റെ പേരിൽ നാട്ടിൽ നടക്കുന്നത്. കടലാസ് കമ്പനികളുണ്ടാക്കി വരെ വ്യത്യസ്ത പേരുകളിൽ ടെൻഡറിൽ പങ്കെടുത്തൊക്കെയാണ് മാലിന്യ സംസ്കരണ കരാർ നേടിയെടുക്കുന്നത്. കെട്ടിക്കിടക്കുന്ന മാലിന്യം വേർതിരിച്ച് പ്ലാസ്റ്റിക് സംസ്കരണ യൂനിറ്റുകളിലേക്ക് മാറ്റുമെന്നൊക്കെയാണ് കരാർ. ശരിക്കും എന്താണ് കരാർ കമ്പനികൾ ചെയ്യുന്നത്. എത്ര കോടികളുടെ ഇടപാടുകളാണ് ഇതിനു പിന്നിൽ. അടിക്കടി മാലിന്യക്കൂനക്ക് തീയിടുന്നതാര്. ഇത്തരം കാര്യങ്ങളിലേക്ക് ‘മാധ്യമം’ നടത്തുന്ന അന്വേഷണം ഇന്നു മുതൽ...
ബ്രഹ്മപുരം ഖരമാലിന്യകേന്ദ്രത്തിന് തീപിടിച്ചപ്പോൾ മാലിന്യം കൂട്ടിയിട്ട സകല കേന്ദ്രങ്ങളിലും പരിശോധക സംഘമെത്തി. കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലും പരിശോധനക്ക് ആളെത്തി. ഇക്കഴിഞ്ഞ മാർച്ച് എട്ടിന് ചീഫ് എൻവയൺമെന്റൽ എൻജിനീയർ സിന്ധു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് സംഘം പ്ലാന്റ് സന്ദർശിച്ചശേഷം പൂർണ സംതൃപ്തി പ്രകടിപ്പിച്ചു.
ബ്രഹ്മപുരം പോലെയൊന്നുമല്ല കണ്ണൂരിൽ ഒരു പ്രശ്ന സാധ്യതയുമില്ലെന്ന ഗുഡ് സർട്ടിഫിക്കറ്റായിരുന്നു അത്. ഇവരുടെ സന്ദർശന ശേഷം ഒന്ന് രണ്ട് തവണ ചെറിയ തോതിൽ മാലിന്യക്കൂമ്പാരത്തിൽ തീപടർന്നു. കത്തുന്ന ചൂട് തുടങ്ങിയ വിശേഷണമുള്ളതിനാൽ വലിയ പ്രശ്നങ്ങളില്ലാതെ ആ തീകെട്ടടങ്ങി. ഇടക്കിടെ വേനൽമഴ പെയ്യുന്ന വേളയിലിത വീണ്ടും മാലിന്യകൂമ്പാരത്തിന് തീപിടിക്കുന്നു. അതും നാടാകെ ഉറങ്ങിക്കിടക്കുന്ന പുലർച്ച നാലിന്.
സംസ്കരിക്കാനായി കൊണ്ടു വന്ന പ്ലാസ്റ്റിക് ഉൾപ്പടെയുള്ള വൻ മാലിന്യക്കൂമ്പാരത്തിനാണ് തീപടർന്നത്. മാസങ്ങളായി കൊണ്ടു തള്ളിയ മാലിന്യമെല്ലാം കത്തിയമർന്നു. പത്തേക്കറോളം വ്യാപിച്ചുകിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് മുഴുവൻ തീപടർന്നിരുന്നുവെങ്കിൽ മറ്റൊരു ബ്രഹ്മപുരമാവുമായിരുന്നു കണ്ണൂരും. പുലർച്ച നാലിനുണ്ടായ തീപിടിത്തമായതിനാൽ സൂര്യകിരണങ്ങളെ വല്ലാതെ പഴിക്കാനും പറ്റില്ല. മാലിന്യ സംസ്കരണത്തിന്റെ ഒരു ഭാഗമായാണ് തീപിടിത്തത്തെയും നാട്ടുകാർ കാണുന്നത്. കാരണം അത്ര വലിയ സംസ്കരണമൊന്നും നടക്കുന്നില്ലെന്നതാണ് അട്ടിമറി സംശയം ബലപ്പെടുത്തുന്നത്.
ഇങ്ങനെയാണ് മാലിന്യ സംസ്കരണം
നാട്ടിൽ കൂട്ടിയിട്ട മാലിന്യമെല്ലാം ശേഖരിച്ച് മാലിന്യ സംസ്കരണ യൂനിറ്റിലെത്തിക്കുന്നു. ഇവ വേർതിരിച്ച് ചിലത് വളമാക്കുമെന്നും പ്ലാസ്റ്റിക്കെല്ലാം കഴുകി വൃത്തിയാക്കി പ്ലാസ്റ്റിക് ഉൽപന്ന ഫാക്ടറികളിലേക്ക് അയക്കുമെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെ പറയുമെങ്കിലും കെട്ടിക്കിടക്കുന്ന മാലിന്യം നീക്കി വേർതിരിക്കുകയെന്ന ജോലിയാണ് കരാർ കമ്പനികൾ പ്രധാനമായും ചെയ്യുന്നത്. ചേലോറയിലെ പ്ലാന്റിൽ പതിറ്റാണ്ടുകളായി കൂട്ടിയിട്ട മാലിന്യം നീക്കുകയെന്ന കരാറാണ് കമ്പനി ഏറ്റെടുത്തത്.
പത്തേക്കളോളം വ്യാപിച്ചു കിടക്കുന്ന ട്രഞ്ചിങ് ഗ്രൗണ്ടിൽ അഞ്ചുപതിറ്റാണ്ടിലധികം കാലത്തെ മാലിന്യമുണ്ട്. ആദ്യമായാണ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ഇവിടെ ഒരു കമ്പനി എത്തുന്നത്.
പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് സംസ്കരണ രീതി. ഹരിതകർമ സേനയും മറ്റും ശേഖരിച്ച് എത്തിക്കുന്ന മാലിന്യത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളത് വേർതിരിക്കുന്നതാണ് ആദ്യ ഘട്ടം. ട്രോമൽ മെഷീൻ ഉപയോഗിച്ച് മാലിന്യത്തിലെ മണ്ണ് വേർതിരിക്കുന്നതാണ് രണ്ടാമത്തെ ഘട്ടം. വേർതിരിച്ച പ്ലാസ്റ്റിക് കഴുകി വൃത്തിയാക്കി പ്രത്യേക ചാക്കുകളിലാക്കി ബാംഗൂളൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ പ്ലാസ്റ്റിക് ഉൽപന്ന നിർമാണ യൂനിറ്റുകളിലേക്ക് എത്തിക്കുന്നതാണ് മൂന്നാംഘട്ടം. ഇതിനായി രാവിലെ ആറു മുതൽ രാത്രി 12വരെ രണ്ടു ഷിഫ്റ്റുകളിലായി ഏഴ് ജീവനക്കാരും ചേലോറയിൽ ജോലി ചെയ്യുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.