സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പാചക ചെലവ് പുതുക്കി; പ്രതിഷേധവുമായി പ്രഥമാധ്യാപക സംഘടനകൾ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പാചക ചെലവ് പുതുക്കി; പ്രതിഷേധവുമായി പ്രഥമാധ്യാപക സംഘടനകൾ

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. എൽ.പി വിഭാഗത്തിന്‌ കുട്ടിയൊന്നിന്‌ 6.19 രൂപയായും യു.പി വിഭാഗത്തിന്‌ കുട്ടിയൊന്നിന്‌ 9.19 രൂപയായുമാണ്‌ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്‌. എൽ.പി വിഭാഗത്തിൽ കുട്ടിയൊന്നിന്‌ ആറ് രൂപയായിരുന്നതാണ്‌ 19 പൈസ വർധിപ്പിച്ചത്‌. യു.പി വിഭാഗത്തിന് 8.17 രൂപയായിരുന്നു.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക ചെലവിനത്തിൽ സ്കൂളുകൾക്ക് അനുവദിക്കുന്ന സപ്ലിമെന്ററി ന്യൂട്രിഷൻ പരിപാടി ഒഴികെയുള്ള തുക (മെറ്റീരിയൽ കോസ്റ്റ്‌) യിലാണ്‌ മാറ്റം. മെറ്റീരിയൽ കോസ്റ്റിന്റെ കേന്ദ്ര, സംസ്ഥാന മാൻഡേറ്ററി നിരക്കുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടുത്തിടെ പരിഷ്‌കരിച്ചതിനെ തുടർന്നാണ്‌ നിരക്കുകൾ പുതുക്കാൻ സംസ്ഥാനം തീരുമാനിച്ചത്‌. എൽ.പി വിഭാഗത്തിന്റെ 6.19 രൂപയിൽ 3.71 രൂപ കേന്ദ്ര വിഹിതവും 2.48 സംസ്ഥാന വിഹിതവുമാണ്‌. യു.പി വിഭാഗത്തിന്റെ 9.19 രൂപയിൽ 5.57 രൂപ കേന്ദ്ര വിഹിതമായി ലഭിക്കും. സംസ്ഥാനം നൽകുന്നത്‌ 3.72 രൂപയാണ്‌.

എന്നാൽ, ഉച്ചഭക്ഷണ തുക വകയിരുത്തുന്നതിൽ എൽ.പി, യു.പി ക്ലാസുകളിൽ വ്യത്യസ്‌ത തുക അനുവദിക്കുന്നതിനെതിരെ കേരള ഗവൺമെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തുടങ്ങിയ പ്രഥമാധ്യാപക സംഘടനകൾ രംഗത്തെത്തി. തുകയിൽ വിവേചനം തുടരുന്നത്‌ അശാസ്‌ത്രീയമാണെന്നാണ്‌ ഇവർ അഭിപ്രായപ്പെടുന്നത്‌. ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ, പല വ്യഞ്ജനങ്ങൾ, ഗ്യാസ് തുടങ്ങിയവക്കുള്ള തുകയാണ് സർക്കാർ അനുവദിക്കുന്നത്.

യാഥാർഥ്യങ്ങൾ അറിയാത്ത ഉദ്യോഗസ്ഥരാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്നും സംഘടനകൾ ആരോപിക്കുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ ആഹാരം കഴിക്കുന്നത്‌ എൽ.പി വിഭാഗത്തിലാണ്‌. അത്തരം സ്‌കൂളുകൾക്ക്‌ വെറും 19 പൈസയുടെ മാത്രം വർധന നീതീകരിക്കാനാവില്ല. സപ്ലിമെന്ററി ന്യൂട്രിഷൻ പരിപാടി ഒഴിവാക്കി നേരത്തെയുണ്ടായിരുന്ന എട്ടുരൂപ നിലനിർത്തിത്തരണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവെക്കുന്നുണ്ട്‌.

Tags:    
News Summary - School Lunch Scheme: Cooking cost revised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.