തൃശൂർ: സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്ന പാചക തൊഴിലാളികൾക്ക് ഇത് വേതനം ലഭിക്കാത്ത കാലം. അധ്യയന വർഷത്തിലെ ആദ്യപാദം തന്നെ വേതനം നൽകുന്നതിൽ പലകുറി വീഴ്ചയാണ് സർക്കാർ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. ജൂൺ, ജൂലൈ മാസങ്ങളിലെ വേതനം ഏറെ വൈകിയാണേലും കിട്ടി. ആഗസ്റ്റിലെ വേതനം പകുതിയാണ് നൽകിയിട്ടുള്ളത്.
ശരാശരി 22 പ്രവൃത്തിദിനം ലഭിക്കുന്ന തൊഴിലാളിയുടെ ദിവസ വേതനം 600 രൂപയാണ്. ഇതനുസരിച്ച് 22 ദിവസത്തിന് 13,200 രൂപയാണ് പ്രതിമാസം ലഭിക്കേണ്ടത്. അതേസമയം ആഗസ്റ്റിൽ 6000 രൂപയാണ് നൽകിയത്. ആഗസ്റ്റിൽ ഏകദേശം 15 പ്രവൃത്തിദിനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ബാക്കി 3000 രൂപയോളം സംസ്ഥാനത്തെ പതിനായിരത്തിലധികം വരുന്ന സ്കൂൾ പാചകത്തൊഴിലാളികൾക്ക് നൽകാനുണ്ട്. ഇതുകൂടാതെ സെപ്റ്റംബറിലെ വേതനവും ഇതുവരെ നൽകിയിട്ടില്ല. സാധാരണ കഴിഞ്ഞ മാസത്തെ വേതനം അടുത്ത പത്തിനകം നൽകുന്ന പ്രവണതയും ഈ അധ്യയന വർഷം മുതൽ ഇല്ലാതായി.
മാത്രമല്ല അവധി മാസങ്ങളിൽ നൽകിയിരുന്ന രണ്ടായിരം രൂപ രണ്ടു വർഷമായി നൽകിയിട്ടില്ല. കഴിഞ്ഞ പിണറായി സർക്കാറിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രഫ. സി. രവീന്ദ്രനാഥാണ് തുക നൽകുന്നതിന് തുടക്കമിട്ടത്. പാചക തൊഴിലാളികളുടെ സമരങ്ങളുടെ ഭാഗമായി സെപ്റ്റംബർ 24ന് കഴിഞ്ഞ അധ്യയന വർഷത്തിലെ അവധിക്കാല തുക നൽകാൻ ഉത്തരവ് പറപ്പെടുവിച്ചെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ചുരുക്കി പറഞ്ഞാൽ ആഗസ്റ്റിലെ ബാക്കിയും സെപ്റ്റംബറിലെ വേതനവും എപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാല വേതനവും അടക്കം വലിയ തുകയാണ് നൽകാനുള്ളത്.
അരിയും പാചകവാതക തൊഴിലാളികളുടെ വേതനവും വിദ്യാഭ്യാസ വകുപ്പാണ് സ്കൂളുകൾക്ക് നൽകുന്നത്. ബാക്കി തുക സർക്കാറുമാണ് വഹിക്കുന്നത്. കേന്ദ്രസർക്കാർ ഫണ്ട് നൽകുന്നില്ലെന്ന വാദമാണ് സംസ്ഥാന സർക്കാർ നിരത്തുന്നത്. അതേസമയം കേന്ദ്രം 600 രൂപയാണ് പാചക തൊഴിലാളികൾക്ക് പ്രതിമാസം നൽകുന്ന വേതനമെങ്കിൽ കേരളത്തിൽ പ്രതിദിന വേതനമാണ് 600 രൂപ. അങ്ങനെ വരുമ്പോൾ കേന്ദ്രത്തിന്റെ 600 രൂപ ലഭിക്കാത്തതാണോ തങ്ങളുടെ വേതനം തടയാൻ കാരണം എന്നാണ് പാചക തൊഴിലാളികൾ ചോദിക്കുന്നത്. സർക്കാറിന്റെ നിഷേധാത്മക സമീപനത്തിന് എതിരെ സ്കൂൾ പാചക തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) അടക്കം സംഘടനകൾ സമരമുഖത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.