കൊച്ചി: ആഞ്ഞടിക്കുന്ന തിരമാലകളുടെ രൗദ്രഭാവം കാണാൻ തീരത്തേക്ക് പോകേണ്ടതില്ല. കണ്ണമാലി ചെറിയകടവിലെ അത്തിപ്പൊഴി വീട്ടിൽ സോണിയുടെ വീടിനുള്ളിൽ കയറിയാൽ മതിയാകും. അടുക്കളയും കിടപ്പുമുറിയും അടിത്തറയിളകിയ ഭിത്തി മാത്രമായി അവിടെ അവശേഷിക്കുന്നു. കൈയിലുള്ള സമ്പാദ്യമെല്ലാം ചേർത്ത് കടംവാങ്ങി നിർമിച്ച സ്വപ്നവീടാണ് ഏതാനും ദിവസംമുമ്പ് കടലെടുത്തത്.
കിഴക്ക് ഭാഗത്തെ സിറ്റൗട്ടിലൂടെ പ്രവേശിച്ച് ഹാളിലെത്തി നോക്കിയാൽ അടുക്കളയും കിടപ്പുമുറിയും ശൗചാലയവും പടിക്കെട്ടുകളും ഉണ്ടായിരുന്ന ഭാഗത്തേക്ക് ശക്തിയായി പതിക്കുന്ന തിരമാലകൾ കാണാം. ആർത്തിരമ്പിയെത്തുന്ന കടൽവെള്ളം, തകർന്നുകിടക്കുന്ന കല്ലുകളിൽ പതിച്ച് അകത്തേക്ക് തെറിച്ചുവരുന്നത് ഭീതിപ്പെടുത്തുന്ന കാഴ്ചയാണ്.
കയൽകയറ്റ സമയത്ത് അടിത്തറയിളകി ഒഴുകിയപ്പോൾ വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ‘‘പണം പലിശക്കെടുത്ത് പണിത വീടാണ്, തിരിച്ചടവ് തീരുംമുമ്പേ എല്ലാം നഷ്ടമായി’’ -കുടുംബാംഗങ്ങൾ കണ്ണീരോടെ പറഞ്ഞു. മത്സ്യത്തൊഴിലാളികളായ തങ്ങൾക്ക് കടലിൽ പണിക്കും പോകാൻ കഴിയുന്നില്ല.
വീട് പുനർനിർമിച്ച് നൽകണമെന്നതാണ് ആവശ്യം. ചെല്ലാനത്തേതുപോലെ ശക്തമായ കടൽഭിത്തി ഇവിടെയും യാഥാർഥ്യമാക്കണം. പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഇവിടെനിന്ന് മാറാൻ ആവശ്യപ്പെടുന്ന അധികാരികളുണ്ട്. അതുകൊണ്ട് എവിടെയെങ്കിലും സ്ഥലം വാങ്ങി വീട് നിർമിച്ച് താമസിക്കാനാകുമോയെന്നും അവർ ചോദിച്ചു.
40ലധികം കുടുംബങ്ങളെയാണ് പ്രദേശത്ത് കടൽകയറ്റം ശക്തമായി ബാധിക്കുന്നത്. ചെല്ലാനത്ത് ടെട്രാപോഡ് കടൽഭിത്തി നിർമിച്ചതിലൂടെ കടൽകയറ്റ പ്രശ്നങ്ങൾക്ക് അവിടെ പരിഹാരമായി. പുത്തൻതോട് മുതൽ കാട്ടിപ്പറമ്പ് വരെയുള്ള എട്ട് കിലോമീറ്ററോളം പ്രദേശത്താണ് നിലവിൽ കടൽക്ഷോഭദുരിതം വ്യാപകമായത്. ചെല്ലാനം മുതൽ ചെറിയകടവ് വരെ പൂർണമായി കടൽഭിത്തി യാഥാർഥ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ആഞ്ഞടിച്ചെത്തിയ തിരമാലകൾ ആരും ആശ്രയമില്ലാത്ത രാധയെന്ന വയോധികയുടെ വീട്ടിനുള്ളിലൂടെയാണ് കടന്നുപോയത്. സാധ്യമാകുന്ന വീട്ടുപകരണങ്ങളൊക്കെയെടുത്ത് കട്ടിലിന് മുകളിൽ വെച്ചു. ആരാരും തുണയില്ലാതെ കഴിയുന്ന അവർക്ക് ദൈവത്തെ വിളിച്ച് പ്രാർഥിക്കാനേ കഴിയുന്നുള്ളൂ.
തകർന്നുവീഴാറായ കുഞ്ഞുവീടിനുള്ളിൽ വിധിയോട് പടവെട്ടുകയാണ് രാധ. ഭർത്താവ് ശ്രീനിവാസന് പിന്നാലെ രണ്ട് മക്കളും അകാലത്തിൽ പൊലിഞ്ഞു. കരകയറാനാകാത്ത സങ്കടത്തിൽ ജീവിതം മുന്നോട്ടുനീക്കാൻ പാടുപെടുമ്പോഴാണ് കടൽവെള്ളം വീടിനകത്തേക്കെത്തുന്നത്. വർഷങ്ങൾക്കുമുമ്പെ ഭർത്താവ് മരണപ്പെട്ടതാണ്. സാഹചര്യങ്ങളോട് പൊരുതി വളർത്തിയ മക്കൾ പ്രാപ്തരായപ്പോഴാണ് അവരുടെ വിയോഗമുണ്ടായത്.
വൃക്കരോഗം ബാധിച്ചാണ് മൂത്തമകൻ ശ്രീകേഷ് മരണപ്പെട്ടത്. കോവിഡ് കാലത്ത് ശ്വാസംമുട്ടലിനെ തുടർന്ന് രണ്ടാമത്തെ മകൻ ശ്രീകാന്തും മരിച്ചു. കടൽകയറ്റത്തിൽ വീടിനുള്ളിൽ വെള്ളവും മണ്ണും അടിച്ചുകയറിയത് നോക്കി ‘‘എല്ലാം പോയി, ആരുമില്ല നോക്കാനെ’’ന്ന് വിലപിക്കുകയാണ് അവർ.
നാലടിയോളം മണൽ നിറഞ്ഞ വീടിനുള്ളിൽ കഴിയുകയാണ് കിഴക്കേവീട്ടിൽ ജോണിയും കുടുംബവും. ജോലിക്കിടെയുണ്ടായ അപകടത്തിൽ കാലിന് പരിക്കേറ്റ ജോണിക്ക് നടക്കുന്നതിന് ശാരീരിക പ്രയാസമുണ്ട്. ഇതിനിടയിലാണ് കടൽകയറ്റത്തിന്റെ ദുരിതവും പേറേണ്ടിവരുന്നത്.
ബ്രെയിൻ ട്യൂമർ ബാധിതനായി ചികിത്സയിൽ കഴിയുന്ന പറയകാട്ടിൽ ലോറൻസിന്റെ വീട്ടിലും വെള്ളം കയറി. ഭാര്യ വീട്ടുജോലിക്ക് പോയിക്കിട്ടുന്ന വരുമാനംകൊണ്ട് ജീവിതം മുന്നോട്ട് നീക്കുന്ന കുടുംബത്തിന് ഈ ദുരിതം വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
കടൽകയറ്റ സമയത്ത് വലിയ ഉയരത്തിലാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്. വീടിനുള്ളിൽ മണ്ണ് നിറയുന്നു. ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ സാമഗ്രികളെല്ലാം ഉപയോഗ ശൂന്യമാകുന്ന സ്ഥിതി. കഴിഞ്ഞ വർഷമുണ്ടായ കടൽകയറ്റത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുവേണ്ടി രണ്ടുലക്ഷം രൂപയോളം ചെലവ് വന്നുവെന്ന് ചെറിയകടവ് പുളിയാമ്പള്ളിൽ വീട്ടിൽ പീറ്റർ പറഞ്ഞു.
ബന്ധുക്കളുടെ വീട്ടിലേക്ക് കുടുംബത്തെ മാറ്റുകയാണ്. കൈക്കുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തിന് എങ്ങനെ ഇവിടെ അതിജീവിക്കാൻ കഴിയും. വീട്ടുസാധനങ്ങളൊക്കെ അകത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വീടിന്റെ ശൗചാലയം പൊളിഞ്ഞുവീണത് ചൂണ്ടിക്കാട്ടുമ്പോൾ കുരിശിങ്കൽ ആൻറണിയുടെ മുഖത്ത് ആശങ്ക നിഴലിച്ചു. ഇനിയും ഇതേ അവസ്ഥ തുടർന്നാൽ എന്താകും ഭാവിയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ഈ വെള്ളമൊഴുകുന്നത് വഴിയോ തോടോ അല്ല, ഇക്കഴിഞ്ഞ ദിവസങ്ങളിൽ വെള്ളംകയറി രൂപപ്പെട്ട ചാലുകളാണ് -വീടിന് സമീപത്തു കൂടെ ഒഴുകുന്ന കടൽവെള്ളത്തിലേക്ക് വിരൽ ചൂണ്ടി അദ്ദേഹം പറഞ്ഞു. പ്രദേശത്തെ അഞ്ച് വീടുകൾ വലിയതോതിൽ തകർച്ച നേരിടുന്നുണ്ട്. 25 വർഷത്തിലധികമായി കടൽഭിത്തിയുടെ അറ്റകുറ്റപ്പണിയൊന്നും നടന്നിട്ടില്ലെന്നും പ്രദേശവാസികൾ വ്യക്തമാക്കി. ഓരോ വർഷവും വീടുപണി നടത്തേണ്ട സ്ഥിതിയാണെന്ന് കാളിപ്പറമ്പിൽ വീട്ടിൽ ആൻറണി പറഞ്ഞു.
വലിയ മൺകൂനകളാണ് കടൽകയറ്റത്തിൽ വീടുകൾക്ക് മുന്നിലും വഴിയിലും രൂപപ്പെട്ടത്. റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി. മണൽ കോരിമാറ്റുന്ന കാര്യത്തിൽ അധികൃതരിൽനിന്ന് നടപടികളുണ്ടാകുന്നില്ലെന്ന് തിരിച്ചറിഞ്ഞ് നാട്ടുകാർ സ്വയം ഇടപെടലുമായി രംഗത്തിറങ്ങി. കണ്ണമാലി പ്രദേശത്ത് അടിഞ്ഞുകൂടിയ മൺകൂനകൾ സുമനസ്സുകളുടെ സഹായത്തോടെ ജെ.സി.ബി എത്തിച്ച് നീക്കംചെയ്തു.
പ്രദേശത്തെ നിരവധി വീടുകൾക്ക് കടൽക്ഷോഭത്തിൽ വിള്ളലുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസിയായ ഷേർളി പറഞ്ഞു. ഇനിയും ദുരിതാശ്വാസ ക്യാമ്പിൽ പോകാൻ കഴിയില്ലെന്നും അവർ പറയുന്നു. കടൽഭിത്തി നിർമിക്കാൻ ഫണ്ട് അപര്യാപ്തതയാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മുമ്പ് 400ഓളം ജിയോബാഗുകൾ വില്ലേജ് ഓഫിസിൽ എത്തിച്ചിരുന്നു. ഇത് തീരത്ത് സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. അതിനാൽ നാട്ടുകാർ സ്വന്തം ചെലവിൽ ജിയോബാഗ് സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്ന് പ്രദേശവാസിയായ പീറ്റർ വ്യക്തമാക്കി.
(തുടരും...)
നാളെ- കടൽതിരകളെ പിടിച്ചുകെട്ടിയ ചെല്ലാനം ‘മോഡൽ’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.