തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവിനത്തിൽ സ്കൂളുകൾക്ക് നൽകേണ്ട തുക കുടിശ്ശികയായിട്ട് രണ്ടരമാസം. ആഗസ്റ്റ് വരെയുള്ള ഫണ്ട് കോടതിയുടെ ഇടപെടൽ മൂലമാണ് സർക്കാർ വിതരണം ചെയ്തത്. സെപ്റ്റംബറിൽ കുറച്ച്തുക അനുവദിച്ചെങ്കിലും ഒക്ടോബർ, നവംബർ മാസങ്ങളിൽ ഫണ്ട് അനുവദിച്ചിട്ടില്ല. ഇതോടൊപ്പം പോഷകാഹാര പദ്ധതിയായ മുട്ട, പാൽ വിതരണത്തിന്റെ തുകയും നൽകിയിട്ടില്ല. പ്രധാനാധ്യാപകർ കടം വാങ്ങിയൊക്കെയാണ് പോഷകാഹാര പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനവും രണ്ട് മാസമായി മുടങ്ങിയിരിക്കുകയാണ്. പാചകത്തൊഴിലാളികൾക്ക് സെപ്റ്റംബറിലെ വേതനം ആയിരം രൂപ കുറച്ചാണ് അനുവദിച്ചത്. കുടിശ്ശിക നൽകാൻ നടപടിയുമായില്ല. പ്രധാനാധ്യാപകർ നൽകിയ അഡ്വാൻസ് മാത്രമാണ് അവരുടെ ഏക ആശ്വാസം.
ഉച്ചഭക്ഷണ പദ്ധതിയുടെ സെപ്റ്റംബറിലെ തുകയിൽ സംസ്ഥാന വിഹിതമായ 40 ശതമാനം മാത്രമാണ് സ്കൂളുകൾക്ക് നൽകിയത്. കേന്ദ്ര വിഹിതമായ 60 ശതമാനം നൽകിയിട്ടില്ല. സംസ്ഥാന സർക്കാർ ഇതുവരെയുള്ള യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കൊടുക്കുകയോ കണക്കുകൾ സമർപ്പിക്കുകയോ ചെയ്യാത്തതിനാലാണ് കേന്ദ്രം തുക അനുവദിക്കാത്തതെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന മറുപടി.
പ്രധാനാധ്യാപകരെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ഫയൽ ചെയ്ത കേസിന്റെ അന്തിമ വിചാരണ ബുധനാഴ്ച തുടങ്ങും. കഴിഞ്ഞമാസം 26ന് വാദം നടക്കേണ്ടിയിരുന്ന കേസ് സംസ്ഥാന സർക്കാറിന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.